മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശികളെ ഒളിച്ചുവച്ചു എന്ന് വ്യാജ പ്രചരണം

Coronavirus ആരോഗ്യം സാമൂഹികം

വിവരണം 

കോവിഡ് 19 വൈറസ് ബാധ പടരാതിരിക്കാനായി കഴിയുന്ന എല്ലാ ശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സന്നദ്ധ സംഘടനകളും ആരോഗ്യ  പ്രവർത്തകരും കർമ്മ നിരതരായി രംഗത്തുണ്ട്. കോവിഡ്19 പടരാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇവർ മുൻ‌തൂക്കം നൽകുന്നത്. വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയാനായി എല്ലാ പഴുതുകളും കർശനമായി അടയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതിൽ ആദ്യത്തെ ഘട്ടമാണ് വിദേശികളുടെയും അയൽ സംസ്ഥാനത്തു നിന്നുള്ള ആളുകളുടെയും സമ്പർക്ക വിവരങ്ങൾ ശേഖരിക്കുക എന്നുള്ളത്. ഇത് പൂർണ്ണമായി വിജയം കൈവരിച്ചു എന്നാണ് കരുതുന്നത്. ഇതിനിടയിൽ മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. അവിടെ സ്വദേശികളും വിദേശികളും നിത്യവും സന്ദർശിക്കുന്ന സ്ഥലമാണ്. അതിനാൽ വാർത്തയ്ക്ക് വളരെ ഷെയർ ലഭിക്കുന്നുണ്ട്. “ഈ ചതി വേണ്ടിയിരുന്നില്ല. മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ ഇറ്റാലിയൻ ചൈനീസ് വിദേശികളെ ഒളിച്ചുവച്ചു. രോഗലക്ഷണങ്ങൾ ഉണ്ടെന്നു സംശയിക്കുന്ന 68  വിദേശികളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇവരുമായി ബന്ധപ്പെട്ട നൂറോളം ആൾക്കാരെ നിരീക്ഷണത്തിൽ വച്ചു. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം നിന്നുള്ളവർ ലൈക്ക് അടി”

archived linkFB Post

ആരോഗ്യ വകുപ്പിനെ അറിയിക്കാതെ ഇറ്റലിയിലെയും ചൈനയിലെയും വിദേശികളെ മഠത്തില്‍ ഒളിപ്പിച്ചു എന്നാണ് പോസ്റ്റിലെ ആരോപണം. ഈ വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിലെ വാർത്തയുടെ യാഥാർഥ്യം അറിയാനായി ഞങ്ങൾ ആദ്യം കൊല്ലം കളക്റ്ററേറ്റുമായി ബന്ധപ്പെട്ടു. ഇത് വെറും വ്യാജ പ്രചരണമാണെന്നാണ് അവിടെ നിന്നും ഉദ്യോഗസ്ഥൻ അറിയിച്ചത്. മഠത്തിൽ വിദേശികളുണ്ട്. എന്നാൽ അവിടെ വന്നവരുടെ വിവരങ്ങൾ കൃത്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. കോവിഡ് 19 വ്യാപിക്കുന്നതിന് മുമ്പാണ് ഇവിടെ വിദേശികൾ എത്തിയത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കുകയും വേണ്ട മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിരുന്നു. അല്ലാതെ വരുന്ന വാർത്തകളെല്ലാം വ്യാജ പ്രചാരണങ്ങളാണ്

കൂടാതെ കരുനാഗപ്പള്ളി സിഐ മഞ്ജുലാൽ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്. ഇത് തീർത്തും തെറ്റായ പ്രചരണമാണ്. മഠത്തിലെ വിദേശികളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധന നടത്തുകയാണുണ്ടായത്. അവിടെ എത്തിയ വിദേശികളുടെ വിവരങ്ങൾ കൃത്യമായി മഠ അധികൃതർ കൈമാറിയിരുന്നു. നിയമം തെറ്റിച്ച് അവർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. സർക്കാർ നിർദേശം പാലിച്ചാണ് പരിശോധന നടത്തിയത്. ഇതുവരെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വ്യാജ പ്രചരണത്തിനെതിരെ കേസെടുക്കും.  

കൂടാതെ ഫേസ്‌ബുക്കിൽ ഡോ. അനിൽ മുഹമ്മദ് എന്ന വ്യക്തി അമൃതാനന്ദമയി മഠത്തിനെ പറ്റി പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജ പ്രചാരണമാണ് എന്നൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു.   ഞങ്ങൾ ഈ വ്യക്തിയുമായി ബന്ധപ്പെട്ടു. അദ്ദേഹം കൊല്ലം കെഎംഎംഎൽ ഉദ്യോഗസ്ഥനും എന്‍റെ റേഡിയോ എന്ന പ്രാദേശിക റേഡിയോ ചാനലിന്‍റെ ഉടമയുമാണ്. അദ്ദേഹത്തോട് ഞങ്ങൾ വാർത്തയെ പറ്റിയും ഇങ്ങനെയൊരു പോസ്റ്റ് നല്കാനുണ്ടായ സാഹചര്യത്തെ പറ്റിയും അന്വേഷിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇപ്രകാരമാണ്. ഇങ്ങനെയൊരു പ്രചരണം വന്നപ്പോൾ ജില്ലാ കലക്‌ടർ, കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമീഷണർ, കരുനാഗപ്പള്ളി താലൂക് ആശുപതിയിലെ ഡോക്ടർ അനൂപ് കൃഷ്ണൻ എന്നിവരുമായി ഞാൻ ഈ കാര്യം ചർച്ച ചെയ്തു. ഇത് വെറും വ്യാജ പ്രചരണമാണെന്ന്  അവരെല്ലാം വിശദീകരണം തന്നതിനെ തുടർന്നാണ് ഞാൻ ഈ വാർത്ത പോസ്റ്റ് ചെയ്തത്. ഈ വാർത്തയെ തുടർന്ന് ആളുകൾ പൊതുവെ പരിഭ്രാന്തരാകുന്നുണ്ടായിയുന്നു. അതാണ് പോസ്റ്റ് ഇടാൻ കാരണം.”

archived link

അമൃതാനന്ദമയി മഠം അനധികൃതമായി വിദേശികളെ ഒളിപ്പിക്കാൻ ശ്രമിച്ചു എന്ന് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ ഇറ്റാലിയൻ ചൈനീസ് വിദേശികളെ ഒളിച്ചുവച്ചു എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ അടിസ്ഥാനമില്ലാത്തതാണ് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതിനാൽ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.

Avatar

Title:മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശികളെ ഒളിച്ചുവച്ചു എന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശികളെ ഒളിച്ചുവച്ചു എന്ന് വ്യാജ പ്രചരണം

  1. This report is much appreciated. We have all kinds of false news being circulated on Malayalam social media platforms. I really really hope that you will continue to be objective in your analysis and will always keep humanitarian and national interests as your priority. Thank you.

Comments are closed.