
വിവരണം
സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രധാനമായും വാട്‌സാപ്പിലാണ് ഇത് പ്രചരിക്കുന്നത്. ട്രോള്‍ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 346ല്‍ അധികം റിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 24 ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് പോലെ സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് വകുപ്പ് ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇരട്ടി വില വര്‍ദ്ധന എന്ന വാര്‍ത്ത വന്നതോടെ ഞങ്ങളുടെ പ്രതിനിധി 24 ന്യൂസിന്‍റെ വെബ്‌സൈറ്റില്‍ ഈ വാര്‍ത്ത പരിശോധിച്ചു. എന്നാല്‍ വാര്‍ത്ത 24 ന്യൂസ് നീക്കം ചെയ്തതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അവരുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം മറ്റ് സമൂഹമാധ്യമങ്ങളിലെ പേജുകള്‍ പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് അതിലൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതും അവര്‍ നീക്കം ചെയ്തതാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി 24 ന്യൂസ് വെബ് ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ടു. വെബ് ഡെസ്ക് പ്രതിനിധിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു-
സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് വില കൂട്ടാന്‍ തീരുമാനിച്ചെന്നും ഇത്രയും ഭീമമായ തുകയാണ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും 24 ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം അദ്ദേഹം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വെബ്‌ഡെസ്ക് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി ഇതെ കുറിച്ച് ഉത്തരവിറക്കിയിട്ടില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു എന്നും വെബ്‌ഡെസ്ക് പ്രതിനിധി പറഞ്ഞു.
24 ന്യൂസ് വെബ്‌സൈറ്റില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്തപ്പോള്‍-

മറ്റൊരു മാധ്യമങ്ങളും ഇതെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. കൂടാതെ എക്‌സൈസ് അബ്കാരി ഡെപ്യൂട്ടി കമ്മീഷണറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും സര്‍ക്കാര്‍ ഇതുവരെ ഇത്തരമൊരു ഉത്തരവിറക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്നും തെറ്റായ പ്രചരണമാണിതെന്നും മറുപടി ലഭിച്ചു.
നിഗമനം
സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 24 ന്യൂസ് നല്‍കിയ തെറ്റായ വാര്‍ത്തയാണിതെന്നതും പിന്നീട് വാര്‍ത്ത നീക്കം ചെയ്തു എന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
