ആലപ്പുഴ നഗരത്തിലെ തിരുമല ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഉത്സവം നടത്തിയോ?

സാമൂഹികം

വിവരണം

ആലപ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന തിരുമല ദേവസ്വം അനന്തനാരായണപുരം ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നൂറോളം പേർ പങ്കെടുക്കുന്ന ഉത്സവം നടന്നു കൊണ്ടിരിക്കുന്നു.. 

ആർ എസ് എസ് നേതൃത്വത്തിന്റെ കീഴിൽ നടക്കുന്ന ഈ ഉത്സവം ലോക് ഡൗണിനു വിപരീതമായി ആണ്  നടക്കുന്നതെന്ന് അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടും നിയമ ലംഘകരായ സംഘ പരിവാറുകാർക്കെതിരെ നിയമപാലകർ മൗനം അവലംബിക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. അതേ സമയം ലോക്ക്ഡൗണിന്റെ മറവിൽ പൗരത്വവിരുദ്ധ സമരക്കാർക്കെതിരെ കള്ളക്കേസ്‌ എടുത്ത്‌ ജയിലിലടക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ചവർക്കെതിരേ ലോക്ക്ഡൗൺ ലംഘിച്ചെന്ന പേരിൽ കേസും..!! എന്ന പേരില്‍ ഒരു സന്ദേശം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു-

ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഒരു ഫോളോവറാണ് സന്ദേശത്തെ കുറിച്ചുള്ള വസ്‌തുത അറിയണമെന്ന ആവശ്യം ഞങ്ങളെ അറിയിച്ചത്. അതുകൊണ്ട് തന്നെ എന്താണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഈ സന്ദേശത്തിന്‍റെ വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ആലപ്പുഴ നഗരത്തില്‍ അനന്ദനാരായണപുരം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുമല ക്ഷേത്രം. കോവിഡ് ലോക്‌‌ഡൗണ്‍ സമയത്തായിരുന്നു ക്ഷേത്രം ഉത്സവം നടന്നതെന്നതും ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചു. എന്നാല്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നോ ഉത്സവം നടത്തിയതെന്ന് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇവയാണ്.

ലോക്‌ഡൗണ്‍ ലംഘിച്ച് ഉത്സവം നടത്തിയെന്ന പേരില്‍ ആലപ്പുഴ സൗത്ത് പോലീസില്‍ യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. അത്തരത്തിലൊരു ലംഘനം നടന്നതായി പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുമല ദേവസ്വം അധികാരി വെങ്കടേശ്വര കമ്മത്തുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു- ക്ഷേത്രോത്സവം പൂജാകര്‍മ്മങ്ങള്‍ മാത്രമായി ലളിതമായിട്ടാണ് ഈ വര്‍ഷം നടത്തിയത്. ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ചടങ്ങുകള്‍. ആരെയും ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് പ്രവേശിപ്പിച്ചിട്ടില്ല. ആള്‍ക്കൂട്ടം ഉണ്ടാകുന്ന ഒരു സ്ഥിതിയും ക്ഷേത്രത്തിലുണ്ടിയിട്ടില്ലയെന്നും വെങ്കടേശ്വര കമ്മത്ത് വ്യക്തമാക്കി. ആലപ്പുഴ ഗ്രീന്‍സോണ്‍ ആയതുകൊണ്ട് തന്നെ ലോക്‌ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പ്രദേശത്തുള്ള ചിലര്‍ അതും വിരലില്‍ എണ്ണാവുന്നവര്‍ ക്ഷേത്രത്തിന്‍റെ ഗോപുര നടയില്‍ തൊഴുത് മടങ്ങാറുണ്ട്. അതും നിയമങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യമാവാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വാട്‌സാപ്പ് സന്ദേശത്തില്‍ അവകാശപ്പെടുന്നത് നൂറോളം പേര്‍ പങ്കെടുത്തു എന്നതാണ്. എന്നാല്‍ ചിത്രത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണുള്ളത്. അതും അവര്‍ ക്ഷേത്രത്തിന് പുറത്തുള്ള ഗോപുരത്തിനടുത്താണ് നില്‍ക്കുന്നതെന്നതും ഞങ്ങള്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ ക്ഷേത്രത്തിന്‍റെ ഭരണസമതിയും ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ല. സപ്തഗ്രാമ തിരുമല ദേവസ്വം തെരഞ്ഞെടുപ്പിലൂടെയാണ് ക്ഷേത്രം ഭരണസമിതി അധികാരത്തിലെത്തുന്നത്. അതായത് തിരമല ദേവസ്വത്തിന്‍റെ ഏഴ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ വോട്ട് ചെയ്താണ് ഭരണസമിതി ചുമതല നല്‍കുന്നത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ പ്രത്യേക മുന്‍ഗണനയോ സ്ഥാനമോ നല്‍കാറില്ലെന്നും ദേവസ്വം അധികാരികള്‍ വ്യക്തമാക്കി.

നിഗമനം

പോലീസിനോ ജില്ലാ ഭരണകൂടത്തിനോ ഇത്തരമൊരു ലോക്ക്ഡൗണ്‍ ലംഘനത്തെ കുറിച്ച് അറിവുള്ളതല്ല. അന്വേഷണത്തില്‍ നിന്നും വാട്‌സാപ്പ് സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്നും അടിസ്ഥാന രഹിതമാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

Avatar

Title:ആലപ്പുഴ നഗരത്തിലെ തിരുമല ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഉത്സവം നടത്തിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •