
പ്രചരണം
കഴിഞ്ഞദിവസം യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ ജാൻസിയിൽ വെച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയിരുന്നു. മതം മാറ്റാനുള്ള ശ്രമം ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നും ബജരംഗ്ദല്‍ പ്രവർത്തകരാണ് ഇതിനു പിന്നിലെന്നും വാര്‍ത്തകളില്‍ പറയുന്നു. ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വളരെ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാൻ പോകുന്നത്. മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍റെ ചിത്രവും ഒപ്പം “കന്യാസ്ത്രീകൾക്കെതിരായ സംഘപരിവാർ ആക്രമണം പ്രകോപനപരമായ വസ്ത്രധാരണം മൂലം…. മതപ്രചാരണം നിർത്തിയാൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാം: കുമ്മനം രാജശേഖരൻ എന്നാ വാചകവുമാണ് പ്രചാരത്തിനു ഉപയോഗിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന്‍റെ സ്ക്രീൻഷോട്ട് രൂപത്തിലാണ് ഈ വാർത്ത പ്രചരിക്കുന്നത്. അടിക്കുറിപ്പായി സ്വയംസേവകരെ പ്രകോപിപ്പിക്കത്തക്ക വിധത്തിൽ മതവേഷം ധരിച്ച് ബിജെപി ഭരണപ്രദേശമായ ഉത്തർപ്രദേശിലൂടെ തീവണ്ടിയാത്ര ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: കുമ്മനം രാജശേഖരൻ എന്ന വാചകവും നൽകിയിട്ടുണ്ട്

യുപിയിൽ നടന്ന സംഭവത്തെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തി എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം. ഫാക്റ്റ് ക്രെസണ്ടോ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് പൂർണ്ണമായും വ്യാജപ്രചരണമാണെന്ന് മനസ്സിലായി.
വസ്തുത ഇതാണ്
കൈരളി ചാനലിന്‍റെ ഓണ്‍ലൈന്‍ പതിപ്പിന്‍റെ രൂപത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഞങ്ങൾ പോസ്റ്റിലെ സ്ക്രീൻഷോട്ടില്‍ നൽകിയ വാർത്തയുടെ കീവേര്‍ഡ്സ് ഉപയോഗിച്ച് കൈരളിയുടെയും മറ്റ് മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പിൽ അന്വേഷിച്ചു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത യാതൊരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. മാർച്ച് 19ന് നടന്ന സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാർത്ത നൽകിയിരിക്കുന്നത് മാർച്ച് 23 നാണ്. മലയാള മാധ്യമങ്ങൾ മാർച്ച് 23ന് തന്നെയാണ് വാർത്ത നൽകിയിട്ടുള്ളത്. പോസ്റ്റിലെ സ്ക്രീൻ ഷോട്ടിൽ 2 ദിവസം മുമ്പ് എന്നാണ് കാണാൻ സാധിക്കുന്നത്. എന്നാല്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത് 23 മാർച്ചിനാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ സ്ക്രീന്‍ഷോട്ടില്‍ വൈരുധ്യങ്ങളുണ്ട്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കുമ്മനം രാജശേഖരന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ആനന്ദ് ഞങ്ങൾക്ക് നൽകിയ മറുപടി ഇങ്ങനെയാണ്: “ഇത് പൂർണമായും വ്യാജ വാർത്തയാണ് കുമ്മനം രാജശേഖരൻ ഇത്തരത്തിൽ ഈസംഭവത്തിനെതിരെ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. അദ്ദേഹം ഒരിക്കലും ഇത്തരത്തിൽ ഒരു പരാമർശം നടത്തുകയും ഇല്ല .ഈ സ്ക്രീൻഷോട്ട് വ്യാജമാണ്. അദ്ദേഹം അങ്ങനെ പറഞ്ഞതായി ഏതെങ്കിലും മാധ്യമത്തിൽ ഇതുവരെ വാർത്ത വന്നിട്ടില്ല. വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.”
കൂടാതെ കൈരളി ചാനലിലെ തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടറോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത കൈരളി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് വ്യക്തമാക്കി. യുപിയിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും വ്യാജമാണ്. വാര്‍ത്താ മാധ്യമത്തിന്‍റെ ഓൺലൈൻ പതിപ്പ് എന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. യുപിയിൽ കന്യാസ്ത്രീകളെ ആക്രമിക്കപ്പെട്ട സംഭവത്തിനെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.

Title:യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
