സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകള്‍ ഇടിമിന്നലേറ്റ് നശിച്ചു എന്ന് സര്‍ക്കാര്‍ പറഞ്ഞോ?

രാഷ്ട്രീയം

വിവരണം

സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു.. മിന്നൽ ബിജയൻ ഡാ.. 😄😄😄 എന്ന തലക്കെട്ട് നല്‍കി ഒരു ചില പോസ്റ്റുകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍. എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ദൃശ്യങ്ങള്‍ ഇടിമിന്നലേറ്റ് നശിച്ചുപോയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയെന്നാണ് പ്രചരണങ്ങള്‍ ഉന്നയിക്കുന്ന ആരോപണം. MYL Cyber Wing (എംവൈഎല്‍ സൈബര്‍ വിങ്) എന്ന പേജില്‍ നിന്നും ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 16ല്‍ അധികം റിയാക്ഷനുകളും 32ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ഐഎ ഇത്തരത്തില്‍ സര്‍ക്കാരിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? അഥവ ഉണ്ടെങ്കില്‍ തന്നെ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നും ഇടമിന്നലേറ്റ് നശിച്ചു പോയെന്നും സര്‍ക്കാര്‍ എന്‍ഐഎയോട് വിശദീകരണം നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സിസിടിവി ആരോപണത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രെസ് സെക്രട്ടറിയായ പി.എം.മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

എന്‍ഐഎ സംഘം അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും എന്നാല്‍ സര്‍ക്കാര്‍ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചു പോയെന്ന് മറുപടി നല്‍കിയതായും സംസ്ഥാനത്തെ ഒരു പ്രമുഖ മലയാളം ന്യൂസ് ചാനലാണ് വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ആ ദൃശ്യമാധ്യമം ആ വാര്‍ത്ത തെറ്റാണെന്ന് മനസിലാക്കി പിന്‍വലിച്ചു. സെക്രട്ടറിയേറ്റിലെ എല്ലാ സിസിടിവി ക്യാമറകളും അതിന്‍റെ സ്റ്റോറേജുകളും കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ യാതൊരു വിധ തകരാറും സംഭവിച്ചിട്ടില്ല. എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നോ അല്ലെങ്കില്‍ നിശ്ചിത തീയതികളിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. അതെസമയം ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ പരിശോധിക്കേണ്ടി വന്നാല്‍ അതിനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. മെയ് മാസത്തില്‍ സിസിടിവിയുടെ പവര്‍ സപ്ലൈ യൂണിറ്റിന് തകരാര്‍ വന്നിരുന്നു. എന്നാല്‍ അത് ഉടനടി പരിഹരിക്കുകയും ചെയ്തു. സ്റ്റോറേജിന് യാതൊരു വിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും പ്രെസ് സെക്രട്ടറി പി.എം.മനോജ് പറഞ്ഞു.

നിഗമനം

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴും സുരക്ഷിതമാണ്. ഇടിമിന്നലേറ്റ് സിസിടിവി ക്യാമറകള്‍ക്കും അതിന്‍റെ സ്റ്റോറേജിനും യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രെസ് സെക്രട്ടറി തന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകള്‍ ഇടിമിന്നലേറ്റ് നശിച്ചു എന്ന് സര്‍ക്കാര്‍ പറഞ്ഞോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •