കേരളം വരണ്ട് ഉണങ്ങാന്‍ ഇനി 28 ദിവസം മാത്രമോ?

സാമൂഹികം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

കേരളത്തില്‍ കനത്ത ചൂടും അതോടൊപ്പം വരള്‍ച്ചയും കനത്ത് വരുകയാണ്. വേനലിന്‍റെ തീവ്രത വര്‍ദ്ധിക്കുന്നതോടെ സ്വാഭാവികമായും ജല ദൗര്‍ലഭ്യം പോലുള്ള ബുദ്ധിമുട്ടുകളെ വലിയ പ്രതിസന്ധികള്‍ക്കും കാരണമാകും. എന്നാല്‍ ഇതെല്ലാം സാധാരണയായി വേനല്‍ കാലത്ത് നാം അനുഭവിച്ചറിയുന്നതാണ്. ഈ വര്‍ഷംവേനലിന്‍റെ തീവ്രത വര്‍ദ്ധിക്കാന്‍ സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അറയിച്ചിരുന്നു. എന്നിരുന്നാലും വേനല്‍ കടക്കുന്നതനുസരിച്ച് ജനങ്ങളും തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ മാറി മറിയുമെന്നും ഇനിയുള്ള 28 ദിവസങ്ങള്‍ക്ക് ശേഷം ജലാശയങ്ങള്‍ വറ്റി വരളുമെന്നും ഡാമുകള്‍ വറ്റാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ജല ദൗര്‍ലഭ്യത്താല്‍ മരണങ്ങള്‍ സംഭവിക്കുമെന്നും ഒക്കെയുള്ള തരത്തില്‍ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ദ് ന്യൂസ് വാലറ്റ് എന്നയൊരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ഫേസ്ബുക്ക് പേജില്‍ അവര്‍ ഈ സന്ദേശം അതേപടി വായിച്ച് വീഡിയോയായിട്ടാണ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. അയ്യായിരത്തിലധികം ലൈക്കുകളുള്ള ഒരു പോര്‍ട്ടലാണിത്. ഇതുകൂടാതെ സേതുമാധവന്‍ എന്നൊരു വ്യക്തിയും ഇത് മാര്‍ച്ച് 19ന് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 13 ഷെയറുകളും ഇതുവരെ ലഭിച്ചു കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പാണെന്നും ഭൂജല വകുപ്പിന്‍റെ അറിയിപ്പുണ്ടെന്നുമൊക്കെ പറഞ്ഞാണ് സന്ദേശം വിശ്വാസയോഗ്യമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വസ്തുതാപരമാണോ എന്നത് പരിശോധിക്കാം.

Archived Link

Archived Link

വസ്തുത വിശകലനം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തങ്ങളുടെ അറിയിപ്പ് എന്ന നിലയില്‍ പ്രചരിക്കുന്ന സന്ദേശത്തെ പൂര്‍ണമായും തള്ളിക്കളിഞ്ഞിരിക്കുകയാണ്. മാത്രമല്ല അവരുടെ വ്യക്തമായ വിശദീകരണവും ഫേസ്ബുക്ക് പോസ്റ്റിലൂടെ മാര്‍ച്ച് 18നു പബ്ലിഷ് ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയെ ഉദ്ധരിച്ച് ഇത്തരം സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം –

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഉദ്ധരിച്ചു കൊണ്ട്‌ കേരളത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു സന്ദേശം ശ്രദ്ധയിൽ പെട്ടിരിക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും മാധ്യമങ്ങൾ വഴിയും വെബ്സൈറ്റ് വഴിയും മാത്രമാണ് മുന്നറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിക്കാറുള്ളത്. ഈ സന്ദേശത്തിൽ പരാമർശിക്കുന്ന തരത്തിൽ ഒരു മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടില്ല.

കേരളത്തിൽ ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് സൂര്യാഘാതത്തിനും സൂര്യതാപത്തിനുമുള്ള സാധ്യതാ മുന്നറിയിപ്പും പൊതുജനങ്ങളും വിവിധ സർക്കാർ വകുപ്പുകളും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ഓരോ ദിവസത്തെയും താപനിലയും, താപനിലയിലെ വ്യതിയാനങ്ങളെയും IMD യുടെ പ്രവചനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ അവലോകനങ്ങൾക്ക് ശേഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മാത്രം പ്രചരിപ്പിക്കാൻ പൊതുജനങ്ങൾ സഹകരിക്കണം.

വേനൽ ശക്തമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കുടിവെള്ള ക്ഷാമം നേരിടാതിരിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിക്കുകയും അതിന് വേണ്ട പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ നടന്നു വരികയുമാണ്. തീർച്ചയായും വേനൽ മഴയിൽ പരമാവധി വെള്ളം സംഭരിക്കേണ്ടത് ആവശ്യമാണ്. അതിന് വേണ്ട പ്രവർത്തനങ്ങൾ ഒരു ജനകീയ കാമ്പയ്ൻ ആയി മുഴുവൻ ജനങ്ങളും ഏറ്റെടുക്കുക തന്നെ വേണം. മനുഷ്യരുടെയും പക്ഷി മൃഗാദികളുടെയും ആരോഗ്യത്തിന്റെ കാര്യത്തിലും ജാഗ്രത വേണ്ടതുമാണ്.

ഭീതിജനകമായ ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് ആളുകളിൽ ഭീതി പരത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.

തെറ്റായ പ്രചരണങ്ങൾ നടത്താതിരിക്കുക എന്നത് കൂടി വലിയ ഉത്തരവാദിത്വമാണ്. സോഷ്യൽ മീഡിയ വഴി നമ്മളിൽ എത്തുന്ന വാർത്തകൾ എത്ര സാമൂഹിക പ്രസക്തിയുള്ളതാണെങ്കിലും സ്ഥിരീകരിച്ച ശേഷം മാത്രം പ്രചരിപ്പിക്കുക. ഉത്തരവാദിത്വ ബോധമുള്ള ഒരു പൗരസമൂഹത്തിന്റെ കടമയാണത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുഴുവൻ മുന്നറിയിപ്പുകളും ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലും വെബ്സൈറ്റിലും ലഭ്യമായിരിക്കും.

http://archive.fo/CDex8

നിഗമനം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തന്നെ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അതിന്‍റെ വിശദീകരണവും അവര്‍ പരസ്യമാക്കി. മാത്രമല്ല ഇതെ സന്ദേശം കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. 2017 ഫെബ്രുവരി മാസത്തില്‍ ഈ പോസ്റ്റ് ഫേസ്ബുക്കിലെ സഞ്ചാരി എന്ന ഗ്രൂപ്പില്‍ അല്‍ഷീദ് കാട്ടുപറമ്പില്‍ കെ. എ എന്നയൊരു വ്യക്തി പോസ്റ്റ് ചെയ്തിരുന്നു. അന്ന് മുതല്‍ 2019ലെ വേനലിലും ഇതെ പോസ്റ്റ് ജനങ്ങളില്‍ ഭീതി ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് പോസ്റ്റിന്‍റെ ഉള്ളടക്കം വ്യാജമാണെന്ന് തെളിയിക്കെപ്പട്ടിരിക്കുകയാണ്.

ചിത്രം കടപ്പാട്: ഫെസ്ബൂക്ക്, ഗൂഗിള്‍

Avatar

Title:കേരളം വരണ്ട് ഉണങ്ങാന്‍ ഇനി 28 ദിവസം മാത്രമോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •