ഡിസംബർ 17 ലെ ഹർത്താൽ നേരിടാൻ കേന്ദ്രസേന എത്തുമോ…?

രാഷ്ട്രീയം

വിവരണം 

Santhan Valayamkunnil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 2019 ഡിസംബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1800  റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിലുള്ളത് പട്ടാള സേനാ വിഭാഗം മാർച്ചു ചെയ്യുന്ന ചിത്രവും ഒപ്പം “ഡിസംബർ 17  ലെ ഹർത്താൽ. കേരളത്തിൽ കേന്ദ്രസേന ഇറങ്ങുന്നു. 17 നു നടക്കുന്ന ഹർത്താലിൽ അക്രമമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എൻഐഎ” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. 

archived linkFB post

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി കേരളത്തിൽ ഡിസംബർ 17 ന് ചില സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത് എന്ന് വ്യക്തമല്ല. ഈ ഹർത്താലിന് അക്രമം ഉണ്ടാക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്ന് എൻഐഎ അറിയിച്ചുവെന്നും ഹർത്താലിൽ അക്രമങ്ങളെ നേരിടാൻ കേന്ദ്രസേന എത്തുമെന്നുമുള്ള വാർത്തയാണ് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. 

ഈ വാർത്ത സത്യമാണോ അതോ വെറും വ്യാജ പ്രചരണമാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വസ്തുത അറിയാനായി ആദ്യം ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു നോക്കി. ഇത്തരത്തിൽ ഒരു വാർത്ത ആരും പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിൽ   ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ കേരളത്തിൽ പൗരത്വ ബില്ലിനെ എതിർക്കുന്നുണ്ട്. എന്നാൽ ഇരുകൂട്ടരും ഹർത്താലിൽ പങ്കെടുക്കുന്നതായി ഔദ്യോഗികമായി ഇതുവരെ വാർത്തകളില്ല. 

ഈ വാർത്തയുടെ സ്ഥിരീകരണത്തിനായി ഞങ്ങൾ കൊച്ചിയിലുള്ള എൻഐഎ ഓഫീസുമായി ബന്ധപ്പെട്ടു. “ഞങ്ങള്‍ ഇങ്ങനെ ഒരു അറിയിപ്പ് ആർക്കും നൽകിയിട്ടില്ല. ഈ വാർത്തയ്ക്ക് എൻഐഎയുടെ യാതൊരു ബന്ധവുമില്ല” ഇങ്ങനെയാണ് എൻഐഎയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

കൂടാതെ ഞങ്ങൾ കേരള പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാർ ഞങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇത് വെറും വ്യാജ വാർത്ത ആണെന്നാണ് “ഈ ഹർത്താൽ ഇതുവരെ ഔദ്യോഗികമായി നോട്ടീസ് തരാതെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ ഹർത്താലിൽ മുന്നറിയിപ്പായി  കേരള പോലീസ് വാർത്താ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.”

കേരള പോലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പ് താഴെ കൊടുക്കുന്നു 

ഹർത്താലിനെപ്പറ്റി കേരള പോലീസ് പുറത്തിറക്കിയ മറ്റൊരു വാർത്താ കുറിപ്പ് താഴെ കൊടുക്കുന്നു.

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ
പത്രക്കുറിപ്പ്
16.12.2019
    
*ഹര്‍ത്താല്‍: ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി; അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ ഉടനടി നീക്കം ചെയ്യും*
 
ഒരു വിഭാഗം സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും. ജില്ലകളിലെ സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും. റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ തന്നെ പോലീസ് സംഘത്തെ നിയോഗിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ പിക്കറ്റും പട്രോള്‍ സംഘവും ഇന്നു വൈകിട്ടു തന്നെ ഏര്‍പ്പെടുത്തും. പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗ്ഗങ്ങളും പോലീസ് ഉറപ്പാക്കുന്നതാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
 
2019 ജനുവരി ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസത്തെ നോട്ടീസ് ആവശ്യമാണ്. ഈ നിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നിയമവിധേയമല്ല.
 
ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെ.എസ്.ഇ.ബി , കെ.എസ്.ആര്‍.ടി.സി മുതലായ സ്ഥാപനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും സഞ്ചരിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കും.
 
പൊതു/സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരവും സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും സിവില്‍ കേസ് എടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ സാന്നിധ്യം ഉറപ്പാക്കും. പോലീസ് കണ്‍ട്രോള്‍ റൂമുകളോടു ചേര്‍ന്ന് ഫയര്‍ഫോഴ്സ്, സ്ട്രൈക്കിങ് സംഘങ്ങളെ ഒരുക്കി നിര്‍ത്തും. ഹര്‍ത്താല്‍ ദിവസം ക്രമസമാധാനം ഉറപ്പാക്കുന്നതിന് സംസ്ഥാനതലത്തില്‍ പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും സേവനം ഉറപ്പാക്കും.
 
സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതല്ല. അനുമതി ഇല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സമരാനുകൂലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനുമായി സംസ്ഥാനത്തെമ്പാടും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
 
ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാസംവിധാനമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. 17ന് അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ നേരിടാൻ കേന്ദ്ര സേന എത്തും എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ്.

നിഗമനം 

ഈ പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. കേരളത്തിൽ ചില സംഘടനകൾ ഡിസംബർ 17 ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ നിയമാനുസൃതമല്ല. ഹർത്താലിനെ നേരിടാൻ കേന്ദ്ര സേന എത്തുമെന്ന വാർത്ത അടിസ്ഥാനമില്ലാത്തതാണ്. എൻഐഎ ഹർത്താലിനെ നേരിടുന്ന കാര്യത്തിൽ യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ല. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ഡിസംബർ 17 ലെ ഹർത്താൽ നേരിടാൻ കേന്ദ്രസേന എത്തുമോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •