മുഖ്യമന്ത്രിക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ട് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.”കിറ്റ് രാഷ്ട്രീയത്തിൽ” ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. ധൂര്‍ത്തും ധാര്‍ഷ്ട്യവും തിരിച്ചടിയായെന്നും തിരുത്തല്‍ വരുത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ പോസ്റ്റിലെ പ്രസ്കത ഭാഗം. 

എന്നാല്‍ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. പുരോഹിതര്‍ക്കിടയില്‍ വിവരദോഷികളുണ്ടാകും എന്നായിരുന്നു പിണറായി വിജയന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ നടത്തിയ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കും വഴിയൊരുക്കി. 

അതെ സമയം ഇപ്പോള്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയെന്ന തരത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിരിച്ച് കൊണ്ട് തിരിച്ചടിച്ച് തിരുമേനി.. അറിവില്ലാത്തവന്‍റെ ആയുധം പരിഹാസമാണ്.. പരിഹസിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കണം.. പട്ടിണി പാവങ്ങളുടെ നികുതിപ്പണം നക്കിയിട്ടാണ് അവരെ നോക്കി കുരയ്ക്കുന്നതെന്ന് മറക്കരുത്.. എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി പറഞ്ഞു എന്നതാണ് പ്രചരണം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവനയാണിതെന്ന് പരോക്ഷമായി അവകാശവാദം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 404ല്‍ അധികം റിയാക്ഷനുകളും 3,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രതികരണം പിണറായി വിജയനെതിരെ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ മുഖ്യധാരമാധ്യമങ്ങളുടെ വെബ്‌സൈറ്റുകള്‍ പരിശോധിച്ചെങ്കിലും അദ്ദേഹം വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ മറ്റൊരു പ്രസ്കതാവനയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മാധ്യമം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും അദ്ദേഹത്തിന്‍റെ പ്രതികരണം ഇപ്രകാരമാണ്-

“പറഞ്ഞതിനോട് ഉറച്ച് നില്‍ക്കുന്നു. മുഖ്യമന്ത്രി നടത്തിയ വ്യക്തിപരമായ വിമര്‍ശനത്തെ കാര്യമാക്കുന്നില്ലാ. തന്നെ പിന്തുണച്ച് രംഗത്ത് വന്നവരോടെല്ലാം സ്നേഹമുണ്ട്. ഞാന്‍ പറഞ്ഞത് അവിടെ തന്നെ കിടപ്പുണ്ട്. അതില്‍ മാറ്റമില്ലാ. അതില്‍പ്പുറത്തേക്ക് ഒന്നും പറയാനില്ലാ. വ്യക്തിപരമായ വിമര്‍ശനങ്ങളോട് ഒരിക്കലും ഒരിടത്തും പ്രതികരിച്ചിട്ടില്ലാ. ഇനി പ്രതികരിക്കുകയുമില്ലാ. ഞാന്‍ എന്നും ഇടതുപക്ഷത്ത് തന്നെയായിരിക്കും. എന്നും ഹൃദയപക്ഷമാണ് എന്‍റെ പക്ഷം” എന്നതാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. അതിന് ശേഷം അദ്ദേഹം ഇതില്‍ മറ്റൊരു പ്രതികരണം നടത്തിയതായും കണ്ടെത്താന്‍ കഴിഞ്ഞില്ലാ. മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഗീവര്‍ഗീസ് മാര്‍ കൂറിലോസുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരിണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്. താന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലാ. പ്രചരണം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിഗമനം

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരമം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മുഖ്യമന്ത്രിക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False