
വിവരണം
അക്രമകാരികളെ തിരിച്ചറിയുക….
മുഖം മൂടി ധരിച്ച തീവ്രവാദികളോടൊപ്പം JNU ക്യാമ്പസിനകത്ത് അക്രമങ്ങൾ നേതൃത്വം കൊടുക്കുന്ന JNUSU പ്രസിഡണ്ട് ഐഷെ ഘോഷ്.. എന്ന തലക്കെട്ട് നല്‍കി ഒരേ പെൺകുട്ടിയെന്ന് തോന്നിക്കും വിധമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജെഎന്‍യു ക്യാംപസില്‍ ഞായര്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണെന്നതിന്‍റെ തെളിവാണ് ചിത്രമെന്നും ചിത്രത്തിലുള്ളത് ഐഷെയാണെന്നും ആരോപിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. റിജോ എബ്രഹാം ഇടുക്കി എന്ന പേരിലുള്ള ഒരു പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 105ല്‍ അധികം ഷെയറുകളും 105 ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook Post | Archived Link |
എന്നാല്‍ ചിത്രത്തില്‍ മുഖം തുണി കൊണ്ട് മറച്ച് കെട്ടിയിരിക്കുന്ന പെണ്‍കുട്ടി ഐഷെ ഘോഷാണോ? മുഖം മൂടിയില്ലാതെ താരതമ്യം ചെയ്തിരിക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആരോപണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ എസ്എഫ്ഐ ദേശീയ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ജെഎന്‍യുഎസ്‌യു പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷെ ഘോഷിന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് മയൂഖ് സ്ഥിരീകരിച്ചു. ഞായര്‍ രാത്രിയില്‍ ക്യാംപിസില്‍ നടന്ന അക്രമത്തില്‍ ഗുരുതരമായ പരുക്കകളോടെ ഐഷെ ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അക്രമിക്കപ്പെട്ട ഐഷെയുടെ തലയില്‍ പല സ്റ്റിച്ചുക്കളുണ്ടെന്നും എന്നിട്ടും ഇന്ന് ജെഎന്‍യു സമരത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ ഐഷെ ഘോഷ് പരുക്കുകളോടെ എത്തിയിരുന്നു എന്നും മയൂഖ് ബിശ്വാസ് വ്യക്തമാക്കി. ചിത്രത്തില്‍ പ്രചരിക്കുന്ന യഥാര്‍ത്ഥ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ പേരും വിവരവും ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും മയൂഖ് കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല പ്രചരിക്കുന്ന ചിത്രത്തിലെ പെണ്‍കുട്ടെയയും ഐഷെ ഘോഷിന്‍റെ ചിത്രവും താരതമ്യം ചെയ്താല്‍ തന്നെ രണ്ടും വ്യത്യസ്ഥമാണെന്ന് ആര്‍ക്കും തന്നെ കണ്ടെത്താന്‍ കഴിയുന്നതാണ്. യാതൊരു സാമ്യവുമില്ലാത്ത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തിയിരിക്കുന്നതെന്നും വ്യക്തം.
ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം കാണാം-

പരുക്കകളോടെ വിദ്യാര്‍ഥികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് ഐഷെ ഘോഷ് സംസാരിച്ചപ്പോള്‍-
വീഡിയോ കടപ്പാട് : The Quint
നിഗമനം
ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷെ ഘോഷിന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് എസ്എഫ്ഐ ദേശീയ ജനറല്‍ സെക്രട്ടറി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ക്യാംപസില്‍ നടന്ന അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരിന്നു ഐഷെ ഘോഷ്. കൂടാതെ ചിത്രങ്ങല്‍ തമ്മില്‍ നടത്തിയ താരതമ്യത്തിലും രണ്ട് ചിത്രങ്ങള്‍ തമ്മിലും യാതൊരു സാമ്യവും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ജെഎന്‍യു ക്യാംപസില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയത് ജെഎന്‍യുഎസ്‌യു പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണോ?
Fact Check By: Dewin CarlosResult: False
