പണത്തിനോടുള്ള ആര്‍ത്തിയാണ് ഒരാളെ മാര്‍ക്‌സിസ്റ്റുകാരന്‍ ആക്കുന്നതെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം

വിവരണം

ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ഒരാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ജോയ് മാത്യുവിന്‍റെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്ന ആക്ഷേപങ്ങളും പലപ്പോഴും വിവാദമാകുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങളെ പുച്ഛിച്ച് ജോയ് മാത്യു നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയാണ്. പണത്തിനോടുള്ള ആര്‍ത്തിയും ജോലി ചെയ്ത് ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാര്‍ക്‌സിസ്റ്റ്കാരന്‍ ആക്കുന്നത് എന്ന് ജോയ് മാത്യു പറഞ്ഞു എന്ന പേരിലാണ് സമൂഹാമാധ്യമങ്ങളിലെ പ്രചരണം. കെഎംസിസി പയ്യന്നൂര്‍ മണ്ഡലം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്-

Facebook Post Archived Screenshot 

എന്നാല്‍ ജോയ് മാത്യു യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ജോയ് മാത്യു പലപ്പോഴും തന്‍റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു വിമര്‍ശനം മാര്‍ക്‌സിസ്റ്റുകാരെ കുറിച്ച് അദ്ദേഹം നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഞങ്ങള്‍ പരിശോധിച്ചു. അതെസമയം പ്രചരണവും ബന്ധപ്പെട്ട ജോയ് മാത്യുവിന്‍റെ ഒരു പ്രതികരണ കുറിപ്പാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ഫെബ്രുവരി 7ന് ജോയ് മാത്യു പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍ ഇപ്രകാരമാണ്-

അടുത്ത ദിവസങ്ങളിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റർ കണ്ടു. മാർക്സിസത്തെക്കുറിച്ചു ഞാൻ പറഞ്ഞതായി ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.മാർക്സിസം ഒരു ഫിലോസഫിയാണ്;ഒരു ജീവിത വീക്ഷണമാണത് .പ്രയോഗിക്കുന്ന കാര്യത്തിൽ പാളിച്ചകൾ പറ്റാം. പക്ഷേ അതിനേക്കാൾ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവിൽ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങൾക്ക് തോന്നിയത് പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവിൽ വേണ്ട.

ജോയ് മാത്യു പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook Post 

താന്‍ പറയാത്ത കാര്യമാണ് സമൂഹമാധ്യമങ്ങലിലൂടെ തന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നും തോന്നിയത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അത് തന്‍റെ ചെലവില്‍ വേണ്ടന്നുമാണ് കടുത്തഭാഷയിലുള്ള ജോയ് മാത്യുവിന്‍റെ പ്രതികരണം.

നിഗമനം

മാര്‍ക്‌സിസ്റ്റുകളെ കുറിച്ച് താന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്നത് താന്‍ പറയാത്ത കാര്യമാണെന്ന് ജോയ് മാത്യു തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പണത്തിനോടുള്ള ആര്‍ത്തിയാണ് ഒരാളെ മാര്‍ക്‌സിസ്റ്റുകാരന്‍ ആക്കുന്നതെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •