
വിവരണം
കുട്ടികള്‍ എല്ലാ തന്നെ ഓണ്‍ലൈനായി വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യത്തില്‍ ധാരാളം ദുരുപയോഗവും സ്മാര്‍ട്ട് ഫോണിലൂടെ കുട്ടികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന നിരവധി വാര്‍ത്തകള്‍ ഈ അടുത്തായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സംശയമുണര്‍ത്തുന്നുണ്ടെങ്കില്‍ കേരള പോലീസിനെ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അമിതമായ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗം, കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം, ദേഷ്യം, ഭക്ഷണത്തിനോട് താല്‍പര്യക്കുറവ്, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി എന്നിവ ശ്രദ്ധയില്‍പ്പെട്ടാന്‍ 9497900200 വിളിച്ച് പോലീസ് സൈബര്‍ വിഭാഗത്തെ അറിയിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാമിന്‍റെ അറിയിപ്പ് എന്ന തരത്തിലുള്ള ഒരു പോസ്റ്ററാണ് പ്രധാനമായും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഈ നമ്പറില്‍ വിളിച്ച് അറിയിച്ചാല്‍ നിങ്ങളുടെ കുട്ടിയുടെ ഓണ്‍ലൈന്‍ ഉപയോഗം പോലീസ് രഹസ്യമായി നിരീക്ഷിക്കുമെന്നുമാണ് ഇതോടൊപ്പമുള്ള അവകാശവാദം. ന്യൂസ് കേരള ഓണ്‍ലൈന്‍ എന്ന് പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ സി.കെ.നാസര്‍ കാഞ്ഞങ്ങാട് ലൈവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 18ല്‍ അധികം റിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കുട്ടികളില്‍ ഫോണിന്‍റെയും കമ്പ്യൂട്ടറിന്‍റെയും ദുരുപയോഗം നിരീക്ഷിക്കാന്‍ കേരള പോലീസ് സജ്ജമാക്കിയ പ്രത്യേക സംവിധാനമാണോ ഇത്? ഫോണ്‍ നമ്പറില്‍ രക്ഷകര്‍ത്താക്കള്‍ വിളിച്ച് അറിയിച്ചാല്‍ പോലീസ് കുട്ടികളെ രഹസ്യമായി നിരീക്ഷിക്കുമോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംസ്ഥാന പോലീസ് മീഡിയ സെന്‍ററിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്രചരിക്കുന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നാണ് പോലീസിന്‍റെ വിശദീകരണം. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതാണ് സംസ്ഥാന പോലീസ് മീഡിയ സെന്‍ററിന്‍റെ പോസ്റ്റ്-
എങ്കില്‍ പിന്നെ പ്രചരിക്കുന്ന 9497900200 എന്ന നമ്പര്‍ എന്തിനു വേണ്ടിയുള്ളതാണെന്ന് അറിയാന്‍ കേരള പോലീസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഈ നമ്പറുമായി ബന്ധപ്പെട്ട് കേരള പോലീസ് ആവിഷ്കരിച്ചിരിക്കുന്ന ടെലിസംവിധാനത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. ചിരി എന്ന പേരിലുള്ള ഹെല്‍പ്‌ലൈന്‍ സംവിധാനമാണ് ഇത്. കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം ആസക്തി, സ്വഭാവ ദൂഷ്യങ്ങള്‍, വിഷാദം, ആത്മഹത്യപ്രവണത, അക്രമ സ്വഭാവം തുടങ്ങിയവയ്ക്ക് മാറ്റം വരാന്‍ കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാനുള്ള കൗണ്‍സിലിങ് സെഷന്‍ നല്‍കുകയാണ് ചിരി ഹെല്‍പ്‌ലൈന്‍ നമ്പറിന്‍റെ സേവനം. ചൈല്‍ഡ് സൈക്കോളജിസ്റ്റിന്‍റെ സേവനവും ഈ നമ്പറിലൂടെ പോലീസ് നല്‍കുന്നുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
കേരള പോലീസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഗമനം
കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നുന്നുണ്ടെങ്കില്‍ അറിയിക്കാനുള്ള നമ്പര്‍ അല്ലയെന്നത് പോലീസിന്‍റെ വിശദീകരണത്തില്‍ നിന്നും തന്നെ വ്യക്തമാണ്. മാത്രമല്ല കൗണ്‍സിലിങും സൈക്കോളജിസ്റ്റിന്‍രെ സേവനവും ലഭ്യമാക്കാന്‍ പോലീസ് ആരംഭിച്ച ചിരി എന്ന ഹെല്‍പ്പ്‌ലൈന്‍ സംവിധാനമാണ് ഇത്. അതിനാല്‍ മറിച്ചുള്ള പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കുട്ടികളുടെ അമിത ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനായി കേരള പോലീസിനെ അറിയിക്കാനുള്ള നമ്പറാണോ ഇത്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
