ഇനി തൊഴിലാളികള്‍ക്ക് ദിവസക്കൂലിക്ക് പകരം മണിക്കൂറിന് കൂലി നല്‍കിയാല്‍ മതിയോ?

സാമൂഹികം

വിവരണം

മലപ്പുറത്ത് ലോക്ക്ഡൗണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു.. മുതലാളിക്കും തൊഴിലാളിക്കും ഗുണം.. കൂലി ഇനി മണിക്കൂറില്‍.. വിദഗ്‌ദ്ധ തൊഴിലാളി കൂലി (ആശാരിപ്പണി, കരിങ്കല്‍പ്പടവ്, ചെങ്കല്‍പ്പടവ്, തേപ്പ് ഇനങ്ങള്‍) മണിക്കൂറിന് 130 രൂപ. അവിദഗ്ദ്ധ തൊഴിലാളി കൂലി (കൈയ്യാള്‍, കൂലിപ്പണി, തോട്ടംപണി, കൈക്കോട്ട് പണി) മണികൂറിന് 100 രൂപ. ഇനി ദിവസക്കൂലി ഇല്ല കൂലി മണിക്കൂറിന്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് മുനീര്‍ കെ.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് 19ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 894ല്‍ അധികം ഷെയറുകളും 44ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ മലപ്പുറം ജില്ലയില്‍ ഇത്തരത്തില്‍ കൂലിയില്‍ പുനര്‍നിര്‍ണ്ണയം നടന്നിട്ടുണ്ടോ? ദിവസക്കൂലി എന്നത് മണിക്കൂറിനുള്ള കൂലിയായി നിശ്ചയിച്ചോ? ഇത്തരത്തിലൊരു ഉത്തരവ് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കൂലി വര്‍ദ്ധനവും കൂലി നല്‍കുന്നതിലെ പുനര്‍നിര്‍ണ്ണയവുമെല്ലാം ലേബര്‍ വകുപ്പിന്‍റെ തീരുമാനത്തില്‍ നടപ്പിലാക്കുന്ന നടപടികളാണ്. അതുകൊണ്ട് തന്നെ കൂലി പുനര്‍നിര്‍ണ്ണയം മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് അറിയാന്‍ സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റ് അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-

ഇത്തരത്തിലൊരു പുനര്‍നിര്‍ണ്ണയം കോവിഡ് പശ്ചാത്തലത്തിലൊ അല്ലാതെ നടപ്പിലാക്കിയിട്ടില്ല. ലേബര്‍ ഡീപ്പാര്‍ട്‌മെന്‍റ് നിശ്ചയിക്കാതെ ആര്‍ക്കും തന്നെ കൂലി നല്‍കുന്ന സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല. ദിവസക്കൂലി എന്നത് മുന്‍പ് നിശ്ചയിച്ചത് പോലെ തന്നെ നല്‍കേണ്ടതാണ്. മണികൂറിന് കൂലി നല്‍കുന്ന തരത്തിലുള്ള യാതൊരു തീരുമാനമോ നടപടിയോ ലേബര്‍ വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

നിഗമനം

മലപ്പുറം ജില്ലയില്‍ എന്നല്ല സംസ്ഥാനത്ത് എവിടെയും ദിവസക്കൂലിയില്‍ മാറ്റം വരുത്തി മണിക്കൂറിന് കൂലി നല്‍കുന്ന നടപടി സര്‍ക്കാരോ ലേബര്‍ വകുപ്പോ സ്വീകരിച്ചിട്ടില്ല. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ തന്നെ ഈ വിവരം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഇനി തൊഴിലാളികള്‍ക്ക് ദിവസക്കൂലിക്ക് പകരം മണിക്കൂറിന് കൂലി നല്‍കിയാല്‍ മതിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •