
വിവരണം
വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 6 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോദി ജിയും അമിഠ്ഷ ജിയും മനസ്സുവെച്ചാൽ പോർകിസ്ഥാനും ചൈനയും വരെ സംഘത്തിൽ ചേരും…
ജയ് ജയ് ഭാരത് മാതാ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കാശ്മീർ ഇന്ത്യയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പിഡിപി സംസ്ഥാന പ്രസിഡണ്ട് ഉമൈമ മുഹമ്മദ് ബിജെപിയിലേക്ക്..ഇത് നമ്മുടെ സംഘപ്രവർത്തകരുടെ വിജയം ആണ്. അഭിമാനിക്കൂ ജയ് ശ്രീറാം..” എന്ന വാചകങ്ങൾക്കൊപ്പം ഒരു യുവതിയുടെ ചിത്രവും നൽകിയിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്റിൽ കാണാം.

archived link | FB post |
പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം പിഡിപിയുടെ സംസ്ഥാന പ്രസിഡന്‍റ് ഉമൈമ മുഹമ്മദ് ബിജെപിയിൽ ചേർന്ന് എന്നാണ്. കാശ്മീർ ഇന്ത്യയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഈ തീരുമാനം എന്നും പോസ്റ്റിൽ വാദഗതി ഉന്നയിക്കുന്നു.
പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങളുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
പിഡിപിയുടെ എവിടുത്തെ സ്റ്റേറ്റ് പ്രസിഡന്‍റാണ് എന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിലേതോ അല്ലെങ്കിൽ കേരളത്തിലേതോ ആകാം എന്ന് അനുമാനിക്കുന്നു. ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി.

archived link | wikipedia |
കാശ്മീരിലെയോ കേരളത്തിലെയോ പിഡിപി പ്രസിഡന്‍റുമാർ ബിജെപിയിൽ ചേർന്നതായി വാർത്തകളില്ല. പിഡിപിക്ക് സംസ്ഥാന പ്രസിഡന്‍റ് എന്ന പദവി ഇല്ല എന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. പാർട്ടി ചെയർമാൻ സ്ഥാനമാണുള്ളത്. പിഡിപി യുടെ ജമ്മു കാശ്മീരിലെ ഇപ്പോഴത്തെ ചെയർമാൻ പിഡിപിയുടെ സ്ഥാപക നേതാവായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്‍റെ പുത്രിയും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തിയാണ്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയായി ഇപ്പോൾ ജയിലിൽ കഴിയുന്ന മഅദാനിയായിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തിൽ പൂന്തുറ സിറാജാണ് ഇപ്പോഴത്തെ കേരളത്തിലെ പിഡിപിയുടെ നേതാവ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ഉമൈമ മുഹമ്മദ് എന്നൊരു പേരിൽ പിഡിപിക്ക് നേതാക്കളില്ല.

wikipedia | archived link |
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ reverse image പരിശോധനയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഇത് ഒരു പോൺ സിനിമാനടിയുടെ ചിത്രമാണെന്നാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പോസ്റ്റിൽ ഉപയോഗിച്ചിരിക്കുകയാണ്. മാത്രമല്ല, പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാംതന്നെ വ്യാജമാണ്. കാഷ്മീർ ഇപ്പോൾ ഇന്ത്യയിൽ ഉൾപ്പെടുത്തിയതല്ല, കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗം തന്നെയാണ്. കാശ്മീരിന് സ്വയംഭരണാധികാരം അനുവദിച്ചിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുകളയുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
നിഗമനം
ഈ പോസ്റ്റിലെ വിവരങ്ങൾ പൂർണ്ണമായും വ്യാജമാണ്. പിഡിപിയുടെ സംസ്ഥാന നേതാക്കൾ ആരുംതന്നെ പിഡിപിയിൽ ചേർന്നിട്ടില്ല. തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും വസ്തുതാ വിരുദ്ധങ്ങളുമായ വിവരങ്ങളാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
