ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ‘ഉത്തരക്കടലാസ് പിടിച്ചെടുത്തത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ’ എസ്‌ഐക്ക് സസ്‌പെൻഷൻ ലഭിച്ചോ…?

രാഷ്ട്രീയം

വിവരണം 

Chandrank Velappaya എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 28 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 200 റോളം ഷെയറുകൾ ലഭിച്ചിരുന്ദ്. പോസ്റ്റിൽ  വാർത്ത ഒരു സ്ക്രീൻഷോട്ടിന്റെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. “ധർമത്തിന് വേണ്ടി പോരാടിയ ഈ സബ്ഇൻസ്പെക്ടറെ നാം പിന്തുണച്ചേ മതിയാകൂ. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ധീരൻ ഇന്ന് സസ്‌പെൻഷനിൽ… എന്ന വാചകങ്ങളും ഒപ്പം ആർ ബിനു എന്ന എസ്ഐയുടെ ചിത്രവും നൽകിയിട്ടുണ്ട്.

archived linkFB post

ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന ആർ ബിനു എന്ന എസ്‌ഐ ആണ് എന്നാണ് പോസ്റ്റിലെ ഒരു അവകാശവാദം. അദ്ദേഹം ഇപ്പോൾ സസ്പെൻഷനിലായി എന്നതാണ് രണ്ടാമത്തെ അവകാശവാദം. ഈ രണ്ടു കാര്യങ്ങളുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർത്ഥിയെ കത്തി ഉപയോഗിച്ച്  കുത്തി പരിക്കേൽപ്പിച്ച ശിവരഞ്ജിത്തിനെയും നസീമിനെയും പോലീസ് അറസ്റ്റ് ചെയ്ത വാർത്ത നമ്മൾ ജൂലൈ മാസം ആദ്യ ആഴ്ചകളില്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. പ്രതികളുടെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് കണ്ടെത്തിയതായും വാർത്തകൾ വന്നിരുന്നു. ആർ ബിനു എന്ന പോലീസ് ഓഫീസർ ആണ് ഉത്തരക്കടലാസ് കണ്ടെത്തിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത് എന്നാണ് വാർത്തയിൽ ആരോപിക്കുന്നത്. ആര്‍ ബിനുഎന്ന എസ് ഐ യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം നടന്ന സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആർ. ബിനു അല്ല, കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ സിഐ ഉൾപ്പെട്ട സംഘമാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ പരിശോധന നടത്തിയത് എന്ന് ഞങ്ങൾ നടത്തിയ വസ്തുതാ അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ടായിരുന്നു. ലേഖനം താഴെ വായിക്കാം.

എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ റെയ്‍ഡ് നടത്തിയ എസ്ഐയെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയോ?

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത മാധ്യമങ്ങൾ ആരുംതന്നെ പ്രസിദ്ധീകരിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ കാണാൻ സാധിച്ചില്ല.

തുടർന്ന് ഞങ്ങൾ കേരള പോലീസ് സെൽ മീഡിയ സെന്‍ററുമായി ബന്ധപ്പെട്ടു. മീഡിയാസെൽ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാർ പറഞ്ഞത് ഇത് പൂർണ്ണമായും തെറ്റായ  പോസ്റ്റാണ് എന്നാണ്. “ആർ ബിനു എന്ന എസ്‌ഐ തിരുവനതപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ തന്നെയാണുള്ളത്. അദ്ദേഹത്തിന് ട്രാൻസഫറോ സസ്പെൻഷനോ ഇതുവരെ ഇല്ല. മറിച്ച് അതേ സ്റ്റേഷനിൽ തന്നെ ജോലി തുടരുകയാണ് എസ്‌ഐ  ആര്‍. ബിനു. അദ്ദേഹം മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കി എന്നതൊക്കെ വെറുതെ പറഞ്ഞു പ്രചരിപ്പിക്കുന്നതാണ്. “

ഈ പോസ്റ്റിലെ അവകാശവാദങ്ങൾ രണ്ടും തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്തത് ആര്‍ ബിനുവിന്‍റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം ആയിരുന്നില്ല. അദ്ദേഹമാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കിയത് എന്നതിനും ഔദ്യോഗിക സ്ഥിരീകരണമില്ല. അദ്ദേഹം ഇപ്പോള്‍ സസ്പെൻഷനില്‍ അല്ല. കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ തന്നെ ജോലി തുടരുകയാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത പൂർണ്ണമായും തെറ്റാണ്. എസ്‌ഐ ആർ ബിനു സസ്‌പെൻഷനിൽ അല്ല. ഇത് വെറും വ്യാജ വാർത്തയാണെന്ന് കേരളം പോലീസ് മീഡിയ സെല്ലിൽ നിന്നും ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ‘ഉത്തരക്കടലാസ് പിടിച്ചെടുത്തത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ’ എസ്‌ഐക്ക് സസ്‌പെൻഷൻ ലഭിച്ചോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •