FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്-

കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്

02-08-2021

തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പോലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ…

പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവകള്‍ പ്രവര്‍ത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ‌്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്നും പോലീസ് പറയുന്നു. കവര്‍ച്ചയ‌്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി.

പ്രത്യേകമൊരു താവളമില്ല

പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവര്‍ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് തമ്പടിക്കുക. അതിര്‍ത്തികളില്‍ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കുറുവാ കൊള്ളസംഘം കേരളത്തില്‍ എത്തിയിട്ടുണ്ടോ? പോലീസ് ഇതെ കുറിച്ച് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടോ? എന്താണ് സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ന് നോക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തിന്‍റെ അതിര്‍ത്തി കടന്ന് ഇവിടെ എത്തിയെന്നും പോലീസ് ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ പറഞ്ഞു എന്ന പേരിലുള്ള എല്ലാ പ്രചരണങ്ങളും വ്യാജമാണ്. സിസിടിവി ദൃശ്യങ്ങളില്‍ കുറുവാ സംഘം ആയുധവുമായി കാണപ്പെട്ടത് പാലക്കാട്-കോയമ്പത്തൂര്‍ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ അപ്പുറത്ത് അതായത് തമിഴ്‌നാട്ടിലെ മദുക്കരൈ എന്ന സ്ഥലത്താണ്. ഈ സംഭവത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല. ഇവര്‍ കേരളത്തിലേക്ക് കടന്നതായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇതെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് വ്യാജ വാര്‍ത്തയാണെന്നും ജനങ്ങല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാര്‍ അറിയിച്ചു.

സംസ്ഥാന പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്‌സ്ബുക്ക് പേജിലും ഇതെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പ്രചരണം വ്യാജമാണെന്നുള്ള പോലീസ് വിശദീകരണമാണ് പോസ്റ്ററിലുള്ളത്-

Facebook PostArchived Link

നിഗമനം

കുറുവ കൊള്ള സംഘം കേരളത്തിലേക്ക് എത്തി എന്ന പ്രചരണം വ്യാജമാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മദുക്കരൈ എന്ന സ്ഥലത്ത് കുറുവാ സംഘത്തിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് കേരളത്തിലേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Avatar

Title:കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •