ദേശാഭിമാനി പത്രം തെരെഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചത് എങ്ങനെയാണ്…?

രാഷ്ട്രീയം

വിവരണം

Troll Malayalam എന്ന ഫേസ്‌ബുക്ക് പേജിൽനിന്നും 2019 മെയ് 24 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 7000 ത്തോളം പ്രതികരണങ്ങളും 405 ഷെയറുകളും ലഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം ദേശാഭിമാനി കൊച്ചി എഡിഷന്‍റെ ഒന്നാം പേജിന്‍റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ എംഎ ആരിഫിന്‍റെ ഗർജ്ജനത്തിൽ വിറച്ച് യുഡിഎഫ് എന്ന തലക്കെട്ടിൽ പ്രധാന വാർത്ത നൽകിയിരുന്നതായി കാണാം. ‘എൽഡിഎഫിന് ചെറിയ തിരിച്ചടിക്ക് കാരണം വർഗീയ വോട്ടുകൾ’ എന്നും ‘കുറഞ്ഞ വോട്ടു ശതമാനത്തിൽ കേന്ദ്രത്തിൽ ബിജെപി വീണ്ടും’ എന്ന ഉപ തലക്കെട്ടുകളും നൽകിയിട്ടുണ്ട്.

archived FB page

ദേശാഭിമാനി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമാണ്. കേരളത്തിൽ പാർട്ടിയുടെ മുഖം സംരക്ഷിക്കുന്നതിൽ എപ്പോഴും മുന്നിലാണ് പത്രത്തിന്റെ പങ്ക്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പറ്റി പ്രാമുഖ്യമുള്ള വാർത്തകൾ വരുന്ന സന്ദർഭത്തിലോ  മറ്റു പ്രധാന വാർത്തകൾക്ക് പ്രാധാന്യം നൽകേണ്ടുന്ന സന്ദർഭത്തിലോ പോലും പാർട്ടി വാർത്തകൾ ഒന്നാം പേജിൽ നിരത്തി പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട് ദേശാഭിമാനി. രാജ്യം മുഴുവനുമുള്ള മാധ്യമങ്ങൾ ബിജെപിയും സഖ്യ കക്ഷികളും 2019 ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേടിയെടുത്ത വിജയ വാർത്ത വോട്ടെണ്ണലിന്‍റെ പിറ്റേ ദിവസം പ്രസിദ്ധീകരിച്ചപ്പോൾ ദേശാഭിമാനി പോസ്റ്റിൽ കാണുന്ന രീതിയിലുള്ള  ഒന്നാം പേജുമായാണോ പുറത്തിറക്കിയത്..? നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ പരിശോധന

ബിജെപിയുടെ ഗംഭീര വിജയത്തിന് പ്രാമുഖ്യം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി  ആലപ്പുഴയിൽ നിന്നും ജയിച്ച വാർത്തയ്ക്കാണ് ദേശാഭിമാനി പ്രാധാന്യം നല്കിയിരിക്കുന്നതെന്നും കേരളത്തിൽ നിന്നും വിജയം നേടിയ ഏക എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാർത്ത അമിത പ്രാധാന്യത്തോടെ നൽകി എന്നുമാണ് പോസ്റ്റിലെ വാദഗതി. ഈ പോസ്റ്റിൽ നൽകിയിട്ടുള്ള പേജിൽ വാർത്തയുടെ ഉള്ളടക്കം വായനയ്ക്ക് തടസമുള്ള രീതിയിൽ മങ്ങിയ നിലയിലാണ് കാണാൻ സാധിക്കുന്നത്. തലക്കെട്ടുകൾ മാത്രമാണ് വായന സാധ്യമാകുന്ന നിലയിൽ നൽകിയിട്ടുള്ളത്.

ഞങ്ങൾ ദേശാഭിമാനി  പത്രത്തിന്റെ ഒന്നാം പേജ് ഇന്റർനെറ്റിൽ ലഭ്യമാണോ എന്ന് അന്വേഷിച്ചു. പത്രത്തിന്റെ epaper ലഭ്യമാണ്. അതിൽ നിന്നും ദേശാഭിമാനി കൊച്ചി എഡിഷൻ തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന്റെ പിറ്റേ ദിവസം അതായത് 2019 മെയ് 24  ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജ് ഞങ്ങൾ കണ്ടെടുത്തു. പേജ് താഴെ കൊടുക്കുന്നു.

archived link
deshabhimani

പോസ്റ്റിൽ നൽകിയിരിക്കുന്ന ഒന്നാം പേജ് ഇതിൽ നിന്നും വ്യത്യസ്തമാണ്. അതായത് വ്യാജമായി തയാറാക്കിയ ഒന്നാംപേജാണ്‌ ഇവിടെ ചേർത്തിരിക്കുന്നത്. വീണ്ടും മോദി 354 / 542 എന്ന തലക്കെട്ടിലാണ് പ്രധാന വാർത്തയുടെ അവതരണം. കേരളത്തിൽ 19 / 20 യുഡിഎഫ് എന്നതാണ് രണ്ടാമത്തെ പ്രധാന വാർത്ത. എം എ  ആരിഫ് ആലപ്പുഴയിൽ നിന്നും സിപിഎം ടിക്കറ്റിൽ ജയിച്ച വാർത്ത താഴെ ഒറ്റ കോളത്തിലാണ് നൽകിയിരിക്കുന്നത്. അല്ലാതെ പോസ്റ്റിൽ പ്രദർശിപ്പിക്കുന്നതുപോലെ ആരിഫിന്റെ ജയത്തെപ്പറ്റിയല്ല പ്രധാന വാർത്ത നൽകിയിട്ടുള്ളത്.

പോസ്റ്റിന് ലഭിച്ച കമന്റുകളിൽ തന്നെ യഥാർത്ഥ പേജിന്റെ ചിത്രവുമായി Naveen Gopakumar എന്ന ഫേസ്‌ബുക്ക് യൂസർ പ്രതികരിച്ചിരുന്നു.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജ ചിത്രമാണ്. ദേശാഭിമാനിയുടെ ഒന്നാം പേജ് എന്ന നിലയിൽ നൽകിയിരിക്കുന്നത് വ്യാജമായി തയ്യാറാക്കിയ പേജിന്റെതാണ്. യഥാർത്ഥ ഒന്നാം പേജിന്റെ ചിത്രം മുകളിൽ നൽകിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് ദേശാഭിമാനി

Avatar

Title:ദേശാഭിമാനി പത്രം തെരെഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചത് എങ്ങനെയാണ്…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •