
വിവരണം
പുതിയ മദ്യനയത്തിന് സംസ്ഥാന മന്ത്രിസഭ ഇന്ന് അംഗീകരം കൊടുത്തതാണ് മുഖ്യധാര മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം മദ്യനയത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നതാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേയാണ്. സര്‍ക്കാര്‍ മദ്യശാലകളിലോ, സ്വകാര്യ ബാറുകളിലോ അന്നെ ദിവസം മദ്യം വില്‍ക്കാറില്ല. എന്നാല്‍ പുതിയ മദ്യ നയത്തില്‍ സര്‍ക്കാര്‍ ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കിയെന്നതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രചരണം. നോബിള്‍ പി.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മദ്യനയം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
മന്ത്രിസഭ യോഗത്തില്‍ ഡ്രൈ ഡേ സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നെങ്കിലും ഡ്രൈ ഡേ ഇപ്പോള്‍ പിന്‍വലിക്കേണ്ടതില്ലെന്നും തുടരാനുമാണ് അന്തിമ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഇത് പിന്‍വലിച്ചു എന്ന് മാധ്യമങ്ങള്‍ നല്‍കിയത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.
ഐടി പാര്‍ക്കുകളില്‍ പബ്ബ്, ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ വേണ്ട സൗകര്യങ്ങള്‍, വിനോദസഞ്ചാര മേഖലകളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവയാണ് ഇന്ന് പുതിയ മദ്യനയത്തില്‍ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്.
നിഗമനം
ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഒഴിവാക്കി എന്ന പ്രചരണം വ്യാജമാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി തന്നെ പ്രതികരിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
