
വിവരണം
കെഎംസിസിയെ കാത്തുനിൽക്കണ്ട നവോദയ തയ്യാറാണ് പ്രവാസിപക്ഷം ഇടത്പക്ഷംലാൽസലാം മൂരികളുടെ അണ്ണാക്കിലേക്ക് ഷെയർ ചെയ്യൂ സഖാക്കളെ.. എന്ന തലക്കെട്ട് നല്‍കി ജിദ്ദയില്‍ നിന്നും നവോദയ ചാര്‍ട്ട് ചെയ്യുന്ന സൗജന്യ 100 ജമ്പോ ജെറ്റ്, കണ്ണൂര്‍ ചുകപ്പന്‍ കോട്ടയിലേക്ക്.. ലോകം തല കുനിക്കും സഖാവിന് മുന്നില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്മനാഭന്‍ കണ്ണൂര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 118ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇടതുപക്ഷ പ്രവാസി സംഘടനയായ നവോദയ നാട്ടിലേക്ക് പ്രവാസികളെ എത്തിക്കാന്‍ നൂറ് ജമ്പോ ജറ്റ് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു എന്നത് സത്യമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇടതുപക്ഷ പ്രവാസി സംഘടനയായത് കൊണ്ട് തന്നെ നവോദയയുടെ പേരിലുള്ള പ്രചരണത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്-
പ്രവാസി ലോകത്ത് മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന സംഘടനയാണ് നവോദയ. എന്നാല്‍ കോവഡ് പശ്ചാത്തലത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് നവോദയയുടെ പ്രവര്‍ത്തനങ്ങള്‍. ദുരിതം അനുഭവിക്കുന്ന പ്രവാസകളുടെ വിവരങ്ങള്‍ സര്‍ക്കാരില്‍ കൃത്യമായി അറിയിക്കുന്നതിലും അവര്‍ക്ക് സഹായം എത്തിച്ച് നല്‍കുന്നതിലും നവോദയ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. എന്നാല്‍ നൂറ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് എത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. അത് നിലവിലെ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതുമല്ല. അതുകൊണ്ട് അത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്ന് തന്നെ വേണം കരുതാന്‍. നൂറ് വിമാനങ്ങള്‍ നവോദയ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് അയക്കുമെന്ന ഒരു അറിയിപ്പുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
കൂടാതെ നവോദയ, ചാര്‍ട്ടര്‍ വിമാനം എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെങ്കിലും പോസ്റ്റില്‍ പ്രചരിക്കുന്ന വിഷയത്തെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
നിഗമനം
ഇടതുപക്ഷ പ്രവാസി സംഘടനയായ നവോദയ നൂറ് വിമാനങ്ങള്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടര്‍ ചെയ്തു എന്ന പ്രചരണം വ്യാജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ വ്യക്തമാക്കി. അതുകൊണ്ട് തന്നെപോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:നവോദയ നൂറ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു എന്ന പ്രചരണം സത്യമോ?
Fact Check By: Dewin CarlosResult: False
