അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് പോലീസ് ചവട്ടുന്ന ചിത്രം സത്യമോ?

സാമൂഹികം

വിവരണം

അയ്യപ്പ ഭക്തനെ ഭൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുപ്പ് വേഷമണിഞ്ഞ് അയ്യപ്പവിഗ്രഹം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തിക്കടിക്കുമ്പോള്‍ ഭക്തനിത് തടയുന്നതുമാണ് ചിത്രം. കുറച്ച് മാസം മുന്‍പ് ഏറെ ചര്‍ച്ചാവിഷയമായ ഈ ചിത്രം ഇപ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അജീഷ് കുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം വീണ്ടും 2019 ഏപ്രില്‍ 15നു  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “മറക്കരുത് “എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 3,200ല്‍ അധികം ഷെയറകളും 200ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ വിശ്വാസികള്‍ക്കു വളരെ വൈകാരികമായി തോന്നുന്ന ഈ ചിത്രത്തിന് പിന്നിലെ വസ്തുത എന്താണെന്ന് പരിശോധിക്കാം. ചിത്രം വ്യാജമോ യഥാര്‍ത്ഥ്യമോ…?

വസ്തുത വിശകലനം

ശബരിമല യുവതി പ്രവേശന കോടതി വിധിയുമായി ബന്ധപ്പെട്ട പോലീസ് സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും ചൂടേറിയ സമയത്താണ് ആദ്യമായ ഈ ചിത്രം ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ആലപ്പുഴ മാന്നാര്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രാജേഷ് ആര്‍.കുറുപ്പ് എന്ന വ്യക്തിയാണ് ചിത്രത്തിലുള്ള ഭക്തന്‍. എന്നാല്‍ ശബരിമല വിഷയത്തില്‍ ഭക്തരെ പോലീസ് അകാരണമായി മര്‍ദ്ദിക്കുന്ന എന്ന് ആരോപിച്ച് പ്രതീകാത്മകമായി ഫോട്ടോഷൂട്ട് നടത്തിയ ഒരു ചിത്രം മാത്രമായിരുന്നു ഇത് എന്നതാണ് വാസ്തവം. ഫോട്ടോ പകര്‍ത്താന്‍ വേണ്ടി പോസ് ചെയ്തതായിരുന്നു രാജേഷ്. പോലീസ് ലാത്തിയും ചവിട്ടുമില്ലാം ചിത്രീകരണത്തിനായി ഒരുക്കിയ ക്രമീകരണങ്ങള്‍ മാത്രം. വിശ്വാസികള്‍ക്കിടയില്‍ വൈകാരിക മനോഭാവം ഉണ്ടാകുമെന്നും പോലീസിനെതിരെ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് പോലീസ് ഈ ഫോട്ടോഷൂട്ടിനെതിരെ കേസ് ചുമത്തുകയും ചെയ്തു. ഇതോടെ രാജേഷിന്‍റെ പ്രൊഫൈലില്‍ നിന്നും പോസ്റ്റ് അപ്രത്യക്ഷമായി. എന്നാല്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് രാജേഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പം മറ്റൊരു ചിത്രവും രാജേഷ് പ്രചരിപ്പിച്ചിരുന്നു. അതില്‍ ഭക്തന്‍റെ കഴുത്തില്‍ അരിവാള്‍  വച്ചിരിക്കുന്നതായിരുന്നു രംഗം. നിയമനടപടി സ്വീകരിച്ചതോടെ ചിത്രങ്ങളെല്ലാം രാജേഷ് നീക്കം ചെയ്തു. എന്നാലും ഡൗണ്‍ലോഡ് ചെയ്തെടുത്തവര്‍ ഇത് ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യാധാര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ലിങ്കുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ-

Manorama OnlineArchived Link

നിഗമനം

വ്യജ ഫോട്ടോ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ചിത്രത്തിലുള്ള വ്യക്തിയെ 2018 നവംബര്‍ 5ന് പോലീസ് പിടികൂടിയതാണ്. ഫോട്ടോഷൂട്ട് നടത്താന്‍ വേണ്ടി ചിത്രത്തിന് മുന്‍പില്‍ പോസ് ചെയ്തത് മാത്രമാണ് വാസ്തവം. മുഖ്യധാര മാധ്യമങ്ങളെല്ലാം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഈ വിഷയം വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത് നിയമനടപടികള്‍ക്ക് വരെ സാധ്യതയുള്ളതാണ്. ഇത്തരം പോസ്റ്റുകള്‍ അപ്‌ലോ‍‍ഡ് ചെയ്യുന്നവര്‍ അതിന്‍റെ ഗൗരവം മനസിലാക്കി വേണം പ്രചരിപ്പിക്കാന്‍. പോസ്റ്റിലെ വിവരങ്ങള്‍ വ്യാജമാണ്.

Avatar

Title:അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് പോലീസ് ചവട്ടുന്ന ചിത്രം സത്യമോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •