
വിവരണം
V C Karunan Nambiar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും “110 വർഷങ്ങൾക്കു മുൻപുള്ള 1906 ലെ പറശ്ശിനിക്കടവ് മുത്തപ്പന്റെ ഒരപൂർവ ചിത്രം” എന്ന അടിക്കുറിപ്പുമായി പറശ്ശിനിക്കടവ് മുത്തപ്പന്റെത് എന്ന പേരിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 2017 നവംബർ 18 ന് പ്രസിദ്ധീകരിച്ച പോസ്റ്റ് ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റിന് ഇതുവരെ 5100 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.
തോറ്റംപാട്ടിലൂടെയും വാമൊഴി പഴക്കങ്ങളിലൂടെയും തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് പകർന്ന് ഉറച്ച വിശ്വാസമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. മുത്തപ്പന്‍റെ ആരാധനയ്ക്ക് എത്ര വർഷത്തെ പഴക്കം അവകാശപ്പെടാനാകുമെന്ന് ഇപ്പോഴും ഔദ്യോഗിക സ്ഥിതീകരണമില്ല. എങ്കിലും ഈ ചിത്രം മുത്തപ്പന്റെത് തന്നെയാണോ..? നക്ക്ക് ചിത്രത്തിൻറെ വസ്തുത ഒന്ന് തിരഞ്ഞു നോക്കാം.
വസ്തുതാ പരിശോധന
ഞങ്ങൾ ഈ ചിത്രം yandex ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇതേച്ചിത്രം മറ്റൊരു വിവരണവുമായി ലഭിച്ചു.

ഏകദേശം 1890 കാലത്ത് മദ്രാസിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന വീൽ, ക്ളീൻ എന്ന ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രമാണിത്.ഈ ചിത്രത്തിന് അവകാശവാദവുമായി മറ്റാരും വന്നിട്ടില്ല. ഇന്ത്യ മുഴുവൻ ചിത്രങ്ങൾ എടുക്കാൻ നടക്കുന്ന വേളയിൽ ഇവർ കണ്ണൂരിലും വന്നതായി പറയപ്പെടുന്നു. ഈ ചിത്രം ആ സന്ദഭത്തിൽ എടുത്തതാവാണ് സാധ്യത.
archived link | wikimedia |
archived link | wellcomecollection |

മലേഷ്യയുമായി ബന്ധപ്പെട്ട് ഇതേ ചിത്രത്തിന് നിരവധി പ്രചാരം ലഭിച്ചിട്ടുണ്ട്. അവിടെയുള്ള ഗോത്ര മനുഷ്യരുടെ പരമ്പരാഗത വേഷം എന്നാണ് വിവരണം നൽകിയിട്ടുള്ളത്. എന്നാൽ ഇത് കേരളത്തിൽ മാത്രം കണ്ടു വരുന്നപരമ്പരാഗത തെയ്യക്കോലമാണ്. കാലിൽ പ്രത്യേകതരം ചിലമ്പണിയുന്ന രീതി മറ്റൊരു ദേശത്തിനുമില്ല. “മലയൻ ” എന്നാണ് ചിത്രത്തെ കുറിച്ച് വിവരണം നൽകാൻ ഇവർ ഉപയോഗിച്ചിരിക്കുന്നത്. അതാവാം ഇത്തരത്തിൽ പ്രചരിക്കാൻ കാരണം. ഒരുപക്ഷെ “മലയാളി” എന്നെഴുതിയത് മാറിപ്പോയതാവാം. ക്ഷുദ്രോച്ചാടനത്തിന്‍റെ വക്താക്കൾ എന്ന പേരിലാണ് അവർ പ്രസ്തുത ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ആയിരുന്നു ഇവരുടേതെന്ന് പറയപ്പെടുന്നു.വീൽ-ക്ളീൻ ഫോട്ടോഗ്രാഫർമാരുടെ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ചിത്രം 1909കാലഘട്ടത്തിൽ പകർത്തിയതാകാം എന്ന് അനുമാനിക്കാം.
അക്കാലത്തെ തമിഴ്‌നാട് , കേരളം എന്നീ സ്ഥലങ്ങളിൽ നിന്നുള്ള അപൂർവം ചിത്രങ്ങൾ ഇവരുടെ ശേഖരത്തിലുണ്ട്. വീൽ-ക്ളീൻ ഫോട്ടോഗ്രാഫർമാരെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.


archived link | thehindu |
ഇനി നമുക്ക് മുത്തപ്പന്റെ കാലഘട്ടം അന്വേഷിച്ചു നോക്കാം. മുത്തപ്പന്റെ കാലഗണനയെപ്പറ്റി കൃത്യമായ രേഖകളില്ല. പല സങ്കല്പങ്ങളിലൂടെയും തോട്ടംപാട്ടിലൂടെയും വായ്മൊഴികളിലൂടെയും അനുമാനിച്ചെടുത്ത ചില വിവരങ്ങൾ മാത്രമാണുള്ളത്.
മുത്തപ്പനെപ്പറ്റി കൂടുതലറിയാൻ ഇതേപ്പറ്റി ഗവേഷണം നടത്തുന്നവർ ആരൂഢ സ്ഥാനമായ കുന്നത്തൂർപാടിയിൽ സംഘടിപ്പിച്ച സെമിനാറിന്‍റെ സംഘാടകനായിരുന്ന അഭിഭാഷകനായ “വിനോദ് ചെമ്പട” യോട് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് “മുത്തപ്പൻ എന്ന ആരാധനാ സമ്പ്രദായം ഉരുത്തിരിഞ്ഞു വന്നത് ഏതാണ്ട് 5 -6 നൂറ്റാണ്ടിലായിരിക്കാം. മുത്തപ്പന്‍റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടിയിൽ ഇപ്പോഴും അമ്പലമില്ല. ഒരു ഗുഹയിൽ പനയോലകൾ വച്ച് താൽക്കാലികമായി മടപ്പുരയുണ്ടാക്കിയാണ് ചടങ്ങുകൾ നടത്തുന്നത്.
മുത്തപ്പന് തുടക്കത്തിൽ കൃത്യമായ രൂപം ഉണ്ടായിരുന്നില്ല. മരിച്ചു പോയവരെ അല്ലെങ്കിൽ കാരണവന്മാരെ പ്രതീകാത്മകമായി ആരാധിക്കുന്ന നിലയിൽ നിന്നാണ് ഇത്തരം ദേവതാ സങ്കല്പം ഉണ്ടായത്. വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ മുത്തപ്പൻ ആരാധന ഉണ്ടായിരുന്നു എന്ന് പറയാം. ചില ശിലകൾ ഇതിനു സമാനമായി കണ്ടു കിട്ടിയിട്ടുണ്ട്. അതുപോലെ ശൈവ ആരാധനയ്ക്ക് മുമ്പുതന്നെ മുത്തപ്പൻ സങ്കല്പം ഉണ്ട്. അതായത് ഏകദേശം AD 5 – 6 കാലത്ത്. അശോക ചക്രവർത്തിയുടെ കാലത്തും മുത്തപ്പൻ ആരാധന ശക്തമായി നിലനിന്നിരുന്നു എന്നതിന് സൂചനകൾ ഉണ്ട്. മുത്തപ്പന്‍റെ തോറ്റംപാട്ടുകളിൽ അക്കാലത്തെ ബുദ്ധമതത്തിന്റെ സ്വാധീനം പ്രകടമാണ്.മറ്റൊരു രസകരമായ കാര്യം മുത്തപ്പനെ പറ്റിയുള്ള യഥാർത്ഥ തോറ്റത്തിൽ പറശ്ശിനിക്കടവിനെപ്പറ്റി പരാമർശം പോലുമില്ല എന്നതാണ്. ഗോത്ര രീതിയിലുള്ള സങ്കൽപ്പമാണ് മുത്തപ്പൻ. കാലികമായ മാറ്റം തെയ്യം കിട്ടുന്നതിലും വന്നുചേർന്നിട്ടുണ്ട്. നായാടി തെയ്യം എന്ന സങ്കൽപ്പത്തിലുള്ള തെയ്യങ്ങൾക്ക് ഏതാണ്ട് ഒരേ രൂപമായിരിക്കും. അതിനാൽ തെറ്റിദ്ധരിക്കപ്പെട്ട് ഈ ചിത്രം മുത്തപ്പന്റെത് എന്ന പേരിൽ പോസ്റ്റ് ചെയ്തതായിരിക്കാം.”
കൂടാതെ പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്റുകളിൽ ഇത് മുത്തപ്പനല്ല മറ്റൊരു ദേവതയാണ് എന്ന കമന്റ് ലഭിച്ചിട്ടുണ്ട്.

മുത്തപ്പന്റെ തെയ്യത്തിന്റെ നിരവധി ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

നിഗമനം
ഈ ചിത്രം മുത്തപ്പന്റേതാണ് എന്ന് ഉറപ്പിക്കാൻ യാതൊരു തെളിവുകളുമില്ല.ഏകദേശം 5-6 നൂറ്റാണ്ടിൽ രൂപംകൊണ്ട ആരാധനാ സമ്പ്രദായമാണ് മുത്തപ്പൻ.തെയ്യക്കോലങ്ങളിലൂടെ മാത്രമാണ് മുത്തപ്പന് രൂപം ലഭിച്ചത്. 1900 കാലത്തുള്ള ഒരു തെയ്യത്തിന്റെ ചിത്രമാണിത് എന്ന് വ്യക്തമാണ്. എന്നാൽ മുത്തപ്പന്റേതാണ് എന്നതിന് യാതൊരു രേഖകളും പോസ്റ്റിൽ നൽകിയിട്ടില്ല. അന്വേഷണത്തിൽ ഞങ്ങൾക്ക് ലഭിച്ചിട്ടുമില്ല. അതിനാൽ പറശ്ശിനിക്കടവ് മുത്തപ്പന്‍റെ ചിത്രമാണിത് എന്ന പേരിൽ മാന്യ വായനക്കാർ ചിത്രം പ്രചരിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു.
ചിത്രങ്ങള്‍ കടപ്പാട്: Wiele & Klein

Title:ഈ ചിത്രം ശരിക്കും പറശ്ശിനിക്കടവ് മുത്തപ്പന്റേതു തന്നെയാണോ..?
Fact Check By: Deepa MResult: False
