വട്ടിയൂർക്കാവിൽ അടച്ചിട്ട മുറിയിൽ രമേശും, അനുയായികളും BJP നേതാക്കളും വോട്ടുകച്ചവട ചർച്ച നടത്തിയോ…?

രാഷ്ട്രീയം

വിവരണം 

Bose Vellarada എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 3 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 2500  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “വട്ടിയൂർക്കാവിൽ അടച്ചിട്ട മുറിയിൽ രമേശും, അനുയായികളും BJP നേതാക്കളും വോട്ടുകച്ചവട ചർച്ചയിൽ ഇന്നു ലീക്കായ ഫോട്ടോ!” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് കേരളത്തിലെ മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു സന്യാസിയോടൊപ്പം ഇരുന്നു സംസാരിക്കുന്ന ചിത്രമാണ്.

archived linkFB post

പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം രമേശ് ചെന്നിത്തല ബിജെപി നേതാക്കളോടൊപ്പം നടത്തിയ വോട്ടു കച്ചവട ചർച്ചയുടെ ഇന്ന് അതായത് (3/10/ 2019) ലീക്കായ ചിത്രം  ആണെന്നാണ്. ബിജെപി നേതാക്കളോടൊപ്പം രമേശ് ചെന്നിത്തല വട്ടിയൂർക്കാവിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടു കച്ചവടം നടത്തുന്ന സന്ദര്ഭത്തിലെ ചിത്രമാണോ ഇത്..? നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജ്, യാൻഡെക്സ് എന്നീ ടൂളുകളുപയോഗിച്ച് ഏറെ തിരഞ്ഞെങ്കിലും ഇതേ ചിത്രം ഒരിടത്തും ലഭ്യമായില്ല. രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും തമ്മിലുള്ള ചിത്രങ്ങളുടെ വിഭാഗത്തിൽ തിരഞ്ഞെങ്കിലും ഇത്തരത്തിൽ ഒരു ചിത്രം ഞങ്ങൾക്ക് ലഭ്യമായില്ല. 

തുടർന്ന് ഞങ്ങൾ രമേശ് ചെന്നിത്തലയുടെയും  കുമ്മനം രാജശേഖരന്റേയും ഫേസ്‌ബുക്ക് പേജുകളിൽ ഇതേ ചിത്രം  തിരഞ്ഞു. എന്നാൽ അവരുടെ പേജുകളിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ്  മനസ്സിലാക്കാൻ കഴിഞ്ഞത്. 

തുടർന്ന് ഞങ്ങൾ കുമ്മനം രാജശേഖരനുമായി നേരിട്ടു സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ തിരക്ക് മൂലം പേഴ്സണൽ സ്റ്റാഫായ പ്രവീൺ ആണ് ഞങ്ങളുടെ പ്രതിനിധിയോടു സംസാരിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ഞങൾ അദ്ദേഹത്തിന് പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്തു. ഈ ചിത്രം മാവേലിക്കര ശുഭാനദാശ്രമത്തിൽ വച്ച് എടുത്തതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. “അവിടെ ആശ്രമത്തിന്‍റെ ഒരു ചടങ്ങിൽ ക്ഷണം ഉണ്ടായിരുന്നു. ആ സന്ദർഭത്തിൽ ആരെങ്കിലും സ്വകാര്യ ക്യാമറയിൽ പകർത്തിയത്  ഇപ്പോൾ ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുന്നതാണ്. വോട്ടുകച്ചവടമോ അല്ലാത്ത രാഷ്ട്രീയ ചർച്ചകളോ രമേശ് ചെന്നിത്തലയുമായി കുമ്മനം രാജശേഖരൻ നടത്തിയിട്ടില്ല.” ഇതാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയ വിശദീകരണം.

തുടർന്ന് ഞങ്ങൾ രമേശ് ചെന്നിത്തലയുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അദ്ധേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായ സുമോദ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ച ഇങ്ങനെയാണ്: “ഈ ചിത്രം മാവേലിക്കരയിലെ ശുഭാനന്ദാശ്രമത്തിൽ കുറെ നാൾ മുമ്പ് ഒരു ചടങ്ങിൽ സംബന്ധിച്ചതിന്‍റെതാണ്. 

കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി ചുമതല ഏൽക്കുന്നതിനും മുമ്പായിരുന്നു ഈ സംഭവം. അപ്പോഴെടുത്ത ചിത്രം ഇപ്പോൾ ദുഷ് പ്രചരണത്തിനുപയോഗിക്കുകയാണ്. ആരെങ്കിലും മൊബൈലിൽ എടുത്തതാവാനാണ് വഴി.വോട്ടു കച്ചവടമെന്നൊക്കെ ആർക്കും പറഞ്ഞുണ്ടാക്കാമല്ലോ  “

മാവേലിക്കര ചെറുകോൽ ആശ്രമം അധികൃതരുമായി  ബന്ധപ്പെട്ടെങ്കിലും ഞങ്ങൾക്ക് അവരുടെ വക്താവുമായി സംസാരിക്കാൻ കഴിഞ്ഞില്ല. അവരുടെ വിശദീകരണം ലഭിച്ചശേഷം ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നതാണ്

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം  മാവേലിക്കര ശുഭാനന്ദാശ്രമത്തിൽ ഒരു ചടങ്ങിൽ  ക്ഷണം സ്വീകരിച്ചെത്തിയ കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയും സൗഹൃദ സംഭാഷണം നടത്തുന്ന വേളയിലുള്ള ഏറെ നാൾ പഴയ ഒന്നാണ്. വട്ടിയൂർകാവിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് വേല കണക്കിലെടുത്ത് തെറ്റിധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുന്ന ചിത്രമാണിത്.

നിഗമനം 

ഈ ചിത്രം  മാവേലിക്കര ശുഭാനന്ദാശ്രമത്തിലെ ഒരു സ്വകാര്യ ചടങ്ങിൽ കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയും ഏറെനാൾ മുമ്പ്  പങ്കെടുത്ത വേളയിലുള്ളതാണ്. തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരണവുമായി വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് സമയത്ത് ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:വട്ടിയൂർക്കാവിൽ അടച്ചിട്ട മുറിയിൽ രമേശും, അനുയായികളും BJP നേതാക്കളും വോട്ടുകച്ചവട ചർച്ച നടത്തിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •