വീണാ ജോർജിന്‍റെ ഉറ്റ തോഴിയാണോ തൃപ്തി ദേശായി …?

രാഷ്ട്രീയം

വിവരണം

Hari Pillai എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഏപ്രിൽ 10  മുതൽ പ്രചരിപ്പിച്ചു വരുന്ന പോസ്റ്റിന് ഇതിനോടകം 6700 ഷെയറുകളായിട്ടുണ്ട്. പത്തനംതിട്ടക്കാർ ഈ പടം മറക്കരുത് എന്ന വാചകത്തോടൊപ്പം പ്രചരിപ്പിക്കുന്ന പോസ്റ്റിൽ “വീണജോർജിനേയും മല കയറാൻ വന്ന ഉറ്റ തോഴി തൃപ്തി ദേശായിയെയും മറക്കാൻ പാടില്ല അയ്യപ്പ ഭക്തർ.. ഞങ്ങളുടെ വിശാസങ്ങളെ തകർക്കാൻ നോക്കിയ ഈ മുഖങ്ങൾ ഞങ്ങൾ വെറുക്കുന്നു..”ഈ വിവരണവും നല്കിയിട്ടുണ്ട്. വീണാജോർജിന്‍റെ തോഴിയാണ് തൃപ്തി ദേശായി എന്നാണ് പോസ്റ്റിലെ പ്രചരണം. വീണാ ജോർജ് നിലവിൽ ആറന്മുള  എംഎൽഎ യും ലോക് സഭാ  തെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമാണ്. ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് നിരവധി തവണ പ്രഖ്യാപനം നടത്തി വാർത്തകളിൽ നിറഞ്ഞ തൃപ്തി ദേശായി നമുക്കെല്ലാം സുപരിചിതയാണ്. വീണാ ജോർജ്   തൃപ്തി ദേശായിയുമായി  സൗഹൃദം പങ്കിടുന്ന ചിത്രമാണോ ഇത്… നമുക്ക് ചിത്രത്തിന്‍റെ വസ്തുത പരിശോധിച്ച് നോക്കാം

archived link FB post

വസ്തുതാ പരിശോധന

ഞങ്ങൾ ഈ ചിത്രം google reverse image  ഉപയോഗിച്ച് പരിശോധിച്ചു. പക്ഷേ ചിത്രത്തിന്‍റെ ഉറവിടത്തെക്കുറിച്ച്  സൂചനകളും ലഭിച്ചില്ല.  പിന്നീട് ഫേസ്‌ബുക്കിൽ തന്നെ തിരഞ്ഞു.  ഈ ചിത്രവുമായി യോജിക്കുന്ന ഒരു വീഡിയോ ലഭ്യമായി.  അത് താഴെ നൽകുന്നു

archived link

“ആദർശ് യുവ വിധായക്  സമ്മാൻ  അവാർഡ് ലഭിച്ച വീണാ ജോർജ് എംഎൽഎ യ്ക്ക് അഭിനന്ദനങ്ങൾ” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനായി ഞങ്ങൾ യൂട്യൂബ് പരിശോധിച്ചു.എന്നാൽ യാതൊരു വാർത്തകളും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചില്ല. 2019 ജനുവരി 19 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. ആദർശ് യുവ സാമാജിക് പുരസ്കാരത്തിന് വീണാ ജോർജ് അർഹയായി എന്നതാണ് വാർത്ത. ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ ഡോ .രാജീവ് ബിൻ ഡാലാണ് പുരസ്ക്കാരം സമ്മാനിച്ചതെന്ന് വാർത്തയിൽ വിവരണമുണ്ട്. കേന്ദ്ര യുവജന ക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്പോർട്ട്സ് യുവജന ക്ഷേമ വകുപ്പിന്റെയും യുനെസ്‌കോയുടെ സഹായത്തോടെ പൂനയിൽ നടന്ന യുവജനങ്ങളുടെ പാർലമെന്റിലാണ് പുരസ്കാരം നൽകിയത്.

archived link
keralakaumudi
archived link
dailyhunt

ഇതേ വാർത്ത dailyhunt ഇതേ ദിവസം തന്നെ പ്രസിദ്ധീകരിച്ചിരുന്നു.10000 യുവജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ തൃപ്തി ദേശായിയും അതിഥിയായിരുന്നു. ആ സന്ദർഭത്തിലെടുത്ത ചിത്രമാണിത്. ഇത് സംബന്ധിച്ച വാർത്തകൾ ഫേസ്ബുക്കിലാണ് കൂടുതലും കാണാൻ സാധിക്കുന്നത്. മറ്റൊരു വീഡിയോ താഴെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക.

archived link

വീഡിയോയിൽ തൃപ്തി ദേശായി വേദിയിൽ നിൽക്കുന്നത് വ്യക്തമായി കാണാം.

ഫേസ്‌ബുക്കിൽ നിരവധി പ്രൊഫൈലുകളിൽ നിന്ന് തെറ്റിധാരണ പരത്തുന്ന രീതിയിൽ ഇതേ ചിത്രവും വീഡിയോയും  പോസ്റ്റു  ചെയ്തിട്ടുണ്ട്. മറ്റുചില പ്രൊഫൈലുകളിൽ നിന്ന് യഥാർത്ഥ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു.

പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് വീണ ജോർജ് തൃപ്തി ദേശായിയുടെ കൂടെ   ഇരിക്കുന്ന ചിത്രം വെറും വ്യാജ പ്രചരണങ്ങൾക്കായി ഉപയോഗിക്കുകയാണ് എന്നാണ്‌.

നിഗമനം

ഈ ചിത്രം വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്. വീണ ജോർജ് മികച്ച സാമാജികർക്കുള്ള പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ വേദിയിലുണ്ടായിരുന്ന തൃപ്തി ദേശായിയുമായി ഇരിക്കുന്ന ചിത്രമാണിത്. ഇവർ തമ്മിൽ രാഷ്ട്രീയപരമായി സഖ്യത്തിലാണെന്നു വരുത്തിത്തീർക്കുന്ന വിവരങ്ങളുമായി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റാണിത്.

ചിത്രങ്ങൾ കടപ്പാട് ഫേസ്‌ബുക്ക്

Avatar

Title:വീണാ ജോർജിന്‍റെ ഉറ്റ തോഴിയാണോ തൃപ്തി ദേശായി …?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •