ബിജെപി നേതാവ് കെ സുരേന്ദ്രൻ സ്വന്തം പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നോ..?

രാഷ്ട്രീയം | Politics

വിവരണം 

ചെമ്പട സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 6  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മാണി ഷാൾ കഴുത്തിലണിയിക്കുന്ന ഒരു ചിത്രവും ഒപ്പം ” ബിജെപിയുടെ ശക്തനായ നേതാവ് കെ സുരേന്ദ്രൻ ബിജെപിയിൽ ചേർന്നു. സിപിഎമ്മിൽ ചേർന്ന സുരേന്ദ്രനെ എംഎം മണിയാശാൻ പൊന്നാട അണിയിച്ച്  സ്വീകരിക്കുന്നു. ഞെട്ടിത്തരിച്ച് ബിജെപി കേന്ദ്ര കേരളം നേതൃത്വം. മാണി-ചങ്കൻ -ആനത്തല എന്നീ ത്രിമൂർത്തികളുമായി ചർച്ചയ്ക്ക് ശേഷമാണ് സഖാവ് സുരേന്ദ്രൻ ബിജെപി വിട്ടത്”. 

archived linkFB Post

കേരളത്തിലെ മുതിർന്ന ബിജെപി നേതാവും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും ലോക്സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ട സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രൻ സ്വന്തം പാർട്ടിയായ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു  എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. ഈ അവകാശവാദത്തിന്‍റെ യാഥാർഥ്യം നമുക്ക് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിന്‍റെ വസ്തുത അറിയാനുള്ള അന്വേഷണത്തിന്‍റെ ആദ്യ ഘട്ടമായി ഞങ്ങൾ മാധ്യമങ്ങളുടെ വെബ്‌സൈറ്റിൽ ഈ വാർത്ത തിരഞ്ഞു നോക്കി. എന്നാൽ കേരളത്തിലെ പ്രമുഖ ബിജെപി നേതാവ് സിപിഎമ്മിൽ ചേരുന്ന കാര്യം ഒരു മാധ്യമങ്ങളും വാർത്തയാക്കിയിട്ടില്ല. കേരളത്തിലെ രാഷ്രീയത്തിൽ ഒരു വലിയ വഴിത്തിരിവായി മാറിയേക്കാവുന്ന ഈ സംഭവം മാധ്യമ വാർത്തയാകേണ്ടതാണ്. ഇത്തരത്തിൽ വാർത്ത കണ്ടെത്താനാകാത്തതിനാൽ പിന്നെ ഞങ്ങൾ കെ സുരേന്ദ്രന്‍റെ ഫേസ്‌ബുക്ക് പേജിലും ട്വിറ്റർ പേജിലും ഇതേപ്പറ്റി എന്തെങ്കിലും പരാമർശം അദ്ദേഹം നടത്തിയോ എന്ന്  അന്വേഷിച്ചു. എന്നാൽ പോസ്റ്റിൽ നൽകിയ വാർത്തയുടെ യാതൊരു സൂചകളും പേജുകളിൽ ഇല്ല. മാത്രമല്ല, ബിജെപിയുമായി ബന്ധപ്പെട്ട വാർത്തകൾ അദ്ദേഹം നിരന്തരം പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം വിശ്വസിക്കാൻ ആകില്ല. സിപിഎമ്മിന്‍റെ മുഖപത്രത്തിന്‍റെ വെബ്സൈറ്റിലോ ഫേസ്‌ബുക്ക് പേജുകളിലോ ഇത് സംബന്ധിച്ച യാതൊരു വാർത്തയും വന്നിട്ടില്ല.

അതിനാൽ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി കെ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചു.

പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായി വ്യാജമാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിട്ടില്ല. പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാവാം എന്ന് അനുമാനിക്കുന്നു.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. കേരളത്തിലെ മുതിർന്ന ബിജെപി നേതാവ് കെ സുരേന്ദ്രൻ സിപിഎമ്മിൽ ചേർന്നിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ബിജെപി നേതാവ് കെ സുരേന്ദ്രൻ സ്വന്തം പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നോ..?

Fact Check By: Vasuki S 

Result: False