
വിവരണം
കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസം വിവാദമായ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും ശനിയാഴ്ച സന്ധ്യയോടെ പോലീസ് പിടികൂടി. ഒന്നാം പ്രതി സരിത്ത് നേരത്തെ പോലീസിന് പോലീസ് വലയിലായിരുന്നു. നാലാം പ്രതിയായ സന്ദീപ് നായരെയും ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ മാത്രമാണ് ഇനി കണ്ടു കിട്ടാനുള്ളത്. സ്വപ്ന സുരേഷിനെ ബാംഗ്ലൂർ കോറമംഗല എന്ന സ്ഥലത്തുള്ള ഒരു അപ്പാർട്ട്മെന്‍റ് ഹോട്ടലിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് പല വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. അത്തരത്തിൽ പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ന്യൂസ് 18 നല്‍കിയ വാർത്തയുടെ സ്ക്രീൻഷോട്ടാണ് പോസ്റ്റിലുള്ളത്. ന്യൂസ് 18 വാർത്ത അവതാരകനായ സനീഷിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്. ഒപ്പം നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: “സ്വപ്ന സുരേഷിനെ പിടികൂടിയത് ബാംഗ്ലൂരിൽ പിണറായി വിജയന്‍റെ മകൾ വീണയുടെ ഫ്ലാറ്റിൽ നിന്ന്
കള്ളക്കടത്ത് സ്വപ്ന റാണിയെ പിടിച്ചത് കാട്ടുകള്ളൻ വിജയന്‍റെ മകളുടെ ഫ്ലാറ്റിൽ നിന്ന്… വീണ പിണറായിയുടെ മകൾ അല്ല എന്ന് പറയുമോ സഖാക്കൾ…” എന്ന അടിക്കുറിപ്പും സ്ക്രീന്‍ഷോട്ടിനൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത പൂർണമായും തെറ്റാണ്.
വസ്തുത വിശകലനം
ഞങ്ങൾ വാർത്തയുടെ യാഥാർത്ഥ്യമറിയാൻ ന്യൂസ് 18 ചാനലിന്‍റെ
കൊച്ചി ബ്യൂറോ ചീഫ് എന്‍. ശ്രീനാഥുമായി സംസാരിച്ചു. ഇത്തരത്തിലൊരു വാർത്ത ന്യൂസ് 18 ചാനല്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നും ന്യൂസ് 18 വാര്‍ത്തയില്‍ ഉപയോഗിക്കുന്ന ഫോണ്ട് ഇതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വ്യാജ സ്ക്രീന്‍ഷോട്ടിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് എന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല മാധ്യമങ്ങളിലെല്ലാം സ്വപ്ന സുരേഷിനെ ഒളിത്താവളത്തില്‍ നിന്നും പോലീസ് കണ്ടെത്തിയതും പിടികൂടിയതുമായ വാർത്തയുടെ വിശദാംശങ്ങൾ ഉണ്ട്.
കോറമംഗലയിലെ 7 ബ്ലോക്കിലെ സുധീന്ദ്ര റായി എന്നയാളുടെ അപ്പാർട്ട്മെൻറ് ഹോട്ടലിലായിരുന്നു സ്വപ്നയെന്ന് വാർത്തകളിൽ പറയുന്നു.
സന്ദീപിന്‍റെ കാറിലാണ് ഇവർ ബാംഗ്ലൂരിൽ എത്തിയതെന്നാണ് സൂചന. സന്ദീപിനെ എവിടെ നിന്നാണ് അറസ്റ്റ് ചെയ്തത് എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.
സ്വപ്ന ഉപയോഗിച്ചിരുന്ന ഫോൺ സിഗ്നലുകളെ പിന്തുടർന്നാണ്
അന്വേഷണ സംഘം ഒളിത്താവളം കണ്ടെത്തിയത് എന്നും വാര്‍ത്തകളിലുണ്ട്. പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. സ്വപ്ന സുരേഷിനെ ബാംഗ്ലൂരിൽ പിണറായി വിജയന്‍റെ മകളുടെ വീണയുടെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത് എന്നത് വെറും ദുഷ്പ്രചരണം മാത്രമാണ്. ഈ വാര്‍ത്ത പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടും വ്യാജമാണ്.
ബാംഗ്ലൂര്‍ കോറമംഗലയിലെ സുധീന്ദ്ര റായി എന്നയാളുടെ അപ്പാർട്ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്നയെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്ത. വാസ്തവമറിയാതെ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യരുത് എന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:സ്വപ്ന സുരേഷിനെ പിടികൂടിയത് പിണറായി വിജയന്‍റെ മകളുടെ ഫ്ലാറ്റിൽ നിന്നാണെന്ന വാര്‍ത്തയുള്ള സ്ക്രീന്‍ഷോട്ട് വ്യാജമാണ്…
Fact Check By: Vasuki SResult: False
