FACT CHECK – ബംഗാളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാണോ? വസ്‌തുത അറിയാം..

ദേശീയം

വിവരണം

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി..ബിജെപി മഹിളാ മോർച്ച പ്രവർത്തക.ബിജെപിയിൽ പ്രവർത്തിച്ചതിനും ബിജെപിക്ക് വോട്ട് ചെയ്തത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനും ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് ഭീകരർ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി..ശതകോടി പ്രണാമങ്ങൾ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ പേരും ചിത്രവും സഹിതം വ്യാപകമായ പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ത‍ൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമണം അഴിച്ചു വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒരു ബിജെപി പ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു എന്ന പ്രചരണങ്ങളും വൈറലാകുന്നത്. മെട്രോ മാന്‍ എന്ന ഗ്രൂപ്പില്‍ ബിജുലാല്‍ കൃഷ്ണന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത് 913ല്‍ അധികം റിയാക്ഷനുകളും 191ല്‍ അധികം ഷെയറുകളുമാണ്-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണോ ചിത്രത്തിലുള്ളത്? രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണ് ഈ കുറ്റകൃത്യം നടന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യ മുഴുവന്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വൈറലായ സംഭവമാണിത്. ഇത്തരത്തില്‍ തൃണമൂലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ബിജെപി മഹിള മോര്‍ച്ച പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു എന്ന പ്രചരണത്തിന്‍റെ വിശദ വിവരം അറിയാന്‍ ഞങ്ങളുടെ പ്രതിനിധി പശ്ചിമ ബംഗാളിലെ ഖരഗ്‌പൂര്‍ എഎസ്‌പി റാണാ മുഖര്‍ജിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ വിശദീകരണം ഇപ്രകാരമാണ്-

പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകപ്പെട്ട് കൊല്ലപ്പെട്ടു എന്ന വിവരം വസ്‌തുതാപരം തന്നെയാണ്. എന്നാല്‍ കേസിന് രാഷ്ട്രീയപരമായ യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ജാതി, മതം, രാഷ്ട്രീയം ഇവയൊന്നും പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച ഘടകങ്ങളല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രചരണം അടിസ്ഥാനഹിതമാണ്.

പെണ്‍കുട്ടിയുടെ വീടിന്‍റെ സമീപ പ്രദേശത്ത് കെട്ടിട നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കുടുംബം പിംഗ്ല പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്‌ടര്‍ ചെയ്തിട്ടുമുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സ്ഥിരീകരണം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പ്രതികളുണ്ടോയെന്നും മറ്റ് വിശദവിവരങ്ങളും ചോദ്യം ചെയ്ത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചോട്ടു മുണ്ട, തപാതി പാത്ര, ബി.മുര്‍മു എന്നിവരാണ് പിടിയിലായ പ്രതികളെന്നും പോലീസ് വ്യക്തമാക്കി.

കൂടാതെ സംഭവവുമായി ബന്ധപ്പെട്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകളിലും രാഷ്ട്രീയപരമായ ഇടപെടലോ അത്തരത്തിലുള്ള വൈരാഗ്യമോയാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പറയുന്നില്ല. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തിന്‍റെ ബാക്കിപാത്രമായിരുന്നു ക്രൂരമായ കൊലപാതകമെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കളും രാഷ്ട്രീയപരമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഇതുവരെ രംഗത്ത് വന്നിട്ടില്ല. പെണ്‍കുട്ടിയുടെ ബന്ധക്കളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും ഞങ്ങളുടെ പ്രതിനിധികള്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതെ ആര്‍ട്ടിക്കിളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഞങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാവും.

നിഗമനം

ബംഗാളില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി ബിജെപി പ്രവര്‍ത്തകയാണെന്നും കേസിലെ പ്രതികളെ തൃണമൂല്‍ പ്രവര്‍ത്തകരാണെന്നുമുള്ള പ്രചരണം വ്യാജമാണെന്നും അടിസ്ഥാനഹിതമായ വിവാദങ്ങളാണ് ഇതിന്‍റെ പേരില്‍ നടക്കുന്നതെന്നും ഖരഗ്പൂര്‍ എഎസ്‌പി തന്നെ വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ പെണ്‍കുട്ടിയുടെ ബന്ധുക്കളും രാഷ്ട്രീയ വൈരാഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന ആരോപണം ഉയര്‍ത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബംഗാളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •