ഹിന്ദിവൽക്കരണത്തിനെതിരെ ഫേസ്‌ബുക്കിൽ വൈറൽ പോസ്റ്റിട്ട വീട്ടമ്മയാണോ ഇത്..?

സാമൂഹികം

വിവരണം 

ചെമ്പട സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 16 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഹിന്ദി വൽക്കരണത്തിനേതിരെ കേരളാ വീട്ടമ്മമാർ.. അടിതെറ്റി സംഘികൾ.ഹഹഹഹഹഹ ഹഹഹഹഹഹഹഹഹഹഹഹഹഹഹ ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ കേരളത്തനിമയുള്ള വേഷം ധരിച്ച ഒരു യുവതിയുടെ ചിത്രവും ഒപ്പം “ഹിന്ദി വൽക്കരണത്തിനെതിരെ തുറന്നടിച്ച് വീട്ടമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ. കണ്ണൂർ മുളംകുഴി സ്വദേശിനിയായ ശ്രീമതി സാനി ലിജോണിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറലായത്. മലയാളത്തിനുമേൽ ഹിന്ദി അടിച്ചു കയറ്റുന്നത് അമിട്ടിന്‍റെ തന്ത്രമാണെന്നും ദേശീയതയ്ക്ക് പിന്നിലൂടെ ഹിന്ദിയെ കയറ്റാനാണ് ശ്രമമെന്നും വീട്ടമ്മ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടി.” എന്ന വാചകങ്ങളുമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.

കേരളത്തിൽ ഹിന്ദി ഭാഷ വിവാദം പല രൂപത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഹിന്ദി ഭാഷ കൂടി പഠിച്ചാൽ നന്നായിരിക്കും എന്ന അമിത് ഷായുടെ വാക്കുകളെ വാർത്താ  മാധ്യമങ്ങളും സാമൂഹിക മാധ്യമ ഉപഭോക്താക്കളും വിവിധ വ്യാഖ്യാനങ്ങൾ നൽകി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. 

ചിത്രത്തിലുള്ളത് കണ്ണൂരിലെ മുളംകുഴി സ്വദേശിയായ വീട്ടമ്മയാണോ എന്നും ഹിന്ദിവൽക്കരത്തെ പറ്റിയുള്ള  അവരുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ ആയോ എന്നും നമുക്ക് അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വീട്ടമ്മയുടെ വൈറല്‍ പോസ്റ്റിന്‍റെ ലിങ്കോ സ്ക്രീന്‍ഷോട്ടുകളോ പോസ്റ്റിനൊപ്പം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണമില്ലാതെ പോസ്റ്റില്‍ നല്കിയിരിക്കുന്ന കാര്യം പരിഗണിക്കാനാകില്ല. ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീട്ടമ്മയുടെ പേരിൽ പ്രൊഫൈൽ ഉണ്ടോ എന്നറിയാൻ ഞങ്ങൾ ഫേസ്‌ബുക്കിൽ പേരിന്‍റെ കീ വേർഡ്സ്  ഉപയോഗിച്ച് തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു പ്രൊഫൈൽ കണ്ടു കിട്ടിയില്ല. 

തുടർന്ന് ഞങ്ങൾ ചിത്രം തിരഞ്ഞപ്പോൾ ഇത് ബോളിവുഡ് നടിയായ സണ്ണി ലിയോൺ ആണെന്ന് വ്യക്തമായി. ഇതേ ചിത്രം ലഭ്യമായില്ല.  എങ്കിലും ഇത് മലയാളി വേഷത്തിൽ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമായിരിക്കാം എന്ന് അനുമാനിക്കുന്നു.

സണ്ണി ലിയോണ്‍ (കടപ്പാട് ടൈംസ് നൌ) 

ഏതായാലും ഈ ചിത്രവും പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണവും പൂർണ്ണമായും വ്യാജമാണ്. സണ്ണി ലിജോൺ എന്ന പേര് സണ്ണി ലിയോൺ എന്ന പേരിന് പകരം ഉപയോഗിച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇവർ ഒരു വീട്ടമ്മയാണ് എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കാനായി മാത്രം പോസ്റ്റിൽ പറഞ്ഞിരിക്കുകയാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. സണ്ണി ലിയോൺ എന്ന ബോളിവുഡ് നടിയുടെ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. സാനി ലിജോൺ എന്ന വ്യാജ നാമം തെറ്റിധാരണ സൃഷ്ടിക്കാനായി ഉപയോഗിച്ചിരിക്കുകയാണ്. അതിനാൽ ഈ പോസ്റ്റ് ദയവായി ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ഹിന്ദിവൽക്കരണത്തിനെതിരെ ഫേസ്‌ബുക്കിൽ വൈറൽ പോസ്റ്റിട്ട വീട്ടമ്മയാണോ ഇത്..?

Fact Check By: Vasuki S 

Result: False