മുൻ പ്രവർത്തകനെ എബിവിപിക്കാർ ആലപ്പുഴയിൽ ആഴ്ചകൾക്കു മുമ്പ് കൊലക്കത്തിക്കിരയാക്കിയോ..?

കുറ്റകൃത്യം രാഷ്ട്രീയം

വിവരണം 

പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു 2 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു പയ്യന്റെ ചിത്രവും ഒപ്പം ഒരു വാർത്തയുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്ത ഇതാണ് ” ഇത് അനന്തു. എവിബിപി എന്നാൽ ഒരു റൗഡി ക്രിമിനലിസം മാത്രമാണ് എന്ന തിരിച്ചറിവിൽ സംഘടനാ വിട്ട അനന്തുവിനെ എവിബിപിക്കാർ ആലപ്പുഴ കുട്ടനാട്ടിലെ പാടത്തിന് നടുവിൽ ഏതാനും ആഴ്ചകൾക്കു മുമ്പ് കൊലക്കത്തിക്കിരയാക്കി. മൂക്കിന് താഴെ സംഭവം നടന്നിട്ടും വിനു അടക്കമുള്ള ഒരു ചാനലുകാരും വായ് തുറന്നില്ല.”

archived linkFB post

അനന്തുവിനെ ആരാണ് കൊന്നത്..? അനന്തു എബിവിപി പ്രവർത്തകനായിരുന്നോ..? ആലപ്പുഴയിൽ  എവിടെ വച്ചാണ് കൊല ചെയ്യപ്പെട്ടത്..? നമുക്ക് ഈ വാർത്തയുടെ വസ്തുത ഒന്ന് തിരഞ്ഞു നോക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഓൺലൈനിൽ വാർത്ത തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. 2017 ഏപ്രിലിൽ ചേർത്തലയ്ക്കടുത്ത് വയലാറിൽ ഒരു അനന്തു കൊല്ലപ്പെട്ട വാർത്ത മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് ചെയ്തു നോക്കി. അപ്പോൾ മാതൃഭൂമി എന്ന മാധ്യമത്തിന്‍റെ ഇംഗ്ളീഷ് പതിപ്പ് ഇതേ ചിത്രവുമായി ഒരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാർത്ത പരിശോധിച്ചപ്പോൾ മനോരമ 2017 ൽ പ്രസിദ്ധീകരിച്ച അതെ വാർത്ത തന്നെയാണിത് എന്ന് മനസ്സിലായി. ഈ വാർത്തയും പ്രസിദ്ധീകരിച്ചിരിക്കുന്നത് 2017 ഏപ്രിൽ 6 നാണ്. 

archived linkmathrubhumi

വാർത്തയുടെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു : 

“ചേര്‍ത്തലയില്‍ പ്ലസ്ടുവിദ്യാര്‍ഥി അനന്തു അശോകനെ വധിച്ച കേസില്‍ പതിനാറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇതില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അറസ്റ്റിലായവരില്‍ അനന്തുവിന്‍റെ സഹപാഠികളും ഉള്‍പ്പെടും. സ്കൂളിലെ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് അനന്തുവും സുഹൃത്തുക്കളും ചോദ്യം ചെയ്തതാണ് സംഘത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.  വയലാർ നീലിമംഗലം രാജരാജേശ്വരി ക്ഷേത്ര പരിസരത്തുവെച്ചാണ് പ്ലസ്ടു വിദ്യാർത്ഥിയായ അനന്തുവിനെ കഴിഞ്ഞ ദിവസം പതിനേഴംഗ സംഘം കൊലപ്പെടുത്തിയത്.” അറസ്റ്റിലായവരുടെ പേര് വിവരങ്ങളും വാർത്തയിൽ നൽകിയിട്ടുണ്ട്. 

archived linkmanorama news
archived linkmanorama news

പ്രസിദ്ധീകരിച്ച വാർത്തകളിൽ ഒന്നും അനന്തു മുൻ എബിവിപി പ്രവർത്തകനായിരുന്നു എന്ന് പരാമർശമില്ല. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ചേർത്തല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിൽ ആയതിനാൽ ലഭ്യമായില്ല. അടുത്ത ദിവസം സംഭവത്തെ കുറിച്ച്  സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങൾ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നതാണ്. 

ഒരു കാര്യം തീർച്ചയാണ്. 

പോസ്റ്റിൽ ആരോപിക്കുന്നതുപോലെ അനന്തു എന്ന മുൻ എബിവിപി പ്രവർത്തകനെ എവിബിപികാർ മൂന്ന് ആഴ്ച മുംബ് ആലപ്പുഴയിൽ പാടത്ത് കൊലക്കത്തിക്കിരയാക്കിയ സംഭവം ഉണ്ടായിട്ടില്ല. രണ്ടു കൊല്ലം മുമ്പ്  ആലപ്പുഴയിലെ ചേർത്തലയ്ക്കടുത്ത് വയലാറിൽ കൊലചെയ്യപ്പെട്ട പട്ടണക്കാട് സ്വദേശിയായ അനന്തുവിനെ ചിത്രമാണ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ ആലപ്പുഴയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഞങ്ങളെ അറിയിച്ചിരുന്നു.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും വ്യാജമാണ്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. 2 കൊല്ലം മുമ്പ് കൊലചെയ്യപ്പെട്ട വിദ്യാർത്ഥിയുടെ ചിത്രമാണ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ വ്യാജമായ വാർത്തായുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:മുൻ പ്രവർത്തകനെ എബിവിപിക്കാർ ആലപ്പുഴയിൽ ആഴ്ചകൾക്കു മുമ്പ് കൊലക്കത്തിക്കിരയാക്കിയോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •