ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ഇപ്പോഴും 100 രൂപയാണോ പിഴ? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് പോലീസ്-മോട്ടോര്‍വാഹന വകുപ്പ് വാഹന പരിശോധന. നിയം ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇരുവകുപ്പുകളും സ്വീകരിച്ചു വരുന്നത്. ഏറ്റവും അധികം ഹെല്‍മെറ്റ് ധരിക്കാത്ത കേസുകളിലാണ് വകുപ്പുകള്‍ പിഴ ചുമത്തുന്നത്. പലപ്പോഴും പോലീസ് ചെക്കിങ് കണ്ട് ഭയന്ന് ഓടി അപകടങ്ങള്‍ സംഭവിച്ചതായും മുന്‍കാലങ്ങളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമം പാലിക്കേണ്ടയെന്നും ചെക്കിങ് കണ്ടാല്‍ ഭയക്കേണ്ടതില്ലെയെന്നും വെറും നൂറ് രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ പോലീസ് പിടികൂടിയാല്‍ നല്‍കേണ്ട പിഴ എന്ന ഒരു വാര്‍ത്ത കട്ടിങ്ങാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പോലീസ് അവര്‍ക്ക് തോന്നിയ പോലെ പിഴ അധികം വാങ്ങുന്നതാണെന്നും കോടതി ഉത്തരവ് പ്രകാരം 100 രൂപ മാത്രമാണ് പിഴ തുകയെന്നും പോസ്റ്റില്‍ വാദിക്കുന്നു. വാട്‌സാപ്പിലും ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പുത്തൂര്‍ സനില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 38ല്‍ അധികം റിയാക്ഷനുകളും 444ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

യഥാര്‍ത്ഥത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 100 രൂപ മാത്രമാണോ പിഴ? കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മോട്ടോര്‍വാഹന നിയമ പ്രകാരമുള്ള പിഴ തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്‌ടറായ ദലീപ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-

ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലൂടെയും പ്രചരിക്കുന്ന സന്ദേശം നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ നൂറ് രൂപ പിഴയെന്നത് 2019ലെ മോട്ടോര്‍ ഭേദഗതി നിയമം നിലവില്‍ വരുന്നതിന് മുന്‍പുള്ളതായിരുന്നു. ഇപ്പോള്‍ 1000 രൂപയാണ് ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും ഈടാക്കുന്ന തുക. ഇരുചക്രവാഹന യാത്രികര്‍ രണ്ട് പേരും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്നതും കര്‍ശനമാണ്. 2019ലെ നിയമ ഭേദഗതിക്ക് ശേഷമുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സെക്ഷന്‍ 194 ഡി ഹെല്‍മെറ്റ് ധരിക്കാത്തതിനും 194 ബി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ചുമത്തിയാണ് പിഴ ഈടാക്കുന്നതെന്നും നൂറ് രൂപ പിഴ എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിച്ച് നിയമ ലംഘനം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

2019 മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള പിഴ – 

Source – THE CUE 

നിഗമനം

2019ലെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് ശേഷം 1000 രൂപയാണ് ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരില്‍ നിന്നും ഈടാക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. നിയമ ഭേദഗതിക്ക് മുന്‍പുള്ള പത്രവാര്‍ത്തായണ് ഇപ്പോഴും പ്രചരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ഇപ്പോഴും 100 രൂപയാണോ പിഴ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •