
വിവരണം
പഞ്ചനക്ഷത്ര ഹോട്ടലല്ല.. ഏറ്റവും കൂടുതല്‍ വിദേശത്തേക്ക് ടൂര്‍ പോകുന്ന ഇന്ത്യയിലെ മൊതലിന് ടൂര്‍ പോകാന്‍ വാങ്ങിയ വിമാനത്തിന്‍റെ ഉള്‍വശമാണ്. 8000 കോടി രൂപയാണ് വില. അല്ല പോലീസിന് വിമാനം വാങ്ങിയത് വിവാദമാക്കിയ, മണിയാശാന്‍റെ കാറിന്‍റെ തെയ്മാനത്തിന് കണക്കെടുത്ത ഉത്തമന്‍മാര്‍ അറിയുന്നുണ്ടോ ആവോ.. എന്ന പേരില്‍ ഒരു ആഡംബര വിമാനത്തിന്‍റെ ചിത്രം സഹിതമുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്ക്കായി വാങ്ങിയ ആഡംബര വിമാനമാണിതെന്നാണ് പരോക്ഷമായി പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. എം.എസ്.പ്രവീണ്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 84ല്‍ അധികം റിയാക്ഷനുകളും 2,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രത്തില്‍ കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രയ്ക്ക് വേണ്ടി വാങ്ങിയ 8,000 കോടി രൂപയുടെ ആഡംബര വിമാനമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ബോയിങ് 787 ഡ്രീംലൈനര്‍ പ്രൈവെറ്റ് ജെറ്റിന്‍റെ ചിത്രമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ലോകത്തിലെ ശതകോടീശ്വരന്‍മാര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപോയോഗിക്കുന്ന ആഡംബര വിമാനാണിത്. ബിസിനസ് ഇന്‍സൈഡര്‍ വെബ്‌സൈറ്റില്‍ ബോയിങ് 787നെ കുറിച്ച് 2020 മെയ് 25ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മോദിയുടെ ആഡംബര വിമാനം എന്ന പേരില്‍ പ്രചരിക്കുന്ന ഇതെ പ്രൈവെറ്റ് ജെറ്റിന്‍റെ ചിത്രവും കണ്ടെത്താന്‍ കഴിഞ്ഞു.
എന്നാല്‍ മോദിയുടെ പേരില്‍ ബോയിങ് 787 പ്രൈവെറ്റ് ജെറ്റ് വിമാനത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രെസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഇതെ കുറിച്ചുള്ള വസ്‌തുത അന്വേഷണം നടത്തി. കോണ്‍ഗ്രസ് നേതാവ് ജിത്തു പട്‌വാരിയാണ് ഈ ചിത്രം ട്വിറ്ററില്‍ ആദ്യം നരേന്ദ്രമോദിയുടെ ആഡംബര വിമാനമെന്ന പേരില്‍ ട്വീറ്റ് ചെയ്തതെന്നാണ് പിഐബിയുടെ ഫാക്‌ട് ചെക്ക് ട്വീറ്റില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത് നരേന്ദ്ര മോദിയുടെ വിമാനമല്ലെന്നും ഡ്രീംലൈനര്‍ പ്രൈവറ്റ് ജെറ്റ് മോഡലിലെ ബോയിങ് 787 ആണെന്നും മോദിയുടെ വിമാനമാണ് ഇതെന്ന പ്രചരണം വ്യാജമാണെന്നും പിഐബി വ്യക്തമാക്കി. അതായത് ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച ഒരു ബിസിനസ് ക്ലാസ് ആഡംബര ബോയിങ് വിമാനത്തിന്‍റെ ചിത്രം ഉപയോഗിച്ച് നടക്കുന്ന വ്യാജ പ്രചരണം മാത്രമാണിതെന്ന് വ്യക്തം.
ഗൂഗിള്‍ ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ബിസിനസ് ഇൻസൈഡര്‍ ലേഖനത്തിലെ ചിത്രം-

പിഐബി ഫാക്‌ട് ചെക്ക് ട്വീറ്റ്-
Claim – A twitter user has posted image of luxurious interior of an aircraft claiming it is PM @narendramodi‘s official aircraft #PIBFactCheck – The photo is of a private Dreamliner model by Boeing 787 and not of PM’s aircraft #FakeNews pic.twitter.com/eTyhpBTpor
— PIB Fact Check (@PIBFactCheck) August 1, 2020
നിഗമനം
ബോയിങ് ഡ്രീംലൈനര്‍ 787 എന്ന ആഡംബര പ്രൈവെറ്റ് ജെറ്റിന്‍റെ ചിത്രമാണ് മോദിയുടെ വിമാനമെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. ഇത് ഏറെ നാളുകളായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രമാണ്. അതുകൊണ്ട് പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:നരേന്ദ്രമോദി വിദേശയാത്രയ്ക്ക് ഉപയോഗിക്കുന്ന ആഡംബര വിമാനത്തിന്‍റെ ചിത്രമാണോ ഇത്?
Fact Check By: Dewin CarlosResult: False
