
വിവരണം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും വരുന്ന വാർത്തകൾ ഏറെ ആശാസ്യകരമാണ്. മേയ് രണ്ടിനും നാലിനും ഒരു കേസ് പോലും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചികിത്സയിൽ ഉള്ള രോഗികളിൽ ഏറെപ്പേരും രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും തിരികെ പൊയ്ക്കൊണ്ടിരുന്നു. മുഖ്യമന്ത്രി ദിവസവും നടത്തുന്ന വാർത്താ സമ്മേളനത്തിൽ കേരളത്തിലെ അവസ്ഥയുടെ ചിത്രം വ്യക്തമായി പങ്കുവയ്ക്കുന്നു.
ഇതിനിടെ ട്വിറ്ററിൽ പ്രചരിച്ച ഒരു വാർത്തയുടെ സത്യാവസ്ഥ അറിയാനായി വായനക്കാർ ഞങ്ങളുടെ വാട്ട്സ് ആപ്പിൽ പങ്കുവച്ചിരുന്നു.

ട്വീറ്റിൽ നൽകിയിരിക്കുന്ന വിവരത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ്: “എറണാകുളം ഗ്രീൻ സോണായിരുന്നു. വീണ്ടും തുറന്ന ഒറ്റ ദിവസം കൊണ്ട് , ഇതിനകം തന്നെ ഒരൊറ്റ പ്രദേശത്ത് 16 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗ്രീൻ സോണിൽ നിന്ന് 6 മണിക്കൂറിനുള്ളിൽ ഹോട്ട്‌സ്പോട്ടിലേക്ക്! @വിജയൻപിണറായി മികച്ച കേരള മോഡൽ നിങ്ങൾ ഇവിടെ നടക്കുന്നു”
എന്നാൽ ഈ പ്രചാരണം പൂർണ്ണമായും തെറ്റാണ്. യാഥാർഥ്യം ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാനായി എറണാകുളം കളക്ട്രേറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഞങ്ങൾ പോലീസ് കമീഷണറുടെ കാര്യാലയവുമായി ബന്ധപ്പെട്ടു. ഈ വാർത്ത വെറും വ്യാജ പ്രചാരണമാണെന്നും കൂടുതൽ വിവരങ്ങൾക്ക് കൊറോണ കൺട്രോൾ റൂമുമായി ബന്ധപ്പെടാനും നിർദ്ദേശം ലഭിച്ചു. അവിടെ നിന്നും ഞങളുടെ പ്രതിനിധിക്ക് ലഭിച്ച വിവരങ്ങൾ ഇങ്ങനെയാണ്: എറണാകുളത്ത് അവസാന കോവിഡ് രോഗി മെയ് മാസം ഒന്നാം തിയതി ആശുപത്രി വിട്ടിരുന്നു. നിലവിൽ ജില്ലയിൽ കോവിഡ് രോഗികളില്ല. ഹൈ -റിസ്ക്, ലോ-റിസ്ക് വിഭാഗത്തിൽ കുറെ പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിലവിൽ മൂന്ന് ഹോട്ട് സ്പോട്ടുകളുമുണ്ട്. ഇതല്ലാതെ പുതുതായി കോവിഡ് ബാധിതരോ ഹോട്ട് സ്പോട്ടുകളോ ജില്ലയിൽ ഇല്ല.”
കൂടാതെ സംസ്ഥാന സർക്കാരിന്‍റെ ആരോഗ്യ മന്ത്രാലയം കോവിഡ് രോഗബാധയെപ്പറ്റി ദിവസേന ബുള്ളറ്റിൻ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. മേയ് നാലിന് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.



എറണാകുളം ജില്ലാ കലക്റ്റർ എസ് സുഹാസ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ എറണാകുളം ജില്ലയിലെ കോവിഡ് രോഗബാധയുടെ കൃത്യമായ സ്ഥിതിവിവര കണക്കുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. മെയ് നാലിന് പ്രസിദ്ധീകരിച്ച പോസ്റ്റാണ് താഴെ:
എറണാകുളം ജില്ലയില്‍ നിലവില്‍ ഒരു കോവിഡ് രോഗി പോലുമില്ലെന്നും ഗ്രീന്‍ സോണായി ജില്ലയെ പ്രഖ്യാപിച്ചു എന്നുമുള്ള ഒരു വാര്‍ത്ത ലഭിച്ചത് താഴെ കൊടുക്കുന്നു
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. എറണാകുളം ഇപ്പോഴും ഗ്രീൻ സോണാണ്. പുതിയ രോഗബാധ ഈ അടുത്ത കാലത്തൊന്നും, റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ ആദ്യവാരമാണ് ഒടുവിൽ എറണാകുളത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തു എന്ന തരത്തിൽ പുറത്തു വരുന്നതെല്ലാം വ്യാജ പ്രചാരണങ്ങളാണ്.

Title:എറണാകുളത്ത് പുതുതായി 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
