
വിവരണം
രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകളെ സഹായിക്കാൻ “പോലിസ് ഫ്രീ റൈഡ് സ്കീം”
വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം.
24×7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.
സ്ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാൾ നൽകുകയോ ബ്ലാങ്ക് മസ്സേജ് നൽകുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഉപകരിക്കും. എന്ന തലക്കെട്ട് നല്കി ഒരു സന്ദേശം കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്സബുക്കിലും വാട്സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫെമിനി ഇ മാഗസിന് എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം-
ഫെയ്സ്ബുക്കില്‍ നിരവധി പേജുകളും പ്രൊഫൈലുകളും ഗ്രൂപ്പുകളിലുമെല്ലാം ഇതെ സന്ദേശം പ്രചരിക്കുന്നുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോലീസ് ഫ്രീ റൈഡ് എന്ന പേരില്‍ കേരള പോലീസ് ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ? വസ്തുത പരിശോധിക്കാം.
വസ്തുത വിശകലനം
കേരള പോലീസ് സ്റ്റേറ്റ് മീഡിയ സെന്റര്‍ തന്നെ പ്രചരണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇത് വ്യാജ പ്രചരണമാണെന്ന് മീഡിയ സെന്റര്‍ വിശദീകരണം നല്കി. ഇത് കേരള പോലീസിന്റെ പദ്ധതിയല്ലെന്നും പോലീസ് ഇത്തരമൊരു സന്ദേശം നല്‍കിയിട്ടില്ലെന്നും ഇത് മറ്റൊരു സംസ്ഥാനം നല്‍കിയതാണെന്നും പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്. അതെ സമയം രാത്രികാലങ്ങളിലെ അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ പോലീസിന്റെ സഹായം ലഭ്യമാകുന്ന സേവനം നേരത്തെ തന്നെ സംസ്ഥാനത്ത് നിലവിലുണ്ട്.
കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്-
നിഗമനം
പോലീസ് ഫ്രീ റൈഡ് സ്കീം എന്ന പേരില്‍ കേരള പോലീസ് ഒരു പദ്ധതി ആവിഷ്കരിച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും കേരള പോലീസ് മീഡിയ സെന്റര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കേരള പോലീസ് സ്ത്രീകള്‍ക്കായി ഫ്രീ റൈഡ് സ്കീം ആരംഭിച്ചോ.. പ്രചരണത്തിന് പിന്നിലെ വസ്തുത അറിയാം..
Fact Check By: Dewin CarlosResult: False
