ഉള്ളി വില രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി 25 രൂപയ്ക്ക് ഉള്ളി വിതരണം നടത്താന്‍ പ്രഖ്യാപനം നടത്തിയോ?

രാഷ്ട്രീയം

വിവരണം

കേരളത്തിൽ ഉള്ളിക്ക് 170 രൂപയിൽ എത്തിച്ച പിണറായി സർക്കാറിന് തിരിച്ചടി നൽകാനൊരുങ്ങി KPCC. കേരളത്തിലെ ഉള്ളിവിലയ്ക്ക് തടയിടാൻ ഇറ്റലിയുമായി ചേർന്ന് 500 ടൺ ഉള്ളി വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് എത്തിക്കുന്നു.മണ്ഡലം തിരിച്ച് എല്ലാ കാർഡ് ഉടമകൾക്കും APL , BPL വ്യത്യാസമില്ലാതെ 25 രൂപയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനം.

ഈ ചരിത്രപരമായ തീരുമാനത്തിന് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ. കോൺഗ്രസ് പോരാളി എന്ന പേരിലുള്ള പേജില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 92ല്‍ അധികം ലൈക്കുകളും 63ല്‍ അധികം ഷെയറുകളും  ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ യഥാര്‍ഥത്തില്‍ കെപിസിസി ഇത്തരത്തില്‍ ഇറ്റലിയില്‍ നിന്നും വലിയ തോതില്‍ ഉള്ളി എത്തിച്ച് വിലക്കയറ്റം തടയാന്‍ ശ്രമം നടത്തിയോ? 500 ടണ്‍ ഉള്ളി കേരളത്തില്‍ എത്തിച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം സത്യമാണോ എന്ന് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമാണ്.

രാജ്യവ്യാപകമായി വിലക്കയറ്റം നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിലും ഉള്ളിവിലയില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വിലക്കയറ്റത്തിന് കടിഞ്ഞാണിടേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. കെപിസിസി ഇത്തരത്തില്‍ 500 ടണ്‍ ഉള്ളി വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിക്കാമെന്നും 25 രൂപയ്ക്ക് വിതരണം ചെയ്യാമെന്നും എവിടെയും പ്രഖ്യാപനം നടത്തിയിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കാന്‍ മനപ്പൂര്‍വ്വം പ്രചരിപ്പിക്കുന്ന നുണ മാത്രമാണിത്. (കെപിസിസി ഓഫിസ് പ്രതിനിധി)

മാത്രമല്ല മുഖ്യധാര മാധ്യമങ്ങളും ഇത്തരത്തിലൊരു സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നിഗമനം

500 ടണ്‍ ഉള്ളി വിദേശത്ത് നിന്നും കേരളത്തിലേക്ക് കെപിസിസി എത്തിക്കുമെന്ന പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് കെപിസിസി പ്രതിനിധി തന്നെ വ്യക്തമാക്കി കഴിഞ്ഞു. മുഖ്യധാരമാധ്യമങ്ങളിലും ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഉള്ളി വില രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി 25 രൂപയ്ക്ക് ഉള്ളി വിതരണം നടത്താന്‍ പ്രഖ്യാപനം നടത്തിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •