പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നിര്‍മ്മാണത്തിനിടയില്‍ പാലത്തിന്‍റെ ബീമുകള്‍ കായലില്‍ നിലം പൊത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിലെ അഴിമതി മൂലമുള്ള അപകാതയാണെന്ന് പാലം തകരാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന വിശദീകരണവുമായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും രംഗത്ത് വന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ മനോരമ ന്യൂസിന്‍റെ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബ്രേക്കിങ് ന്യൂസ്.. പറഞ്ഞതില്‍ ഉറച്ച് മുഹമ്മദ് റിയാസ്.. പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയോ എന്ന് ഇടയ്ക്കിടെ ചോദിക്കണ്ട കിട്ടയാല്‍ അറിയിക്കും.. എന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രസ്താവന നടത്തിയെന്ന പേരിലാണ് പ്രചരണം. ടിറ്റോ പയ്യനാടന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റായക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മനോരമ ന്യൂസ് ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിലെ ‘പറഞ്ഞതില്‍ ഉറച്ച് റിയാസ്’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ വാര്‍ത്ത വീഡിയോ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ എത്തേണ്ടതില്ലെന്നും ശുപാര്‍ശകള്‍ പരിഗണിക്കില്ലെന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിക്കുന്നതിന്‍റെ വീഡിയോയാണ് യഥാര്‍ത്ഥത്തിലിത്. 2021 ഒക്ടോബര്‍ 15ന് മനോരമ ന്യൂസ് യൂട്യൂബ് ചാനലില്‍ വാര്‍ത്ത അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്താണ് ഇപ്പോള്‍ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്നതില്‍ മുഹമ്മദ് റിയാസ് വിചിത്രമായി പ്രതികരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരപ്പിക്കുന്നത്.

മനോരമ ന്യൂസ് വെ‌ബ് ഡെസ്‌കുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍  നിന്നും മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.

യഥാര്‍ത്ഥ വാര്‍ത്ത വീഡിയോ-

YouTube Video 

നിഗമനം

എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടതില്ലെന്ന് മുന്‍പ് മുഹമ്മദ് റിയാസ് നിലപാട് സ്വീകരിച്ചത് സംബന്ധിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് കൂളിമാട് പാലവുമായി ബന്ധപ്പെട്ട പ്രതികരണം എന്ന പേരില്‍ പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ വാര്‍ത്ത സക്രീന്‍ഷോട്ട് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False