
വിവരണം
എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തിലെ ഒരേ ഒരു ഹിന്ദു രാജ്യമായ നേപ്പാളിൽ ഇന്ന് ആർഎസ്എസ് ശാഖ തുടങ്ങാൻ പോയ എട്ടുപേരെ ജനങ്ങൾ തല്ലിക്കൊന്നു ?” എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്.

archived link | FB post |
രണ്ടു വാദങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഒന്ന് നേപ്പാൾ ലോകത്തിലെ ഒരേയൊരു ഹിന്ദു രാഷ്ട്രമാണ്. രണ്ടാമത്തേത് നേപ്പാളിൽ ഇന്ന് അതായത് 2019 സെപ്റ്റംബര്‍ 2 നു ആർഎസ്എസ് ശാഖാ തുടങ്ങാൻ പോയ എട്ടുപേരെ ജനങ്ങൾ തല്ലിക്കൊന്നു. ഈ രണ്ടു വാദങ്ങളുടെയും യാഥാർഥ്യം നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ ആർഎസ്എസ് ശാഖ തുടങ്ങാൻ ചെന്നവരെ നാട്ടുകാർ തല്ലിക്കൊന്നു എന്ന വാർത്ത ഒരിടത്തു നിന്നും ലഭ്യമായില്ല. എട്ടുപേർ മരിച്ച വാർത്തയായി നേപ്പാളിൽ നിന്നും പുറത്തു വന്നിട്ടുള്ളത് 2019 ഓഗസ്റ്റ് 9 നു ബിസിനസ്സ് സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ച കാഠ്മണ്ഡുവിന് സമീപം ത്രിശൂലി നദിയിലേയ്ക്ക് ബസ് മറിഞ്ഞു 8 പേർ മരിച്ചു എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതാണ്.

നേപ്പാളിൽ ആർഎസ്എസിന്‍റെ സഹോദര സംഘടനയായ ഹിന്ദു സ്വയംസേവക് എന്ന സംഘടനയാണ് ഉള്ളത്. ഭാരതത്തിനു വെളിയിലുള്ള ഹിന്ദുക്കളുടെ നിലനിൽപ്പിനായി പ്രവർത്തിക്കുന്ന ഈ സംഘടന 1940 ൽ കെനിയയിലാണ് രൂപീകരിച്ചത്. ഇപ്പോൾ നേപ്പാൾ അടക്കം 39 രാജ്യങ്ങളിൽ സംഘടനാ പ്രവർത്തിക്കുന്നു. നേപ്പാളിൽ ഇത് രൂപീകരിച്ചത് 1992 ലാണ് എന്ന് വിക്കിപീഡിയ അറിയിക്കുന്നു.

ഇനി ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമാണോ നേപ്പാൾ എന്ന് നമുക്ക് അറിയാൻ ശ്രമിക്കാം. ലോകത്ത് ഔദ്യോഗികമായി മതാടിസ്ഥാനത്തിൽ ഹിന്ദു രാഷ്ട്രം എന്നൊന്നില്ല. ജനസംഖ്യയുടെ കൂടുതൽ ശതമാനം ജനങ്ങൾ ഹിന്ദുക്കളായിട്ടുള്ള രാജ്യം നേപ്പാളാണ്. ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യം ഇന്ത്യയാണ്. ഈ രണ്ടു രാജ്യങ്ങൾ കൂടാതെ മൗറീഷ്യസ് ജനസംഖ്യയിൽ ഹിന്ദു മത വിശ്വാസികൾ കൂടുതലുള്ള രാജ്യമാണ്. ഇതേപ്പറ്റി അറിവുകളും സംശയങ്ങളും പങ്കു വയ്ക്കുന്ന ക്വോറ ഫോറത്തിൽ ഒരു ചെറിയ വിശദീകരണം ലഭ്യമാണ്. നേപ്പാൾ പൂർണ്ണമായും മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചത് 2006 ലാണ്.

പോസ്റ്റിൽ പറയുന്ന രണ്ടു വാദഗതികളും തെറ്റാണ് എന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. നേപ്പാള്‍ കൂടാതെ ഇന്ത്യയും മൌറീഷ്യസും ഹിന്ദുമത വിശ്വാസികള്‍ ഉള്ള രാജ്യങ്ങളാണ്. നേപ്പാളില്‍ ആര്‍എസ്‌എസ് ശാഖ സ്ഥാപിക്കാന്‍ ചെന്ന ആരെയും തല്ലി കൊന്നതായി ഇതുവരെ നേപ്പാളില്‍ നിന്നും വാര്‍ത്തകളില്ല.
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ്. നേപ്പാൾ ലോകത്തെ ഒരേയൊരു ഹിന്ദു രാഷ്ട്രമല്ല. നേപ്പാളിൽ ആർഎസ്എസ് ശാഖാ തുടങ്ങാൻ ചെന്ന 8 പേരെ നാട്ടുകാർ തല്ലിക്കൊന്നു എന്ന വാദവും പൂർണ്ണമായും വ്യാജമാണ്. അതിനാൽ വസ്തുതയറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:നേപ്പാളിൽ ഇന്ന് ആർഎസ്എസ് ശാഖ തുടങ്ങാൻ പോയ എട്ടുപേരെ ജനങ്ങൾ തല്ലിക്കൊന്നു എന്ന വാർത്ത സത്യമോ..?
Fact Check By: Vasuki SResult: False
