വനിത 1970 ൽ ഓണപ്പതിപ്പിന്‍റെ കവർ ചിത്രമായിരുന്നോ ഇത്..?

കൗതുകം

വിവരണം 

Shaji Sivaraman‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചെങ്ങന്നൂർ നാട്ടുകൂട്ടം എന്ന ഗ്രൂപ്പിലേയ്ക്ക് 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 1970 സെപ്റ്റംബർ 1-14 ന്റെ വനിതയുടെ കവർ ചിത്രമാണ് പോസ്റ്റിൽ നല്കിയിട്ടിക്കുന്നത്. അനശ്വരനടൻ പ്രേംനസീറും ഒപ്പം പഴയകാല സിനിമാനടികളും ഒത്തു ചേർന്നുള്ള ഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പണ്ട് പണ്ട് ഒരു ഓണക്കാലത്ത് ❣️❣️” എന്ന അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്. 

archived linkFB post

ഓണക്കാലത്ത് എല്ലാ മാഗസിനുകളും ആകർഷകമായ രീതിയിൽ കവർ പേജുകൾ തയ്യാറാക്കുക പതിവാണ്.വനിത 1970 ൽ അക്കാലത്തെ സിനിമക്കാരുടെ ചിത്രം കവർ പേജായി ഓണക്കാലത്ത് പ്രസിദ്ധീകരിച്ചോ..? നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഈ ചിത്രത്തെ കുറിച്ചറിയാൻ ഞങ്ങൾ വനിതയുടെ വെബ്‌സൈറ്റ് എടുത്തു പരിശോധിച്ചു. അതിൽ നിന്നും ഇത്തവണ അതായത് 2019 ഓണപ്പതിപ്പ് സെപ്റ്റംബർ 1-14 ന്‍റെ കവർ ചിത്രം യുവനടൻ ടോവിനോ തോമസും കാമ്പസില്‍ നിന്നുള്ള ഏതാനും പെൺകുട്ടികളും ചേർന്നുള്ള ചിത്രമാണ്. 

അതെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ടോവിനോ തോമസിന് പകരം പ്രേം നസീറിന്റെ മുഖവും  പെൺകുട്ടികളുടെ മുഖത്തിന്‍റെ സ്ഥാനത്ത് പഴയകാല സിനിമാനടികളുടെ മുഖവും ചേർത്ത് എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വനിതയുടെ ഇപ്പോഴത്തെ വില തന്നെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌ എന്ന് കാണാം.  

വനിതാ ആദ്യമായി പുറത്തിറക്കിയത് 1975 ലാണെന്ന് വിക്കിപീഡിയ പറയുന്നു.

archived link

വനിതയുടെ വെബ്‌സൈറ്റിലും ഇതേ വിവരം ലഭ്യമാണ്. 

archived link

കൂടുതല്‍ വിവരങള്‍ അറിയാന്‍ ഞങ്ങള്‍ വനിതയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. “ഇത്തരത്തില്‍ ഏതാനും വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ ഞങ്ങള്‍ ഒന്നിനുമെതിരെ നിയമനടപടിക്ക് ഒരുങ്ങിയിട്ടില്ല. ഈ പോസ്റ്റ് മാത്രമല്ല, വേറെയും ചിലത് കണ്ടിരുന്നു. വെറും ഒരു പരിഹാസം എന്ന നിലയില്‍ തള്ളിക്കളയുന്നു.ഞങ്ങളുടെ പുതിയ കവര്‍ പേജിന്‍റെ ഫോട്ടോഷോപ്പാണിത്.” 

വനിതയുടെ 2019 ലെ ഓണപ്പതിപ്പ് ഫോട്ടോഷോപ്പ് ചെയ്തു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. യഥാർത്ഥ ചിത്രം മറ്റൊന്നാണ്. 1970 ൽ അല്ല, 1975 ലാണ് വനിതയുടെ ആദ്യലക്കം തന്നെ പുറത്തിറങ്ങിയത്. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു 

Avatar

Title:വനിത 1970 ൽ ഓണപ്പതിപ്പിന്‍റെ കവർ ചിത്രമായിരുന്നോ ഇത്..?

Fact Check By: Vasuki S 

Result: False