പിണറായി വിജയന്‍റെ ചിത്രം വച്ച് ശ്രീലങ്കൻ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതായി വ്യാജ പ്രചരണം

അന്തർദേശിയ൦ രാഷ്ട്രീയം

വിവരണം 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുന്നു എന്ന് പിണറായി സർക്കാരിനെ  പരക്കെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. വാഷിംഗ്ടൺ പോസ്റ്റ് ഈയിടെ കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: പിണറായി വിജയന് ശ്രീലങ്കൻ സർക്കാരിന്‍റെ ആദരം. പിണറായി വിജയന്‍റെ ചിത്രം പതിപ്പിച്ച പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയാണ് ശ്രീലങ്കൻ സർക്കാർ പിണറായി വിജയനോടുള്ള ആദരം പ്രകടിപ്പിച്ചത്. ഇതാദ്യമായാണ് ശ്രീലങ്കൻ സർക്കാർ ഒരു മലയാളിയുടെ പേരിൽ സ്റ്റാമ്പ് ഇറക്കുന്നത്. കേരളത്തിന്‍റെ അഭിമാനമായ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ” ഈ വാചകങ്ങളോടൊപ്പം പിണറായി വിജയന്‍റെ ചിത്രം പതിച്ച സ്റ്റാമ്പിന്‍റെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

archived linkFB post

പിണറായി വിജയന്‍റെ ചിത്രം പതിച്ച് ശ്രീലങ്കയിൽ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയിട്ടില്ല. പോസ്റ്റിന് ലഭിച്ച നിരവധി കമന്‍റുകളില്‍ തന്നെ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. വാര്‍ത്തയുടെ യാഥാർഥ്യം ഇതാണ്

വസ്തുത വിശകലനം 

ശ്രീലങ്കയുടെ ഫിലാറ്റലിക് ബ്യുറോയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ പിണറായി വിജയന്‍റെ ചിത്രമുള്ള സ്റ്റാമ്പ് കാണാൻ സാധിച്ചില്ല. എന്നാൽ സ്വാമി വിവേകാനന്ദൻ, ഗാന്ധിജി തുടങ്ങിയ ഇന്ത്യാക്കാരുടെ ചിത്രം പതിപ്പിച്ച സ്റ്റാമ്പുകൾ ശ്രീലങ്കൻ തപാൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളുടെ സ്റ്റാമ്പുകളിൽ ഇടംനേടിയവർ വളരെ കുറച്ചേയുള്ളു. ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖന പ്രകാരം മഹാത്മാഗാന്ധി ഇന്ത്യ കൂടാതെ ലോകത്ത് യു.കെ, യു.എസ്,ഇറാൻ, ഇറ്റലി,  സിറിയ, ഉഗാണ്ട തുടങ്ങി 150 രാജ്യങ്ങളിൽ കൂടി സ്റ്റാമ്പുകളിൽ ഇടംപിടിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ അഞ്ചു രാജ്യങ്ങളിലെ സ്റ്റാമ്പുകളിലുണ്ട്. അൻപതിലധികം രാജ്യങ്ങൾ മദർ തെരേസയുടെ ചിത്രം വച്ച സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. രബീന്ദ്ര നാഥ ടാഗോർ 14  രാജ്യങ്ങളിലെ സ്റ്റാമ്പുകളിലുണ്ട്. സുബിൻ മെഹ്റാ എന്ന പാശ്ചാത്യസംഗീതജ്ഞന്‍റെ ചിത്രം അദ്ദേഹത്തോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ അവരുടെ തപാൽ സ്റ്റാമ്പിൽ നൽകിയിട്ടുണ്ട്. 

ശ്രീലങ്കൻ സ്റ്റാമ്പിൽ പതിപ്പിച്ചു എന്ന മട്ടിലുള്ള പിണറായി വിജയന്‍റെ ചിത്രം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. ഈ ചിത്രം യാഥാർഥ്യമല്ലെന്ന് ദേശാഭിമാനി ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived link

പോസ്റ്റിൽ നൽകിയ വാർത്ത പൂർണ്ണമായും തെറ്റാണ്. ശ്രീലങ്കൻ തപാൽ വകുപ്പ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയിട്ടില്ല 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്.  ശ്രീലങ്കൻ തപാൽ വകുപ്പ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയിട്ടില്ല. ഇത്തരത്തിൽ നടക്കുന്നതെല്ലാം വ്യാജ പ്രചരണങ്ങളാണ്.

Avatar

Title:പിണറായി വിജയന്‍റെ ചിത്രം വച്ച് ശ്രീലങ്കൻ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതായി വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •