തിരുവനന്തപുരത്ത് സേവഭാരതിയുടെ ആംബുലൻസ് SDPI തല്ലി തകർത്തു എന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം 

Renjith Nair

എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 14 മണിക്കൂറുകള്‍ കൊണ്ട് 600 റോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത് “തിരുവനന്തപുരത്ത് സേവഭാരതിയുടെ ആംബുലൻസ് ഇസ്‌ലാമിക ഭീകരവാദികളായ SDPI തല്ലി തകർത്തു” എന്നതാണ് വാർത്ത. 

archived linkFB post

സേവാഭാരതി കേരളത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്. ആംബുലൻസിനു നേർക്ക് ഇതുവരെ അക്രമം ഉണ്ടായതായി വാർത്തകൾ വന്നിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് സേവാഭാരതിയുടെ ആംബുലൻസിനു നേർക്ക് ആക്രമണം ഉണ്ടായോ…? എസ്‌ഡിപിക്കാർ ആണ് ആക്രമണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞോ…? പോലീസ് ഇക്കാര്യത്തിൽ എന്താണ് പറയുന്നത്…? നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ അന്വേഷണം 

ഈ പോസ്റ്റിൽ വാർത്തയ്‌ക്കൊപ്പം മറ്റു വിവരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതായത് തിരുവനന്തപുരത്ത് എവിടെയാണ് സംഭവം നടന്നത്..? എവിടെ നിന്നുള്ള സേവാഭാരതിയുടെ ആംബുലൻസ് ആണ് ആക്രമിക്കപ്പെട്ടത്…? രോഗിയുമായി പോകുമ്പോഴാണോ സംഭവിച്ചത്…? ഇത്തരം വിവരങ്ങളും  ആംബുലൻസിന്‍റെ ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടില്ല. അതിനാൽ ഈ പോസ്റ്റ് വിശ്വസനീയമല്ല. തുടർന്ന് ഞങ്ങൾ സേവാഭാരതിയുടെ സംസ്ഥാന സെക്രട്ടറി ഡി. വിജയനുമായി സംസാരിച്ചു.

ഇത് ഒരു വ്യാജ പ്രചാരണമാണ്. സേവാഭാരതിയുടെ ആംബുലൻസുകളൊന്നും  തിരുവന്തപുരത്തോ മറ്റു ജില്ലകളിലോ ഇതുവരെ ആരും തകർത്തിട്ടില്ല. ഇങ്ങനെയാണ് ഞങ്ങളുടെ പ്രതിനിധിക്കു അദ്ദേഹം നൽകിയ മറുപടി. 

കൂടാതെ ഞങ്ങൾ തിരുവനന്തപുരം ഡിഐജി ഓഫീസിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു സംഭവം നടന്നതായി അറിവില്ല എന്ന് അവിടെ നിന്നും ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സ്ഥിരീകരണത്തിനായി സിറ്റി പോലീസ്  സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലും റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലും ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.

തുടർന്ന് ഞങ്ങൾ പ്രസ്തുത ഓഫീസുകളിൽ അന്വേഷിച്ചു. “ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. സേവാഭാരതിയുടെ ബന്ധപ്പെട്ടോ  എസ്ഡിപിഐയുമായി ബന്ധപ്പെട്ടോ യാതൊരുവിധ അക്രമങ്ങളും തിരുവനന്തപുരത്ത് അടുത്ത ദിവസങ്ങളിൽ ഉണ്ടായിട്ടില്ല എന്നാണ് സിറ്റി പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായ ഗോപകുമാർ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്. റൂറൽ ഓഫീസിൽ നിന്നും ഇത്തരത്തിൽ ഒരു അക്രമണം  നടന്നിട്ടില്ല എന്നും ഇതൊരു വ്യാജ വാർത്തയാണെന്നുമുള്ള വിവരമാണ് ഉദ്യോഗസ്ഥർ നൽകിയത്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. തിരുവനന്തപുരത്ത് സേവാഭാരതിയുടെ ആംബുലൻസ് എസ്ഡിപിഐ തല്ലി തകർത്തു എന്ന മട്ടിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണെന്ന് സേവാഭാരതിയും ജില്ലാ പോലീസും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

Avatar

Title:തിരുവനന്തപുരത്ത് സേവഭാരതിയുടെ ആംബുലൻസ് SDPI തല്ലി തകർത്തു എന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False