
വിവരണം
സ്‌പ്രിംക്ലറിന് ഇനി ഡേറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് കോടതി, സര്‍ക്കാരിന്‍റെ മറുപടി അപകടമെന്ന് കോടതി.. എന്ന പേരില്‍ സ്പ്രിംക്ലര്‍ വിവാദത്തെ കുറിച്ച് കോടതയില്‍ പരാമര്‍ശമുണ്ടായതായി ചൂണ്ടിക്കാണിച്ച് ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്പ്രിംക്ലര്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയില്‍ ഹര്‍ജി ഏപ്രില്‍ 21ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഐഎന്‍സി ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന സക്രീന്‍ഷോട്ടിലാണ് ഹര്‍ജി പരിഗണിച്ച കോടതി ഇനി ഡേറ്റ സ്പ്രിംക്ലറിന് കൈമാറരുതെന്ന ഉത്തവിറക്കിയതായി അവകാശവാദം ഉന്നയിക്കുന്നത്. പോസ്റ്റിന് ഇതുവരെ 946ല്‍ അധികം ഷെയറുകളും 618ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഹൈക്കോടതി കേസ് പരിഗണിച്ച ദിവസം തന്നെ സ്പ്രിoക്ലറുമായി ബന്ധപ്പെട്ട എടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇത്തരത്തിലൊരു ഉത്തരവിറക്കിയിട്ടുണ്ടോ? സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണോ ഹൈക്കോടതി ചെയ്തത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇന്ത്യയിലെ കോടതികളിലെ സുപ്രധാന വാദങ്ങളെയും വിധികളെയും അനുബന്ധമായ വിഷയങ്ങളെയും കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന ലൈവ് ലോ വെബ്‌സൈറ്റില്‍ നിന്നും സംസ്ഥാന ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. പ്രധാനമായും കോടതി വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവയാണ്-
സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. എന്നാൽ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. സ്പ്രിംക്ലർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാർ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.
കമ്പനിയുടെ കൈവശം വിവരങ്ങള്‍ സുരക്ഷിതമാണെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പ്രധാനപ്പെട്ട രേഖയാണ്. കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഓൺലൈനായാണ് കോടതി ഹർജി പരിഗണിച്ചത്. സ്പ്രിംക്ലർ കമ്പനിക്ക് വേണ്ടി ആരും ഹാജരായില്ല. വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ ഹൈക്കോടതി നിർദേശം നൽകി.
കൂടാതെ സര്‍ക്കാരിനെതിരെ നടത്തുന്ന പരാമര്‍ശങ്ങളല്ലിതെന്നും അതെ സമയം ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 24ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇതില്‍ എവിടെയും സപ്രിംക്ലരിന് ഡേറ്റ് കൈമാറുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായോ സര്‍ക്കാര്‍ സ്രിംക്ലര്‍ കരാറില്‍ അപാകത കണ്ടെത്തിയതായോ ഹൈക്കോടതി പരാമര്‍ശിച്ചിട്ടില്ല. കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ലൈവ് ലോ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട്-

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുകയല്ലെന്നും സംശയങ്ങള്‍ക്ക് മറുപടിയാണ് ആരായുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്ത പരാമര്‍ശം-

നിഗമനം
സ്പ്രിംക്ലറിന് ഡേറ്റ നല്‍കെരുതെന്ന യാതൊരു തരത്തിലുള്ള ഉത്തരവോ പരാമര്‍ശമോ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇടപാടിലെ സുതാര്യതയാണ് പ്രാധാന്യമെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് കോടതിയുടെ ഉത്തരവ്.

Title:സ്പ്രിംക്ലറിന് ഡേറ്റ കൈമാറ്റം ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടില്ല..
Fact Check By: Dewin CarlosResult: False
