കണ്ണൂരിൽ പീഡനത്തിന്‍റെ പേരിൽ അറസ്റ്റിലായ അധ്യാപകനെ പോലീസ് കണ്ടെത്തിയത് യുവമോർച്ചാ നേതാവിന്‍റെ വീട്ടിൽ നിന്നുമാണെന്ന് തെറ്റായ പ്രചരണം

രാഷ്ട്രീയം

വിവരണം 

കോവിഡ്  ഭീതിക്കിടയിലും കേരളം ഞെട്ടലോടെ കേട്ട ഒരു വാർത്തയാണ് കണ്ണൂരിൽ ഒരു അദ്ധ്യാപകൻ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നത്. അധ്യാപകനെ കസ്റ്റഡിയിൽ എടുക്കണമെന്ന സമ്മർദ്ദം  ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 

അറസ്റ്റ് നടന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വാർത്ത വൈറലായിത്തുടങ്ങി. അധ്യാപകനെ അറസ്റ്റ് ചെയ്തത് യുവ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നുമാണ് എന്നാണ്‌  പോസ്റ്റിൽ നല്കിയിരിക്കുന്ന വാർത്ത. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതിനോടകം 5000  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 

archived linkFB post

പോസ്റ്റിൽ ബിജെപി നേതാവിന്‍റെ ഭാര്യയും മുൻ എബിവിപി സംസ്ഥാന സമിതി അംഗമായിരുന്ന പെൺകുട്ടി കേരളത്തിലെ മുതിർന്ന ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍റെ ഒപ്പം നിൽക്കുന്ന ചിത്രം നൽകിയിട്ടുണ്ട്. 

ചിത്രത്തിന്‍റെ കൂടെയുള്ള വിവരണം ഇങ്ങനെയാണ്: അറിഞ്ഞില്ലേ ..!!! പപ്പനെ പൊക്കിയത് സംഘിണിയുടെ കട്ടിലിനടിയിൽ നിന്ന്,

ശല്യം സഹിക്കാനാവാതെ ഓള് ഒറ്റിയതാണോ ആവോ .😐

ABVP സംസ്ഥാന കമ്മറ്റി അംഗം ശ്രുതിയുടെ വീട്ടിലെ കട്ടിലിനു അടിയിൽ നിന്നാണ് പ്രതിയെ പിടിച്ചത്, “യുവമോർച്ചറി” ലോക്കൽ നേതാവ് മനോജാണ് ശ്രുതിയുടെ ഭർത്താവ്,

പൊളിച്ചു😜 നീചപ്രവർത്തി ചെയ്ത ഇവൾ സ്ത്രീകൾക്ക് അപമാനം ,ലോകം കാണട്ടെ തനിസ്വരൂപം ,

ഇവളുടെ ഭർത്താവ് അവനെ ന്യായികരിച്ചു ഒരു പോസ്റ്റ് ഇട്ടു അതിപ്പോ അവനു എട്ടിന്‍റെ പണി ആയി 🤣🤣 സങ്കികൾ ഒക്കെ ലോക തോൽവി ആണല്ലോ 😂😂

എന്നാൽ ഈ വാർത്ത പൂർണ്ണമായും തെറ്റാണ്. അധ്യാപകനെ പിടിച്ചത് പോസ്റ്റിൽ പറയുന്ന യുവ ബിജെപി ദമ്പതികളുടെ വീട്ടിൽ നിന്നുമല്ല. യാഥാർഥ്യം ഇങ്ങനെയാണ്:

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ വസ്തുത അറിയാനായി ഞങ്ങൾ ആദ്യം കണ്ണൂർ പോലീസ് കാര്യാലയവുമായി ബന്ധപ്പെട്ടു. കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി കെ വി വേണുഗോപാൽ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: അധ്യാപകനെ റെയ്ഡിനെ  തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഒരു ബന്ധു വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസിന് ലഭിച്ചത്. പോലീസ് റെയ്ഡിനിടയിൽ ഇറങ്ങി ഓടിയപ്പോഴാണ് പിടികൂടിയത്. യുവമോർച്ചാ നേതാവിന്‍റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത് എന്നതൊക്കെ തെറ്റായ പ്രചരണമാണ്.”

കൂടാതെ കണ്ണൂരിലെ ചില മുതിർന്ന മാധ്യമ പ്രവർത്തകരുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. യുവമോർച്ചാ നേതാവ് മനോജിന്‍റെയും ഭാര്യയുടെയും വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത് എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്നാണ് അവർ നൽകിയ വിശദീകരണം. കണ്ണൂരിൽ പാനൂരിൽ നിന്നും ആറു  കിലോമീറ്റർ അകലെ പൊയിലൂർ എന്ന സ്ഥലത്തു നിന്നുമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. യുവമോർച്ചാ നേതാവിന്‍റെ വീടും ഈ ഭാഗത്തു തന്നെയാണ്. ഇതാവാം തെറ്റിധാരണ പരക്കാൻ കാരണം.

മാത്രമല്ല, അധ്യാപകന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട്  തന്നെയും ഭാര്യയേയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വിശദീകരണം നൽകിക്കൊണ്ട് മനോജ് എന്ന യുവമോർച്ചാ പ്രവർത്തകൻ തന്‍റെ ഫേസ്‌ബുക്ക് പേജിൽ നിന്നും ലൈവ് വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link

ആരോപണത്തിനിരയായ ഇദ്ദേഹത്തിന്‍റെ ഭാര്യയും തന്‍റെ നിരപരാധിത്വം  വ്യക്തമാക്കി വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കണ്ണൂരിൽ നാലാം ക്ലാസിലെ കുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ യുവമോർച്ചാ നേതാവിന്‍റെ വീട്ടിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത് എന്ന പ്രചാരണം തെറ്റാണ്. ഇയാളെ ബന്ധുവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത് എന്ന് പോലീസും അവിടുത്തെ മാധ്യമ പ്രവർത്തകരും ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിൽ പാനൂരിൽ നിന്നും ആറു കിലോമീറ്റർ അകലെ പൊയിലൂർ എന്ന സ്ഥലത്തു നിന്നുമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. യുവമോർച്ചാ നേതാവിന്‍റെ വീടും ഈ ഭാഗത്തു തന്നെയാണ്. ഇതാവാം തെറ്റിധാരണ പരക്കാൻ കാരണം. വാസ്തവമറിയാതെ തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുത് എന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:കണ്ണൂരിൽ പീഡനത്തിന്‍റെ പേരിൽ അറസ്റ്റിലായ അധ്യാപകനെ പോലീസ് കണ്ടെത്തിയത് യുവമോർച്ചാ നേതാവിന്‍റെ വീട്ടിൽ നിന്നുമാണെന്ന് തെറ്റായ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •