മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി കോൺഗ്രസ്സിന് വോട്ടുചെയ്യാൻ തീരുമാനിച്ചോ..?

രാഷ്ട്രീയം

വിവരണം

archived link
Kerala cyber congress FB post

” മോദിക്ക് പാവപ്പെട്ടവന്റെ വിഷമം മനസ്സിലാവില്ല.  രാജ്യത്തിന്റെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണ്. എന്റെയും കുടുംബത്തിന്റെയും വോട്ട് കോൺഗ്രസ്സിനാണ്. എന്ന് മുൻ കേന്ദ്ര മന്ത്രി മുരളി മനോഹർ ജോഷി അഭിപ്രായപ്പെട്ടതായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.  Indian National Congress Kerala cyber wing എന്ന പേജിൽ മാർച്ച് 26 നു  പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഏതാണ്ട് 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇതേ ചിത്രം Indian National Congress Poonjar ന്റെ പേജിൽ നിന്നും മാർച്ച് 26 നുതന്നെ  പോസ്റ്റു  ചെയ്തിട്ടുണ്ട്. ഇതിനു 7200 ഷെയറുകളായിട്ടുണ്ട്. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ  അദ്വാനിയും മുരളി മനോഹർ ജോഷിയും പാർട്ടിയുടെ തീരുമാന പ്രകാരം  ഇത്തവണ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് വാർത്തയുണ്ടായിരുന്നു. ഇതേതുടർന്ന് വിവിധ അഭിപ്രായങ്ങളും അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ പോസ്റ്റ് ആ ഗണത്തിൽ പെടുന്നതാണോ അല്ലെങ്കിൽ മുരളി മനോഹർ ജോഷി ഇപ്രകാരം അഭിപ്രായ പ്രകടനം നടത്തിയോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം. കോൺഗ്രസ്സ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പത്രികയിൽ ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 12000 രൂപ വാഗ്ദാനം ചെയ്തിട്ടുള്ളതായി വാർത്തയുണ്ടായിരുന്നു.

വസ്തുതാ വിശകലനം

ഞങ്ങൾ ഇതേപ്പറ്റി പ്രമുഖ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും ബിജെപി, കോൺഗ്രസ്സ് എന്നിവരുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും വാർത്ത തിരഞ്ഞു. ഒരിടത്തും ഇത്തരമൊരു പ്രസ്താവന മുരളി മനോഹർ ജോഷി നടത്തിയതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. ദേശീയ തലത്തിലുള്ള മാധ്യമങ്ങളിലും  ഇത്തരത്തിൽ ഒരു വാർത്ത വന്നിട്ടില്ല. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അദ്ദേഹത്തിൻറെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. അവിടെ  നിന്നും  അറിയാൻ കഴിഞ്ഞത് മുരളി മനോഹർ ജോഷി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ്. അവർ വാർത്ത  പൂർണമായും നിഷേധിച്ചു. ഇതിൽ നിന്നും ഇതൊരു വ്യാജ വാർത്തയാണെന്ന്  അനുമാനിക്കാം.

ഭാരതീയ ജനതാ പാർട്ടി സംഘടനാ സെക്രട്ടറി രാംലാൽ 2019 ലോക് സഭാ  തെരെഞ്ഞെടുപ്പിൽ കാൺപൂരിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ  മത്സരിക്കരുത് എന്നാവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുരളി മനോഹർ ജോഷി വോട്ടർമാർക്കുള്ള അറിയിപ്പായി നൽകിയതിന്‍റെ കോപ്പി പ്രമുഖ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു.

അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളും ഞങ്ങൾ പരിശോധിച്ചു. മുരളി മനോഹർ ജോഷി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതായി പോസ്റ്റുകളില്ല.

നിഗമനം

ഈ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തയാണ്. ഇത്തരമൊരു പ്രസ്താവന മുരളി മനോഹർ ജോഷി എവിടെയും നടത്തിയിട്ടില്ല. വാസ്തവമറിയാതെ മാന്യ വായനക്കാർ പോസ്റ്റ് ഷെയർ ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി കോൺഗ്രസ്സിന് വോട്ടുചെയ്യാൻ തീരുമാനിച്ചോ..?

Fact Check By: Deepa M 

Result: False

 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share