നേപ്പാളിൽ മരിച്ചവരുടെ ശരീരങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെന്ന് വ്യാജപ്രചരണം

അന്തർദേശിയ൦ ദേശീയം

വിവരണം 

മുൻ ABVP പ്രവർത്തകനും, കുടുംബവും എന്ന് തന്നെ എടുത്ത് പറഞ്ഞു ആദരാഞ്ജലി അർപ്പിച്ച സംഘമിത്രങ്ങളെ.. നേപ്പാളിൽ മരണമടഞ്ഞ ആ 8 പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ചിലവ് വഹിക്കില്ലെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നത്.. കേരളം അഭ്യർഥിച്ചിട്ടും, മോദിജിയുടെ സർക്കാർ നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് ഓർഡർ കൊടുത്തില്ല..

ഒടുവിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ തന്നെ പറഞ്ഞു, ചിലവ് സംസ്ഥാന സർക്കാർ വഹിച്ചോളാം.. മൃതദേഹങ്ങൾ എത്രെയും വേഗം നാട്ടിൽ എത്തിക്കു എന്ന്..

ഡൽഹിയിൽ ഇരിക്കുന്ന സവർണ്ണ സംഘികൾക്ക് സംഘിയുടെ കുടുംബമോ എന്നൊന്നുമില്ല.. കേരളീയർ എന്നാൽ അവർക്ക് അറപ്പാണ് എന്നിപ്പോൾ വ്യക്തമായില്ലേ?”  എന്ന വിവരണത്തോടെ നൽകിയിരിക്കുന്ന ചിത്രത്തിൽ നേപ്പാളിൽ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചിലവ് വഹിക്കില്ലെന്നു മോഡി സർക്കാർ. ആർഎസ്എസ് പ്രവർത്തകന്റെ കുടുംബം എന്ന് പറഞ്ഞ് ആദരാഞ്ജലി അർപ്പിച്ച സംഘികൾ ഒക്കെ എവിടെ..? കേന്ദ്ര സഹമന്ത്രി മുരളീധരൻ എവിടെ..? ആരുമില്ലേ ആ കുടുംബത്തെ സഹായിക്കാൻ..? ഭയപ്പെടേണ്ട. ആ ചിലവ് കേരള സർക്കാർ വഹിക്കും..

archived linkFB post

Hate Rss Bjp എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ലഭിച്ച ഒരു പോസ്റ്റാണിത്. 

നേപ്പാളിലേയ്ക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ടു കുടുംബം  മുഴുവൻ റൂം ഹീറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ദാരുണമായി മരിച്ച വാർത്ത നാം വാർത്താ  മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നടത്തുന്നുണ്ട് എന്നും മാധ്യമ വാർത്തകൾ വന്നിരുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിന്ന് പിന്മാറിയോ..? ചെലവ് വഹിക്കില്ല എന്ന് അറിയിച്ചോ…? പകരം സംസ്ഥാന സർക്കാരാണോ ഇതിന്‍റെ ചെലവ് വഹിക്കുന്നത്..? നമുക്ക് വാർത്തയുടെ യാഥാർഥ്യം എന്താണെന്ന് നോക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിലെ വാർത്ത തെറ്റാണ് എന്നാണ്  ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. എങ്ങനെയാണ് എന്ന് വിവരിക്കാം 

വാർത്തയുടെ യാഥാർഥ്യം അറിയാനായി ഞങ്ങൾ ആദ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അവിടുത്തെ ഉദ്യോഗസ്ഥയും മലയാളിയുമായ ലതിക ഞങ്ങളോട് പറഞ്ഞത് മന്ത്രാലയം നേപ്പാൾ എംബസിയിയുമായി ബന്ധപ്പെട്ട് മരിച്ചവരുടെ ശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ്. ഇതിന്‍റെ ചെലവ് സംസ്ഥാന സർക്കാർ നേരിട്ടല്ല, നോർക്കയാണ് വഹിക്കുക എന്ന് ലതിക വ്യക്തമാക്കി. തുടർന്ന് ഞങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ പേഴ്സണൽ സ്റ്റാഫ് സോഹൻലാലുമായി സംസാരിച്ചു. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ : കേന്ദ്ര സർക്കാർ ചെലവ് വഹിക്കില്ല, അതിനു തയ്യാറല്ല എന്നതൊക്കെ വെറും വ്യാജപ്രചരണമാണ്. ഇവിടെ നിന്ന് നേപ്പാൾ എംബസിയിലേയ്ക്ക് എല്ലാ നടപടികളും  വേണ്ടപോലെ വേഗത്തിൽ പൂർത്തിയാക്കണമെന്ന് രേഖാമൂലം നിർദ്ദേശിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം കേന്ദ്ര സർക്കാരാണ് പൂർത്തിയാക്കിയത്.  മന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ മുൻകൈയ്യെടുത്തിരുന്നു. ആരാണ് ചെലവ് വഹിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കവും വന്നിട്ടില്ല. നോർക്ക റൂട്ട്സ് ആണ് ചെലവ് വഹിക്കുക എന്ന് മുമ്പേ തന്നെ ധാരണ ആയിട്ടുണ്ടായിരുന്നു.”

തുടർന്ന് ഞങ്ങൾ നോർക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയുടെ സംസാരിച്ചു. മരിച്ചവരുടെ ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നത് നോർക്ക റൂട്ട്സ്  ആണെന്ന് അദ്ദേഹം വ്യക്തമാക്കി. 

വി മുരളീധരന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത്തു സംബന്ധിച്ച് അദ്ദേഹം പ്രസിദ്ധീകരിച്ച പോസ്റ്റു താഴെ കൊടുക്കുന്നു: 

archived linkFacebook

മാത്രമമല്ല ഇതേപ്പറ്റി മാധ്യമ വാർത്തകളുണ്ട്.

മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത: 

നേപ്പാളിൽ മരിച്ചവരുടെ ശരീരങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി  കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ചാണ് മുന്നിട്ടിറങ്ങിയത് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും അറിയാൻ കഴിയുന്നത്. കേന്ദ്ര സർക്കാർ ചെലവ് വഹിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നല്ല  നോർക്ക റൂട്ട്സ് ചെലവ് വഹിച്ചത്. ഇക്കാര്യത്തിൽ നേരത്തെ തന്നെ സർക്കാർ തലത്തിൽ ധാരണയിലെത്തിയിരുന്നു.

നിഗമനം 

നേപ്പാളിൽ മരിച്ച മലയാളികളുടെ ശരീരങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. കേന്ദ്ര സർക്കാർ ചെലവ് വഹിക്കാത്തതിനെ തുടർന്നല്ല, സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ്  ഇതിന്‍റെ ചെലവ് വഹിക്കുമെന്ന് നേരത്തെ തന്നെ ധാരണയായിട്ടുണ്ടായിരുന്നു 

Avatar

Title:നേപ്പാളിൽ മരിച്ചവരുടെ ശരീരങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെന്ന് വ്യാജപ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •