ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; ഏഷ്യാനെറ്റ് ന്യൂസ് ക്ഷമാപണം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

സംസ്ഥാനത്തെ ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘം ഗുജറാത്തിലെ ഭരണനിര്‍വ്വഹണം പഠിക്കാനായി പുറപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഗുജറാത്തിലേക്ക് പോകുന്നു എന്ന ആക്ഷേപവും വിമര്‍ശനവുമാണ് ഏറ്റവും ഉയര്‍ന്നത്. ഇതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഇതെ കുറിച്ച് നല്‍കിയ വാര്‍ത്ത തെറ്റാണെന്നും അതില്‍ അവര്‍ ക്ഷമാപണം നടത്തി അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് പങ്കുവെച്ചെന്നും പ്രചരണം നടക്കുന്നത്. ഗുജറാത്ത് മോഡല്‍ ഭരണ നിര്‍വ്വഹണം പഠിക്കാന്‍ കേരളം..മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക്.. എന്ന തലക്കെട്ട് നല്‍കിയ വാര്‍ത്തയാണ് ഏഷ്യാനെറ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഏഷ്യാനെറ്റിന്‍റെ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് തന്നെയാണ് പ്രചരണം. നവയുഗം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 207ല്‍ അധികം റിയാക്ഷനുകളും 112ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

എന്നാല്‍ ഏഷ്യാനെറ്റ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സമ്മതിച്ച് ക്ഷമാപണം നടത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തെറ്റായ വാര്‍ത്ത നല്‍കിയോയെന്നും ശേഷം വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്തിയോയെന്നും അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് വെബ്‌ ഡെസ്കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്ത പിന്‍വലിച്ചിട്ടില്ലെന്നും ഏഷ്യാനെറ്റ് വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും അവര്‍ മറുപടി നല്‍കി. ഏഷ്യാനെറ്റ് ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡ് പങ്കുവെച്ചിട്ടില്ലെന്നും വ്യാജ പ്രചരണത്തെ നിയമപരമായി നേരിടുമെന്നും വെബ്‌ ‍ഡെസ്ക് പ്രതിനിധി പ്രതികരിച്ചു.

വ്യാജ പ്രചരണത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ   പേജില്‍ പങ്കുവെച്ചിരിക്കുന്ന പ്രതികരണ പോസ്റ്റ്-

നിഗമനം

സംസ്ഥാനത്തെ ചീഫ് സെക്രട്ടറി ഭരണ നിര്‍വഹണത്തെ കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് പുറപ്പെട്ടു എന്ന വാര്‍ത്ത ഏഷ്യാനെറ്റ് തെറ്റായി നല്‍കിയതാണെന്നും വാര്‍ത്ത തിരുത്തി അവര്‍ ക്ഷമാപണം നടത്തി എന്ന പ്രചരണം തെറ്റാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; ഏഷ്യാനെറ്റ് ന്യൂസ് ക്ഷമാപണം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False