FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

കോവിഡ് മഹാമാരിയിയെ തുടര്‍ന്ന് പ്രളയവും മറ്റ് പ്രതിസന്ധികളും കേരളത്തെ വരിഞ്ഞ് മുറുകിയപ്പോള്‍ ഇതിന്‍റെയൊപ്പം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന മറ്റൊന്നാണ് കേരളത്തിലെ ചില പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ. പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പല ഇടങ്ങളിലും അപകടകരമായ കുഴി രൂപപ്പെടുകയും പല അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയുമെല്ലാം ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്.

വലിയ ഗര്‍ത്തങ്ങള്‍ പോലെ തകര്‍ന്ന റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്ന യുവാക്കളും മുന്നിലെ വലിയ കുഴിയില്‍ വീണു കിടക്കുന്ന ട്രക്കുമാണ് പ്രചരിക്കുന്ന ചിത്രം. മരുമകന്‍റെ പിആര്‍ തള്ള് ഭാഗം എട്ട്.. എന്ന തലക്കെട്ട് നല്‍കി ഇഷാക്ക് തണ്ടുപറക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 2,200ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ നേതാവായിരിക്കെ സിപിഎം സ്ഥാനാര്‍ത്ഥിയായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പൊതുമരാമത്ത്-ടൂറിസം  വകുപ്പ് മന്ത്രിയായ ചുമതലയേറ്റ മുഹമ്മദ് റിയാസ്, മുഖ്യമന്ത്രി പിണറായി വിജയന്‍റ് മരുമകന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ എതിരാളികള്‍ മരുമകന്‍ പ്രയോഗം ചേര്‍ത്ത് മുഹമ്മദ് റിയാസിനെ അക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്താറുണ്ട്. അതിനാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മന്ത്രിയായ ശേഷം കേരളത്തിലെ റോഡിന്‍റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുന്ന ചിത്രമാണിതെന്ന പേരിലാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്.

ഇതാണ് പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook PostArchived Link

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം കേരളത്തിലെ റോഡിന്‍റെ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും എഎഫ്‌പി 2019ല്‍ വസ്‌തുത അന്വേഷണം നടത്തിയ ഒരു ലേഖനമാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. പാക്കിസ്ഥാനിലെ പെഷ്‌വാര്‍ റിങ് റോഡിന്‍റെ ശോചനീയാവസ്ഥ എന്ന പേരില്‍ ഉറുദു ഭാഷയില്‍ പ്രചരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് എഎഫ്‌പി ഫാക്‌ട് ചെക്ക് ചെയ്തിരിക്കുന്നത്.

2019ല്‍ പ്രചരിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാന്‍ ആര്‍ക്കൈവ് ചെയ്ത ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എഎഫ്‌പി നടത്തിയ പരിശോധനയില്‍ ഈ ചിത്രം 2012ല്‍ ബ്ലോഗ്‌സ്പോട്ടില്‍ ക്യൂട്ട് പിക്‌ച്ചേഴ്‌സ് ഗാലറി അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതായത് 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രം മാത്രമാണിത്. Indian road in rainy season and funny accident എന്ന തലക്കെട്ട് നല്‍കിയാണ് ബ്ലോഗ്‌സ്പോട്ടില്‍ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അതെ സമയം ഇന്ത്യാടൈംസ് എന്ന മാധ്യമവും സമാനമായ മറ്റൊരു തലക്കെട്ടോടെ അവരുടെ വെബ്‌സൈറ്റില്‍ 2015ല്‍ ഇതെ ചിത്രം ഫോട്ടോ ഗ്യാലറിയില്‍ പങ്കുവെച്ചിട്ടുണ്ട്. No Road Left: When it rains in India, the roads get very damaged. But this road in Allahabad got damaged to the next level! എന്ന തലക്കെട്ട് നല്‍കിയാണ് ഇന്ത്യാടൈംസ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്രയും ശോചനീയാവസ്ഥയിലായ റോഡ് യഥാര്‍ത്ഥത്തില്‍ എവിടെയാണെന്നോ ചിത്രം ആര് പകര്‍ത്തിയതാണെന്നോ യാതൊരു ആധികാരിക വിവരങ്ങളുമില്ലായെന്നതാണ് വസ്‌തുത.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

2012ലെ ബ്ലോഗ്‌സ്പോട്ടിലെ ചിത്രം-

Blogspot 2012Archived Link

ഇന്ത്യാടൈംസ് തെറ്റായ തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഇതെ ചിത്രം-

IndiaTimes Photo Gallery

നിഗമനം

ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 2012 മുതല്‍ പ്രചരിക്കുന്ന  ചിത്രമാണിത്. എന്നാല്‍ ഈ സ്ഥലം എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും ഇത് കേരളത്തിലെ റോഡിന്‍റെ ചിത്രമല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്ഥാന്‍റെയും, യുപിയിലെ അലാഹാബാദിന്‍റെയും തുടങ്ങി നിരവധി സ്ഥലങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •