കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് കണ്ട് ഭയന്ന് ഓടി വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

കെഎസ്ആര്‍ടിസിക്ക് നിരവധി സര്‍വീസുകളാണ് സംസ്ഥാനത്തും ഇവിടെ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുമുള്ളത്. ഇതില്‍ ഓരോ സര്‍വീസുകള്‍ക്കും വിവിധ പേരുകള്‍ നല്‍കി ഇത്തരം ബസുകള്‍ തിരിച്ചറിയാന്‍ പല നിറങ്ങളിലുള്ള ഡ‍ിസൈനുകളിലാണ് ബസുകളെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച ഒരു സര്‍വീസിന് നല്‍കിയിരിക്കുന്ന ഡിസൈന്‍ സംബന്ധിച്ച പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദീര്‍ഘദൂരം സമയം ലാഭിച്ച് നഗരങ്ങളിലെ തിരക്കൊഴിഞ്ഞ് കേരളത്തിലെ ബൈപാസുകളിലൂടെ മാത്രം സര്‍വീസ് നടത്തുന്ന ഫീ‍ഡര്‍ സര്‍വീസുകളെ കുറിച്ചാണ് പോസ്റ്റുകള്‍ നിറയുന്നത്. വെള്ളയില്‍ ഓറഞ്ച് നിറത്തിലുള്ള നിറയെ വരകളുള്ള ഡിസൈനിലാണ് ബസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ബസ് വഴിയില്‍ കണ്ട് ഭയന്ന് ഓടി വീണ് എറണാകുളത്ത് രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ കെഎസ്ആര്‍ടിസി മേലധികാരികള്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും പോസ്റ്റില്‍ പറയുന്നു. പിന്നീട് ഒരു സ്കൂട്ടര്‍ യാത്രികനും ബസ് കണ്ട് ഭയന്ന് വീണെന്നുമാണ് പ്രചരണം. ഒരു വാര്‍ത്ത രൂപേണ എഴുതിയ പോസ്റ്റാറാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. 5എം വ്യൂസ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 311ല്‍ അധികം റിയാക്ഷനുകളും 32ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു സംഭവം എറണാകുളം ജില്ലയില്‍ നടന്നിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ബസ് കണ്ട് പേടിച്ച് അപകടം എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഈ വാര്‍ത്ത പോസ്റ്ററിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എറണാകുളം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുമായി (ഡിടിഒ) ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

ഇത്തരത്തില്‍ ഒരു സംഭവവും ഇതെ തുടര്‍ന്നുള്ള പരാതിയും ജില്ലയില്‍ ഫീഡര്‍ സര്‍വീസിനെതിരെ ലഭിച്ചിട്ടില്ല. സര്‍വീസിനെ മോശമായി കാണിക്കാന്‍ ആരോ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണിത്. ഫീഡര്‍ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് വലിയ ഉപാകരപ്രദമാണെന്നും സുഗമമായി സര്‍വീസ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു അപകടത്തെ കുറിച്ച് വാര്‍ത്തകളുണ്ടോ എന്ന് അറിയാന്‍ ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും യാതൊന്നും തന്നെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

നിഗമനം

കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വീസ് ബസ് കണ്ട് ഭയന്ന് വീണ് രണ്ട് കുട്ടികള്‍ക്കും ഒരു സ്കൂട്ടര്‍ യാത്രികനും പരുക്കേറ്റു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് കണ്ട് ഭയന്ന് ഓടി വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •