ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി: പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്…

പ്രാദേശികം സാമൂഹികം

പതിവ് വീട്ടു രുചികളിൽ നിന്നും ഹോട്ടൽ ഭക്ഷണം പലർക്കും ഒരു മാറ്റം മാത്രമല്ല, ദിവസ തൊഴിലാളികൾ പോലെയുള്ളവർക്ക് ആവശ്യകത കൂടിയാണ്. ഹോട്ടൽ ഭക്ഷണത്തിന് ആവശ്യക്കാർ ഏറി വരുന്നു എന്നതിന് തെളിവാണ് ഗ്രാമപ്രദേശങ്ങളിൽ പോലും ഉയർന്നുവരുന്ന ഭക്ഷണശാലകൾ.  മായം കലർന്നതോ പഴകിയതോ ആയ ഭക്ഷണം ഹോട്ടല്‍ ഉപഭോക്താക്കളുടെ വലിയ വെല്ലുവിളിയാണ്. 

ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം ആരോഗ്യവകുപ്പ് പിടിച്ചെടുത്ത വാർത്തകളും ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ഇപ്പോൾ ആലപ്പുഴയിൽ ഒരു ഭക്ഷണശാലയിൽ പട്ടി ഇറച്ചി പിടികൂടി എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട് 

 പ്രചരണം

“ആലപ്പുഴയിൽ ഹോട്ടൽ റെയിഡ് ചെയ്ത് പട്ടി ഇറച്ചി പിടിച്ചപ്പോൾ. ഈ ഹോട്ടലുകാർ സ്ഥിരം പട്ടിയിറച്ചി പാചകം ചെയ്‌തു മട്ടൻ ആണെന്ന് തെറ്റുധരിപ്പിച്ചു വില്പന നടത്തുകയായിരുന്നു..!|” എന്ന വിവരണത്തോടെ അശോക ഹോട്ടൽ ഉൾപ്പെടെ ആറ് ചിത്രങ്ങളാണ് ഉള്ളടക്കത്തിൽ നൽകിയിട്ടുള്ളത്.  

FB postarchived link

എന്നാല്‍ പോസ്റ്റിലെ പ്രചരണം തെറ്റാണെന്നും ആലപ്പുഴയില്‍ ഭക്ഷണശാലയില്‍ പട്ടിയിറച്ചി പിടിച്ചെടുത്ത സംഭവം ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ചിത്രത്തില്‍ ആലപ്പുഴയിലെ ആശോക ഹോട്ടല്‍ എന്ന പേരില്‍ നല്കിയിരിക്കുന്ന ചിത്രം കല്‍ക്കട്ട ഹൌറയിലെ ആശോക ഹോട്ടലിന്‍റേതാണ്. ഹോട്ടലിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ സമാന ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രസ്തുത ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടിച്ചെടുത്തതായി 2018 ല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളുടെയും പേരുകള്‍ ഈ ചിത്രങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. 

ആലപ്പുഴയില്‍ ആശോക ഹോട്ടല്‍ എന്ന പേരില്‍ ഹോട്ടല്‍ ഇല്ലെന്നും ഇവിടെ ഒരു ഹോട്ടലിലും പട്ടിയിറച്ചി വില്‍ക്കുന്നതായി ഇതുവരെ പരാതികള്‍ ഒന്നും വന്നിട്ടില്ലെന്നും ജില്ലയിലെ ഒരു ഹോട്ടലില്‍ നിന്നുപോലും പട്ടിയിറച്ചി പിടികൂടിയിട്ടില്ലെന്നും ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ജില്ലാ ആരോഗ്യ വകുപ്പ് അധികാരികളും ആരോപണം നിഷേധിച്ചു. ഇവിടെ ഒരു ഹോട്ടലിനെതിരെയും ഇങ്ങനെ പരാതി വന്നിട്ടില്ല. വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥ വ്യക്തമാക്കി.  

 ഡെറാഡൂണിലെ അശോക ഹോട്ടലിന്‍റെ പേരില്‍ ഈ ആരോപണം വന്നതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ഡെറാഡൂൺ എന്ന ട്വിറ്റർ ഹാൻഡിൽ വഴി ആരോപണം നിഷേധിച്ച് ട്വീറ്റ് ചെയ്തിരുന്നു. 

അശോക ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി എന്ന ഉള്ളടക്കങ്ങളുടെ ഭൂരിഭാഗവും 2018 മെയ് മാസത്തിലേതാണ്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്‍റെ റെയ്ഡുകളെത്തുടർന്ന് കൊൽക്കത്തയിലെ നിരവധി ഭക്ഷണശാലകളിൽ നിന്ന് പഴകിയ മാംസം കണ്ടെടുത്തതായി പ്രസ്താവിക്കുന്ന വാർത്താ റിപ്പോർട്ടുകൾ വന്നിരുന്നു.  ടൈംസ് ഓഫ് ഇന്‍ഡ്യ വാര്‍ത്ത പ്രകാരം: 

“ ഹൌറ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഡപ്യൂട്ടി മേയര്‍, ഭാസ്കർ ഭട്ടാചാര്യ പറയുന്നതിങ്ങനെ: “റെസ്റ്റോറന്‍റുകൾ ആട്ടിറച്ചിയും ചിക്കനും ആണെന്ന് അവകാശപ്പെടുന്നത് യഥാർത്ഥത്തിൽ മറ്റ് മൃഗങ്ങളുടെയോ പക്ഷികളുടെയോ ശവത്തിൽ നിന്നുള്ള മാംസമാണെന്ന് ഞങ്ങൾ സംശയിക്കുന്നു. പിടിച്ചെടുത്ത മാംസവും മത്സ്യവും 20-25 ദിവസത്തോളം ശീതീകരിച്ച് സൂക്ഷിച്ചിരുന്നതായി ഹോട്ടൽ ഉടമകൾ സമ്മതിച്ചു. പിടിച്ചെടുത്ത മാംസം ഞങ്ങൾ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്കും ചിലത് സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയിലേക്കും അയയ്ക്കുമെന്ന് ഉറപ്പാണ്.

സ്റ്റേഷൻ പരിസരത്തെ അറിയപ്പെടുന്ന റെസ്റ്റോറന്‍റായ അശോക ഹോട്ടലിന്‍റെ ഉടമ പറഞ്ഞു, “ഞങ്ങൾ മറ്റേതെങ്കിലും മൃഗത്തിന്‍റെയോ പക്ഷിയുടെയോ ജഡത്തിൽ നിന്നുള്ള മാംസം സംഭരിക്കുകയോ നൽകുകയോ ചെയ്യുന്നില്ല. ഞങ്ങൾ ഫ്രോസൺ ചിക്കനും മട്ടണും സൂക്ഷിച്ചിരുന്നു. പക്ഷേ, അത് എങ്ങനെ ഫംഗസ് ബാധിച്ചെന്നുറിയില്ല. ഏതായലും ഈ മാംസം ഉപഭോക്താക്കൾക്ക് പാകം ചെയ്യുകയോ  വിളമ്പുകയോ ഉണ്ടായില്ല.

ഹൗറയിലെ അശോക ഹോട്ടലാണ് പഴകിയ മാംസം പിടികൂടിയ റസ്റ്റോറന്‍റുകളിൽ ഒന്ന്. പിടികൂടിയ മാംസവും മത്സ്യവും ഫംഗസ് ബാധയുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, നായ മാംസത്തെക്കുറിച്ച് ഒരു പരാമർശവുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എൻ‌ഡി‌ടി‌വിയുടെ ഒരു വീഡിയോ വാര്‍ത്ത: 

 <iframe width=”831″ height=”665″ src=”https://www.youtube.com/embed/4x3S1BvjHsY” title=”Kolkata Rotten Meat Racket: West Bengal Police Form Team, 10 Arrested” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

ഈ അവകാശവാദത്തോടൊപ്പം പ്രചരിച്ച, തൂങ്ങിക്കിടന്ന നായയുടെ മൃതദേഹം കാണിക്കുന്ന ഫോട്ടോയുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  വിയറ്റ്നാമിനെ പരാമർശിച്ച് 2011-ൽ ഇതേ ചിത്രം farsnews എന്ന വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ ചിത്രത്തിന് ആലപ്പുഴയുമായി ബന്ധമൊന്നുമില്ലെന്ന് ഉറപ്പിക്കാനാകും. 

ഒരു കൂട്ടം നായ്ക്കളെ കാണിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്‌സ് അന്വേഷണം നടത്തിയപ്പോള്‍  തെക്കുകിഴക്കൻ ഏഷ്യയിലെ നായ മാംസത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ ഇത് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 2013 സെപ്റ്റംബറിലാണ് റിപ്പോർട്ട്.

അതിനാല്‍ ഈ ചിത്രങ്ങള്‍ക്ക് ആലപ്പുഴയുമായി യാതൊരു ബന്ധവുമില്ല എന്നു വ്യക്തമാണ്. 

നിഗമനം 

പോസ്റ്റിലെ ആരോപണം തെറ്റാണ്. ആലപ്പുഴയില്‍ അശോക ഹോട്ടലില്‍ നിന്നുംഅധികൃതര്‍ പട്ടിയിറച്ചി പിടികൂടി എന്നു പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് 2018 ല്‍ ഹൌറയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ മാസം പിടികൂടിയതിന്‍റെ ചിത്രങ്ങളും കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുമാണ്. ആലപ്പുഴയില്‍ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി: പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False