കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും മുങ്ങി എന്ന വാർത്ത വ്യാജമാണ്….

Coronavirus ആരോഗ്യം സാമൂഹികം

വിവരണം 

കൊറോണ രോഗിയെ ആശുപത്രിയിൽ നിന്നും കാണാതായി. ഇന്നലെ വൈകുന്നേരമാണ് തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ മാർച്ച് 15  മുതൽ പ്രചരിക്കുന്നുണ്ട്. ഒരു യുവാവിന്‍റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. 

archived linkFB post

മാക്സിമം ഷെയർ ചെയ്യൂ ഇവനെ കണ്ടെത്തുന്നതു വരെ എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്‌ ഇതുവരെ 16000 ത്തിനു മുകളിൽ ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 

കൊറോണ വർഗ്ഗത്തിൽ പെട്ട കോവിഡ് 19 എന്ന വിനാശകാരിയായ വൈറസ് ലോകമെമ്പാടും ഇപ്പോഴും പടരുകയാണ്. ഫലപ്രദമായ മരുന്നുകൾ ഇല്ലാത്തതിനാൽ രോഗം മൂർച്ഛിച്ചവരിൽ പലരും മരണത്തിനു കീഴടങ്ങി. രോഗ പ്രതിരോധം മാത്രമാണ് ഇപ്പോൾ നിലവിലുള്ള ഏക പോംവഴി. അതിനായി രോഗലക്ഷണങ്ങൾ ഉള്ളവരെയും സംശയമുള്ളവരെയും നിരീക്ഷണത്തിൽ വയ്ക്കുകയാണ് നിലവിലുള്ള രീതി. അങ്ങനെ നിരീക്ഷണത്തിൽ കഴിഞ്ഞ രോഗികളിൽ രണ്ടു പേർ ആശുപത്രിയിൽ നിന്നും കടന്നു കളയാൻ ശ്രമിച്ചു എന്ന് വാർത്തകൾ വന്നിരുന്നു. അവരെ തിരികെ പിടിച്ചതായും പിന്നീട് മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പോസ്റ്റിലെ ഈ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യാജ പ്രചരണം മാത്രമാണെന്നുമാണ് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്. എങ്ങനെയാണ് അന്വേഷിച്ചത് എന്ന് വിശദമാക്കാം 

വസ്തുതാ വിശകലനം 

പോസ്റ്റിലെ വാർത്തയിൽ ഏത് ആശുപത്രിയിൽ നിന്നാണ് ഈ വ്യക്തി രക്ഷപ്പെട്ടത് എന്നുള്ള വിവരങ്ങളൊന്നും നൽകിയിട്ടില്ല. ഈ വാർത്തയെ പറ്റി കൂടുതൽ അറിയാൻ ഞങ്ങൾ കേരള സർക്കാരിന്‍റെ കൊറോണ കൺട്രോൾ വിഭാഗവുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു വ്യക്തി നിരീക്ഷണത്തിൽ ഉണ്ടായിരുന്നില്ലെന്നും ഇതൊരു വ്യാജ പ്രചാരണം മാത്രമാണെന്നുമാണ് അവർ പ്രതികരിച്ചത്. തുടർന്ന് ദിശയുമായി ബന്ധപ്പെട്ടു. ഇതൊരു വ്യാജ വാർത്തയാണ്. കൊറോണ രോഗികളുടെ മാത്രമല്ല, അവരുമായി ഇടപഴകുന്നവരുടെ പോലും മുഴുവന്‍ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇങ്ങനെയൊരു തലശ്ശേരി സ്വദേശി കൊറോണ രോഗബാധിതനായി ആശുപത്രികളില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പത്തനംതിട്ടയിൽ നിന്ന് രണ്ടു രോഗികൾ രക്ഷപ്പെട്ടിരുന്നു. ഒരാൾ തമിഴ്‌നാട് മധുര സ്വദേശിയായിരുന്നു. ഇയാള്‍ മധുരയിലെത്തിയെന്ന് പിന്നീട് വിവരം ലഭിച്ചു. കടന്നു കളഞ്ഞ രണ്ടാമത്തെ വ്യക്തി പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയാണ്. പിന്നീട് ഇയാളെ വീട്ടിൽ നിന്നും കണ്ടെത്തി ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമാണുണ്ടായത്. ഈ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞതായി വാർത്തകളില്ല. 

കൂടുതൽ വിവരങ്ങൾക്ക് ദിശയുടെ കണ്ണൂർ യൂണിറ്റുമായി ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. അവിടെ നിന്നും അറിയാൻ കഴിഞ്ഞത് ഇങ്ങനെയൊരു വ്യക്തി രോഗബാധിതനായോ നിരീക്ഷണത്തിലോ  ഉണ്ടായിരുന്നില്ല എന്നാണ്. കൂടുതലറിയാൻ തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രിയിലെ കൊറോണ രോഗികളുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. അനീഷിനോട് സംസാരിക്കാൻ ദിശ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. അനീഷ് ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ്. തലശ്ശേരിയിൽ ഈ പേരിൽ ഒരു രോഗിയെ കൊറോണയുടെ പേരിൽ കൊണ്ട് വന്നിട്ടില്ല. മാത്രമല്ല, ഇവിടെ നിന്ന് രോഗികളാരും കടന്നുകളയാൻ ശ്രമിച്ചിട്ടുമില്ല. ഈ വാർത്ത വ്യാജ പ്രചാരണമാണ്

ഈ പോസ്റ്റിലല്ലാതെ ഈ വാർത്ത മറ്റൊരിടത്തും നൽകിയിട്ടില്ല. പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന വ്യക്തിയെ പറ്റി കൊറോണ  നിയന്ത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് അറിവില്ല എന്നാണ് അവർ പ്രതികരിച്ചത്. ആധികാരികതയോ വിശ്വാസ്യതയോ ഇല്ലാത്ത വാര്‍ത്തയാണ് പോസ്റ്റിലുള്ളത്. വ്യാജ വാർത്ത തെറ്റിധാരണ പരത്താനായി പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

ഈ പോസ്റ്റിലെ വാർത്ത പൂർണ്ണമായും വ്യാജമാണ്. കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടെന്നും തിരിച്ചു കിട്ടിയില്ലെന്നുമുള്ള വാർത്ത വ്യാജ പ്രചരണമാണെന്ന് കേരള സർക്കാരിന്‍റെ കൊറോണ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കാതിരിക്കുക. നിങ്ങൾക്ക് സംശയമുള്ള പോസ്റ്റുകൾ ഞങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറായ 9049046809  ലേയ്ക്ക്  അയയ്ക്കുക. വസ്തുതാ അന്വേഷണം നടത്തി മറുപടി നൽകുന്നതാണ് 

Avatar

Title:കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും മുങ്ങി എന്ന വാർത്ത വ്യാജമാണ്….

Fact Check By: Vasuki S 

Result: False

1 thought on “കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും മുങ്ങി എന്ന വാർത്ത വ്യാജമാണ്….

  1. ഇത് തെറ്റായ വാർത്ത ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ വാർത്ത ഫേസ്ബുക്കിൽ ഷെയർ ചെയ്തു വന്നതാണ് അത് സത്യം ആയിരിക്കും എന്ന് കരുതിയാണ് ഞാനും ഷെയർ ചെയ്തത്………. ഞാൻ അറിയാതെ ചെയ്തതാണ് ക്ഷമിക്കണം 🙏🙏🙏🙏🙏🙏🙏

Comments are closed.