അബ്‌ദുള്ളക്കുട്ടി വീണ്ടും സിപിഎമ്മിലേക്ക് എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം..

രാഷ്ട്രീയം

വിവരണം

അബ്‌ദുള്ളക്കുട്ടി സിപിഎമ്മിലേക്ക് മടങ്ങുന്നു.. ബിജെപി ബന്ധം അവസാനിപ്പിച്ച് അബ്‌ദുള്ളക്കുട്ടി സിപിഎമ്മിലേക്ക് മടങ്ങുന്നതായി സൂചന.. പി.ജയരാജനുമായി ചര്‍ച്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം.. എന്ന പേരില്‍ കൈരളി ടിവിയുടെ ലോഗോ സഹിതമൊരു പോസ്റ്റര്‍ മാതൃക കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുഡിഎഫ് സൈബര്‍ കമ്മ്യൂണ്‍ എന്ന ഗ്രൂപ്പില്‍ മാര്‍ച്ച് രണ്ടിന് ബാവ കാരത്തൂര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 59ല്‍ അധികം ഷെയറുകളും 142ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കോണ്‍ഗ്രസ് ബന്ധം ഉപയോഗിച്ച് ബിജെപിയില്‍ എത്തി സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാന ചുമതലയിലുള്ള എ.പി.അബ്‌ദുള്ളക്കുട്ടി സിപിഎമ്മിലേക്ക് പോകുന്നു എന്ന പ്രചരണം സത്യമാണോ? നിലവില്‍ ബിജെപിയില്‍ സംസ്ഥാന നേകതൃത്വത്തിന്‍റെ പുനസംഘടനയില്‍ അബ്‌ദുള്ളക്കുട്ടി വൈസ് പ്രസിഡന്‍റ് തന്നെയല്ലേ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ കൈരളി ന്യൂസിന്‍റെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലെ പേജുകളിലും ഇത്തരമൊരു പോസ്റ്റ് പ്രചിക്കുന്നുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിന് ശേഷം എ.പി.അബ്‌ദുള്ളക്കുട്ടിയെ തന്നെ ഞങ്ങളുടെ പ്രിതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരം പോസ്റ്റുകള്‍ തന്‍റെ ശ്രദ്ധയില്‍പ്പെട്ടു എന്നും മനപ്പൂര്‍വ്വം വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐയില്‍ ചേരുമെന്ന പേരിലും വ്യാജപ്രചരണം നടത്തുന്നുണ്ടെന്നും അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് തന്നെയാണെന്നും പുതിയ ഭാരവാഹികളുടെ പട്ടിക പരിശോധിച്ചാല്‍ ഔധ്യോഗികമായി വ്യക്തത വരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി കേരളയുടെ വെബ്‌സൈറ്റില്‍  നിന്നും ലഭിച്ച മാര്‍ച്ച് 5ന് പ്രസിദ്ധീകരിച്ച ഭാരവാഹി പട്ടികയില്‍ വൈസ് പ്രസിഡന്‍റ്മാരില്‍ അ‍ഞ്ചാമത്തെ പേര് അബ്‌ദുള്ളക്കുട്ടിയുടേതാണ്-

നിഗമനം

അബ്ദുള്ളക്കുട്ടി സിപിഎമ്മിലേക്ക് എന്നത് വ്യാ‍ജ പ്രചരണം മാത്രമാണെന്നും നിലവില്‍ ബെജിപി സംസ്ഥാന വൈസ് പ്രസിഡന്‍റാണെന്നും കണ്ടെത്താന്‍ കഴിഞ്ഞത് കൊണ്ട് പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:അബ്‌ദുള്ളക്കുട്ടി വീണ്ടും സിപിഎമ്മിലേക്ക് എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •