
വിവരണം
വുഹാനിലെ ലാബിൽ നിന്ന് മറ്റൊരു വൈറസ് കൂടി ചോർന്നു, ചൈനയിൽ പുതിയ രോഗം വ്യാപിക്കുന്നു, ഇതുവരെ 6000 പേർക്ക് രോഗബാധ.. എന്ന തലക്കെട്ട് നല്‍കി ഒരു വാര്‍ത്ത കേരള കൗമുദി ദിനപത്രത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ് നല്‍കിയിരിക്കുന്നത്, വുഹാനിലെ ലാബില്‍ നിന്നും പുതിയ വൈറസായ ബ്രുസെല്ലോസിസ് ചൈനയില്‍ എമ്പാടും പടര്‍ന്നു പിടിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗം മാറാവ്യാധിയായി തുടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈന അനിമൽ ഹസ്ബൻഡറി ഇൻഡസ്ട്രിസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബയോഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഈ രോഗം ഉത്ഭവിച്ചതെന്ന് ലാൻഷോയു ആരോഗ്യ കമ്മിഷൻ പറഞ്ഞു. 55,725 പേരില്‍ പരിശോധന നടത്തിയതില്‍ 6,620 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേരള കൗമുദി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്തയ്ക്ക് ഇതുവരെ 282ല്‍ അധികം റിയാക്ഷനുകളും 136ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

കേരള കൗമുദി വാര്‍ത്ത-

എന്നാല്‍ വുഹാനില്‍ നിന്നും പുതുതായി ഇത്തരമൊരു വൈറസ് രോഗബാധ പടര്‍ന്നിട്ടുണ്ടോ? ബ്രുസെല്ലോസിസ് എന്നാല്‍ ഒരു വൈറസ് ബാധയാണോ? ഈ രോഗവസ്ഥയ്ക്ക് ചികിത്സയില്ലേ. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ വുഹാനില്‍ നിന്നും ബ്രുസെല്ലോസിസ് എന്ന വൈറസ് ചൈനയില്‍ പടര്‍ന്ന് പിടിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭ്യമാണോ എന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു വൈറസ് പടര്‍ന്നതായി യാതൊരു വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ബ്രുസെല്ലോസിസ് എന്ന ബാക്‌ടീരിയല്‍ ഇന്‍ഫെക്‌ഷന്‍ ചൈനയുടെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തതായി ചില വാര്‍ത്തകള്‍ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ ലഭിച്ചു. എന്നാല്‍ ഇത് കോവിഡ് പോലെ അപകടാരിയായ വാക്‌സിനേഷനും ചികിത്സയുമില്ലാത്ത രോഗമാണെന്ന യാതൊരു വിവരവും പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിച്ചില്ല.
രോഗത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ആലപ്പുഴയിലെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുതിര്‍ന്ന ഡോക്‌ടറായ സാബു സുഗതനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമാണ്-
ബ്രുസെല്ലോസിസ് ഇന്ത്യ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണ്ടുവരുന്ന സാധരണ ബാക്‌ടീരിയല്‍ ഇന്‍ഫെക്ഷന്‍ മാത്രമാണ്. സുണോടിക് അസുഖങ്ങളുടെ വിഭാഗത്തിലാണ് ബ്രുസെല്ലോസിസ് കണകാക്കുന്നത്. അതായത് വളര്‍ത്ത് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കാണ് ഇത് പകരുന്നത്. പശു, പട്ടി, പന്നി തുടങ്ങിയ മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഈ രോഗം ബാധിച്ചുള്ള മരണ നിരക്ക് കുറവാണ്. കൃത്യമായ ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായും ബേധമാകുകയും ചെയ്യും. പനി, ജോയിന്‍റുകള്‍ക്ക് വേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്തയിലെ വിവരങ്ങള്‍ തെറ്റാണെന്നും ബ്രുസെല്ലോസിസ് ഏറെ വര്‍ഷങ്ങള്‍ മുന്‍പ് തന്നെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണെന്നും ഇത്തരം തെറ്റായ വിവരങ്ങള്‍ വായിച്ച് ജനങ്ങള്‍ പരിഭ്രന്തരാകരുതെന്നും ഡോ. സാബു സുഗതന്‍ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ബ്രുസെല്ലോസിസിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമാണ്. ഇതില്‍ തന്നെ രോഗ ലക്ഷണവും ചികിത്സാരീതികളും വ്യക്തമാക്കുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആര്‍ട്ടിക്കിളിലെ പ്രസക്ത ഭാഗം-

നിഗമനം
ബ്രുസെല്ലോസിസ് എന്ന രോഗം വൈറസ് ബാധയല്ലെന്നും ഇതൊരു ബാക്‌ടീരിയല്‍ ഇന്‍ഫെക്ഷനില്‍ നിന്നും പകരുന്ന രോഗമാണെന്നും അന്വേഷണത്തില്‍ വ്യക്തമാക്കി. ഇത് ഏറെ വര്‍ഷങ്ങളായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചികിത്സരീതികള്‍ ലോകാരോഗ്യ സംഘടനയും ഔദ്യോഗികമായി വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വുഹാനില്‍ നിന്നും വീണ്ടും പുതിയ വൈറസ് ചോര്‍ന്നോ? എന്താണ് ഈ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ എന്ന് അറിയാം..
Fact Check By: Dewin CarlosResult: False
