സ്വകാര്യ ബസ് കണ്ടക്‌ടറെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കെഎസ്‌യു പ്രവര്‍ത്തകരാണോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

പെണ്‍കുട്ടി അടങ്ങുന്ന ഒരു സംഘം യുവാക്കള്‍ ബസില്‍ അതിക്രമിച്ച് കയറി കണ്ടക്‌ടറിനെയും ഒപ്പമിരിക്കുന്ന യുവാവിനെയും ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു പ്രവര്‍ത്തകരാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.

കേരളം ഭാവിയിൽ ഇതുപോലുള്ള ഗുണ്ടകൾ അഴിഞ്ഞാടുന്ന UP&ഗുജറാത്ത്‌ മോഡൽ സംസ്ഥാനങ്ങൾ പോലെ ആവാതിരിക്കാൻ ഇടതു പക്ഷത്തെയും SFI യെയും ശക്തിപ്പെടുത്തുക.

KSU ഗുണ്ടകളുടെ ഈ അഴിഞ്ഞാട്ടം ജനങ്ങളിലേക്ക് എത്തിക്കുക 🙏 കേരളത്തെ വലതുപക്ഷ ഗുണ്ട മാഫിയ കളിൽ നിന്നും രക്ഷിക്കുക.. എന്ന തലക്കെട്ട് നല്‍കി സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ സിജു സാന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം-

Facebook Post Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആക്രമണം നടത്തിയത് കെഎസ്‌യു പ്രവര്‍ത്തകരാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ബസ് കണ്ടക്‌ടര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. യൂണിഫോമും ഐഡി കാര്‍ഡുമില്ലാതെ എസ്‌ടി ടിക്കറ്റ് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത കണ്ടക്‌ടര്‍ക്ക് ക്രൂരമര്‍ദ്ദനം എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. യൂണിഫോമും ബാഗും സ്റ്റുഡന്‍റ് ഐഡിയുമില്ലാതെ എസ്‌ടി ചോദിച്ച പെണ്‍കുട്ടിയോട് സ്വകാര്യ ബസ് കണ്ടക്‌ടര്‍ അടുത്ത ദിവസം മുതല്‍ എസ്‌ടി തരാന്‍ കഴിയില്ലായെന്ന് പറഞ്ഞു. ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടി പീന്നീട് ബന്ധുക്കളെ കൂട്ടി വന്ന് ബസ് തടഞ്ഞ് അകത്ത് കയറി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് കണ്ടക്‌ടറായ കോട്ടയം പൂവന്‍തുരുത്ത് സ്വദേശി പ്രദീപ് കുമാറിന്‍റെ പരാതി. ഹെല്‍മെറ്റിന് അടിയേറ്റ പ്രദീപിന്‍റെ തലക്ക് പരുക്കുണ്ട്. എന്നാല്‍ അക്രമികള്‍ കെഎസ്‌യു പ്രവര്‍ത്തകരാണെന്ന് വാര്‍ത്തയില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലാ. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.. 

ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ബന്ധം സംഭവത്തിനുണ്ടോയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്ന ചിങ്ങവനം പോലീസുമായി ബന്ധപ്പെട്ടു. നടന്ന സംഭവത്തിന് രാഷ്ട്രീയമായ ബന്ധമില്ലായെന്നും പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളുമാണ് അക്രമണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരമെന്നും കണ്ടാല്‍ അറിയാവുന്ന 5 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കണ്ടെക്ടറായ പ്രദീപിനെ കൂടാതെ 16 വയസുള്ള മകനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് എഫ്ഐആര്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. എഫ്‌ഐആറിലും കെഎസ്‌യു പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് മൊഴിയില്ലാ എന്നും വ്യക്തമാണ്.

കണ്ടക്‌ടറെ മര്‍ദ്ദിച്ച സംഭവത്തിലെ എഫ്ഐആര്‍ പകര്‍പ്പ് –

ഏറ്റവും പതുതായി പെണ്‍കുട്ടിയുടെ വാദവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാമുകനൊപ്പം കറങ്ങാന്‍ പോയതാണോ എന്ന് കണ്ടെക്‌ര്‍ സഭ്യമല്ലാത്ത രീതിയില്‍ ചോദ്യം ചെയ്തതിലുണ്ടായ മനോവിഷമത്തിലാണ് താന്‍ സഹോദരങ്ങളോട് പറഞ്ഞതെന്നും അതില്‍ പ്രകോപിതരായ സഹോദരങ്ങള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതെന്നുമാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. മനോരമ ന്യൂസ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ കാണാം-

നിഗമനം

കേസിന് രാഷ്ട്രീയമാനമില്ലായെന്നും യൂണിഫോമും ഐഡിയുമില്ലാതെ കണ്‍സെഷന്‍ നല്‍കില്ലായെന്ന് കണ്ടക്‌ടര്‍ പറഞ്ഞതില്‍ പ്രകോപിതരായ പെണ്‍കുട്ടിയുടെ സഹോദരനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ അക്രമണത്തിന് പിന്നിലെ കെഎസ്‌യു പ്രവര്‍ത്തകരാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും വ്യാജമാണെന്നും അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സ്വകാര്യ ബസ് കണ്ടക്‌ടറെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കെഎസ്‌യു പ്രവര്‍ത്തകരാണോ? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False

Leave a Reply

Your email address will not be published. Required fields are marked *