FACT CHECK – ചൈനയില്‍ നിന്നും വിഷവാതകം നിറച്ച പടക്കങ്ങളും നേത്രരോഗത്തിന് കാരണമാകുന്ന ലൈറ്റുകളും ഇന്ത്യയിലേക്ക് കടത്തിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

ഇന്‍ഡോ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളും യുദ്ധസമാന സാഹചര്യങ്ങളും ഏറെ കാലങ്ങളായി വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം എല്ലാം കേട്ടറിയുന്നതാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കയറി പ്രകോപനമുണ്ടാക്കുന്ന ചൈനീസ് ആര്‍മിയെ കുറിച്ചുള്ള വാര്‍ത്തകളും ഇതിനോടകം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത മാസം ഇന്ത്യ ഒട്ടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ ചൈനീസ് പടക്കങ്ങള്‍ ആരും ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് എന്ന പേരില്‍ സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം നിറച്ച പടക്കങ്ങളും നേത്ര രോഗങ്ങള്‍ക്ക് കാരണമാകുന്ന അലങ്കാര ലൈറ്റുകളും ചൈന ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നുമാണ് ഇംഗ്ലിഷില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉള്ളടക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സീനയര്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍ വിശ്വജിത്ത് മുഖര്‍ജിയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരപിക്കുന്നതെന്നാണ് അവകാശവാദം.

ഇതാണ് പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള പ്രെസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഫാക്‌ട് ചെക്ക് എന്ന ട്വിറ്റര്‍ പേജിലാണ് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് ഫാക്‌ട് ചെക്ക് ചെയ്ത് വസ്‌തുതകള്‍ അറിയിക്കുന്നത്. പിഐബിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പരിശോധിച്ചതില്‍ നിന്നും ഈ സന്ദേശം വ്യാജമാണെന്ന് പിഐബി ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നാണ് പിഐബി വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശം ഉള്‍പ്പെടുത്തിയാണ് പ്രചരണം വ്യാജമാണെന്ന് പിഐബിയുടെ വിശദീകരണം.

പിഐബിയുടെ ഔദ്യോഗിക ട്വീറ്റ്-

PIB Tweet Archived Link

നിഗമനം

ചൈനയില്‍ നിന്നും വിഷവാതകം നിറച്ച പടക്കങ്ങളും നേത്രരോഗം ഉണ്ടാക്കുന്ന അലങ്കാര ലൈറ്റുകളും ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന പ്രചരണം വ്യാജമാണെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള പിഐബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:FACT CHECK – ചൈനയില്‍ നിന്നും വിഷവാതകം നിറച്ച പടക്കങ്ങളും നേത്രരോഗത്തിന് കാരണമാകുന്ന ലൈറ്റുകളും ഇന്ത്യയിലേക്ക് കടത്തിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False